തലശ്ശേരിയില്‍ സിപിഎം കേന്ദ്രത്തില്‍ നിന്ന് ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെടുത്തു

Wednesday 23 December 2015 8:36 pm IST

തലശ്ശേരി: തലശ്ശേരി പൊന്ന്യത്ത് സിപിഎം കേന്ദ്രത്തില്‍ നിന്ന് ഉഗ്രശേഷിയുള്ള ബോംബ് കണ്ടെടുത്തു. പൊന്ന്യം യുപി സ്‌കൂളിനടുത്തുള്ള പറമ്പില്‍ നിന്നാണ് ആയുധങ്ങളും ബോംബും കണ്ടെടുത്തത്. തൊഴിലാളികള്‍ പറമ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കേ ആയുധങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ആയുധങ്ങള്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. രണ്ട് സ്റ്റീല്‍ ബോംബ്, ഒരു സോഡാക്കുപ്പി ബോംബ്, രണ്ട് മഴു, ഒരു കൊടുവാള്‍ എന്നിവയാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ധര്‍മ്മടം സ്വാമിക്കുന്ന് വട്ടക്കല്ലില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ സജീവന്‍ എന്നയാള്‍ ബോംബ് സ്‌ഫോടനത്തില്‍ മരണപ്പെട്ടിരുന്നു. സിപിഎമ്മുകാര്‍ സൂക്ഷിച്ച ബോംബ് പൊട്ടിയായിരുന്നു അപകടം. സ്‌ഫോടനവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് സിപിഎം ക്രിമിനലുകളുടെ താവളമായ പൊന്ന്യത്ത് നിന്നും പോലീസ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ സിപിഎം വ്യാപകമായി ആയുധങ്ങള്‍ ശേഖരിച്ചതായി നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു. പാനൂരിനടുത്ത് ചെറ്റക്കണ്ടിയില്‍ സിപിഎം ക്രിമിനല്‍ സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ നിരവധി സിപിഎമ്മുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോംബ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകയായ ഒരു വനിതയും അറസ്റ്റിലായിരുന്നു. സ്ത്രീകള്‍ക്ക് ബോംബ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് ഇവര്‍ സ്ഥലത്തെത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ സപ്തംബറില്‍ സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കൂത്തുപറമ്പ് പഴയനിരത്ത് എന്ന സ്ഥലത്തിനടുത്ത് നിന്ന് പോലീസ് വന്‍ ആയുധ ശേഖരം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പിണറായി വിജയന്റെ സന്തതസഹചാരിയും ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററുമായ പി.എം.മനോജിന്റെ സഹോദരന്‍ പി.എം.മനോരാജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലക്കേസുള്‍പ്പടെ നിരവധിക്കേസുകളില്‍ പ്രതിയായ മനോരാജ് ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. സിപിഎം കേന്ദ്രങ്ങളില്‍ ഇനിയും ആയുധ ശേഖരങ്ങള്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.