പശ്ചിമഘട്ട സംരക്ഷണം; വിജ്ഞാപനത്തിന് തടസം കേരള സര്‍ക്കാര്‍: കേന്ദ്രം

Wednesday 23 December 2015 12:22 am IST

ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തടസം കേരളസര്‍ക്കാരിന്റെ നിലപാടാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേരള സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും ഇതു പരിഹരിക്കാതെ അന്തിമ വിജ്ഞാപനം പുറത്തിറക്കാനാവില്ലെന്നും കേന്ദ്രവനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചു. ഇടകലര്‍ന്ന ഇ.എസ്.എയും (പരിസ്ഥിതി ലോല പ്രദേശം) ഭാഗിക ഇ.എസ്.എയും എന്ന കേരളത്തിന്റെ നിലപാട് ഇ.എസ്.എയുടെ നിര്‍വ്വചനത്തിനും ആശയത്തിനും കടകവിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാരുടെ പ്രതിനിധിസംഘത്തെ അറിയിച്ചു. ജനവാസ കേന്ദ്രങ്ങള്‍ക്കിടയിലുള്ള ചതുപ്പും തരിശും പാറയും റോഡും തോടും പുഴയും ഇ.എസ്.എ ആയി അംഗീകരിക്കാന്‍ കഴിയില്ലെന്ന കേരളത്തിന്റെ നിലപാടിനോടും യോജിക്കാനാവില്ല. ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ കേരളം നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. സമാനമായ പിഴവുകള്‍ മറ്റു ചില സംസ്ഥാനങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടിലും നിലനില്‍ക്കുന്നുണ്ടെന്നും വനം-പരിസ്ഥിതി മന്ത്രി അറിയിച്ചു. കൃഷിക്കാര്‍ക്ക് ഒരു ദോഷവും വരാത്ത രീതിയില്‍ മാത്രമെ റിപ്പോര്‍ട്ട് നടപ്പാക്കൂ എന്ന് ഉറപ്പു നല്‍കിയ കേന്ദ്രമന്ത്രി ഇക്കാര്യത്തില്‍  കൂടുതല്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും അറിയിച്ചു. ഫെബ്രുവരിയില്‍ അടുത്ത ലോക്‌സഭാ സമ്മേളനം നടക്കുന്ന സമയത്ത് പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. നാലു ദിവസത്തെ സമഗ്രമായ ചര്‍ച്ചയാണ് ആലോചിക്കുന്നത്. കേരളത്തിന്റെ റിപ്പോര്‍ട്ടില്‍ തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കിലും എം.പി മാര്‍ ചൂണ്ടിക്കാണിച്ച നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് സാധ്യമായ എല്ലാ കൂടിയാലോചനകളും നടത്തിയ ശേഷമേ അന്തിമ റിപ്പോര്‍ട്ടു നടപ്പാക്കൂ എന്നും കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. കൃഷിയിടങ്ങളും തോട്ടങ്ങളും ജനവാസ കേന്ദ്രങ്ങളും പൂര്‍ണ്ണമായും ഇ.എസ്.എയുടെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ്, പി.കരുണാകരന്‍, പി.കെ.ശ്രീമതി, എം.ബി.രാജേഷ്, പി.കെ. ബിജു എന്നിവരാണ് മന്ത്രിയുമായി ചര്‍ച്ചനടത്തിയത്. എം.പിമാര്‍ ഉന്നയിച്ച മുഴുവന്‍ നിര്‍ദ്ദേശങ്ങളും പരിഗണിച്ച് വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന വിധത്തെക്കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് ജാവ്‌ദേക്കര്‍ ഉറപ്പ് നല്‍കിയെന്ന് എംപിമാര്‍ പറഞ്ഞു. പരിസ്ഥിതി ലോല മേഖലകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയമെന്ന കേരളത്തിന്റെ ആവശ്യം അപ്രായോഗികമാണെന്ന് യുപിഎ സര്‍ക്കാരിന്റെ കാലത്തു തന്നെ വനം-പരിസ്ഥിതി മന്ത്രാലയം കേരള സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് നിലപാട് പുനപ്പരിശോധിച്ച് കേരളമുള്‍പ്പെടെയുള്ള സര്‍ക്കാരുകളോട് പുതിയ റിപ്പോര്‍ട്ട് തേടിയത്. ഇതില്‍ ഇ.എസ്.എ വില്ലേജുകളുടെ പുനര്‍ ക്രമീകരണം സംബന്ധിച്ച് കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വനം-പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ വാക്കുകള്‍ നല്‍കുന്ന സൂചന. പുതിയ കരട് വിജ്ഞാപനം സപ്തംബറില്‍ പുറത്തിറക്കിയെങ്കിലും അന്തിമ വിജ്ഞാപനത്തിന് ഇനിയും കാലതാമസം വരുമെന്ന് ഇതോടെ ഉറപ്പായി. കരട് വിജ്ഞാപനം ഇങ്ങനെ ന്യൂദല്‍ഹി: 2014 മാര്‍ച്ച് 10ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ അതേപടി നിലനിര്‍ത്തിയാണ് 2015 സപ്തംബര്‍ 10ന് കേന്ദ്രസര്‍ക്കാര്‍ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയത്. ഖനനം, ക്വാറി,സോ മില്ലുകള്‍,മാലിന്യമുണ്ടാക്കുന്ന വ്യവസായശാലകള്‍, വ്യാവസായികാടിസ്ഥാനത്തിലുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഉയര്‍ന്ന വൈദ്യുത പ്രസരണ ലൈനുകള്‍, മൊബൈല്‍ ടവറുകള്‍ എന്നിവയ്ക്കുള്ള നിരോധനം തുടരുമെന്നും കാര്‍ഷിക പ്രവൃത്തികള്‍ക്ക് നിരോധനമുണ്ടാകില്ലെന്നും കരടില്‍ പറയുന്നു. എന്നാല്‍ റോഡ് വീതികൂട്ടല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകും. പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതിലോല മേഖലയില്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും വസ്തു വില്‍പ്പനയ്ക്കും തടസ്സമില്ലെന്ന് 1986ലെ വനം സംരക്ഷണ നിയമത്തിലെ അമ്പതാം വകുപ്പ് പ്രകാരമിറക്കിയ കരടില്‍ പറയുന്നു. പുഴകളില്‍ നിന്നുള്ള മണലെടുപ്പ്, താപവൈദ്യുത നിലയങ്ങള്‍, 20,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍, ഒന്നരലക്ഷം ചതുരശ്ര അടിയില്‍ കൂടുതലുള്ള ടൗണ്‍ഷിപ്പുകള്‍, മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ എന്നിവ പശ്ചിമഘട്ട മേഖലയില്‍ അനുവദിക്കില്ല. ഇ.എസ്.എ സംബന്ധിച്ച ഭിന്നത മാത്രമാണ് നിലവിലെ പ്രശ്‌നം. മറ്റു വിലക്കുകള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.