പമ്പയില്‍ അയ്യപ്പഭക്തരെ തടഞ്ഞു; നിലയ്ക്കലില്‍ വാഹനങ്ങള്‍ പിടിച്ചിട്ടു

Tuesday 22 December 2015 11:46 pm IST

ശബരിമല: സന്നിധാനത്ത് വന്‍ ഭക്തജനപ്രവാഹം. തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പമ്പയിലും തീര്‍ത്ഥാടനപാതയില്‍ പലയിടത്തും ഭക്തരെ കയര്‍കെട്ടി തടഞ്ഞു. ദര്‍ശനത്തിനായി 16 മണിക്കൂറോളം തീര്‍ത്ഥാടകര്‍ക്ക് ക്യൂനില്‍ക്കേണ്ടിവന്നു. പോലീസുകാരുടെ നിസ്സംഗതയും പരിചയമില്ലായ്മയും തിരക്ക് നിയന്ത്രിക്കുന്നത് സങ്കീര്‍ണ്ണമാക്കി.  തിരക്ക് വര്‍ദ്ധിക്കുന്നിടത്ത് ഇടപെടാതെ പോലീസ് നിസ്സംഗരായി നിന്നത് തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്ക് പരിക്കേല്‍ക്കാനിടയായതായി ആക്ഷേപമുണ്ട്. മണ്ഡലക്കാലം അവസാനിക്കാന്‍ വിരലിലെണ്ണാവുന്ന ദിവസം മാത്രം ബാക്കിനില്‍ക്കെ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുമെന്ന് മുന്‍കൂട്ടി അറിയാമായിരിന്നിട്ടും മതിയായ പോലീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഭക്തര്‍ പരാതിപ്പെടുന്നു. പത്തും പതിനാറും മണിക്കൂര്‍ ക്യൂവില്‍ നില്‍ക്കുന്ന തീര്‍ത്ഥാടകര്‍ മതിയായ ഭക്ഷണവും വെള്ളവും ലഭിക്കാതെ തളര്‍ന്നുവീഴുന്നതായും ആക്ഷേപമുണ്ട്. അഭൂതപൂര്‍വ്വമായ തിരക്ക് കണക്കിലെടുത്ത് ദര്‍ശനം കഴിഞ്ഞെത്തുന്ന ഭക്തരെ സന്നിധാനത്ത് വിരിവയ്ക്കാന്‍ സമ്മതിക്കാതെ ഉടന്‍തന്നെ നടപ്പന്തലിലെ ഫ്‌ളൈയോവര്‍ വഴിയും, ശരണസേതു (ബെയ്‌ലിപാലം) വഴിയും പമ്പയിലേക്ക് തിരിച്ചയയ്ക്കുന്നുണ്ട്. ശബരിമലയില്‍ ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചതോടെ പമ്പയിലേക്ക് വരുന്ന ചെറുതും വലുതുമായ വാഹനങ്ങളെ നിലയ്ക്കലില്‍ തടഞ്ഞുനിര്‍ത്തി. തീര്‍ത്ഥാടകരെ അവിടെ നിന്നും കെഎസ്ആര്‍ടിസി ബസ്സുകളില്‍ പമ്പയിലെത്തിക്കാനുള്ള ശ്രമം വിവാദമായി. നിലയ്ക്കലില്‍ നിന്നും പമ്പയില്‍വരെ കെഎസ്ആര്‍ടിസി അമിതചാര്‍ജ്ജ് ഈടാക്കുകയാണെന്നും തീര്‍ത്ഥാടകര്‍ക്ക് പരാതിയുണ്ട്. നിലയ്ക്കലില്‍ വാഹനങ്ങള്‍ തടഞ്ഞതോടെ വാഹനങ്ങളുടെ നീണ്ടനിര മണ്ണാരകുളഞ്ഞി -ചാലക്കയം റോഡില്‍ കിലോമീറ്ററുകള്‍ നീണ്ടു. കൊടുംകാട്ടില്‍ വാഹനങ്ങളിലകപ്പെട്ട ഭക്തരും പ്രതിഷേധമുയര്‍ത്തി. അതേസമയം, ചില പോലീസ് ഉദ്യോഗസ്ഥരുടെ പരിചിതരുടെയും ബന്ധുക്കളെയും വാഹനങ്ങള്‍ കടത്തിവിട്ടതും പ്രതിഷേധത്തിന് ആക്കംകൂട്ടി. ഇത് ചൂണ്ടികാട്ടിയാണ് വാക്കുതര്‍ക്കവും സംഘര്‍ഷാവസ്ഥയും ഉണ്ടായത്. വന്‍തോതില്‍ വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് എത്തിയതോടെ ഇവിടെയും രൂക്ഷമായ ഗതാഗത കുരുക്കുണ്ടായി. പമ്പയില്‍ ഗതാഗത സ്തംഭനമുണ്ടാകുന്ന തരത്തില്‍ നിര്‍ത്തി ആളെയിറക്കുന്നു എന്നാണ് വാഹനം തടയുന്നതിന് പോലീസ് പറയുന്ന ന്യായം. എന്നാല്‍, പമ്പയിലും പരിസരങ്ങളിലും റോഡിന്റെ ഒരുവശത്ത് മുഴുവന്‍ പോലീസ് വാഹനങ്ങളാണ് പാര്‍ക്ക് ചെയ്തിട്ടുള്ളത്. ഇവ മറ്റെവിടേക്കെങ്കിലും മാറ്റിയാല്‍ തന്നെ ഗതാഗതക്കുരുക്ക് പകുതിയിലേറെ കുറയും. പമ്പയിലേക്ക് വരുന്ന തീര്‍ത്ഥാടകരുടെ വാഹനം തടയാന്‍ ആരും നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി ശിവകുമാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച മുതല്‍ ഇത്തരമൊരു പ്രശ്‌നമുണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനല്‍കിയിരുന്നതാണ്. ചില പോലീസുദ്യോഗസ്ഥര്‍ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനം അംഗീകരിക്കാന്‍ ആകില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, മന്ത്രിയുടെ വാക്കിന് പുല്ലുവില പോലും കല്‍പ്പിക്കാതെയാണ് പോലീസുകാര്‍ വീണ്ടും വാഹനങ്ങള്‍ തടയുന്നത്. പ്രതിഷേധം ശക്തമായതോടെ തീര്‍ത്ഥാടകര്‍ നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ തടഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.