ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്ത ഏരിയ കമ്മറ്റിയംഗങ്ങളെ പുറത്താക്കി

Wednesday 23 December 2015 9:13 pm IST

ചെങ്ങന്നൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനിടെ സിപിഎം ചെങ്ങന്നൂര്‍ ഏരിയാ കമ്മറ്റി യോഗത്തില്‍ വാക്കേറ്റവും പൊട്ടിത്തെറിയും. ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുവദിക്കാത്ത സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാടിനെ ചോദ്യം ചെയ്ത രണ്ട് ഏരിയ കമ്മറ്റിയംഗങ്ങളെ പുറത്താക്കി. ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ ആയിരത്തോളം പേര്‍ പാര്‍ട്ടി വിടുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സിപിഎം ചെങ്ങന്നൂര്‍ ഏരിയാ കമ്മറ്റി അംഗവുമായ ജെ.അജയന്‍, സിപിഎം മുളക്കുഴ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും ഏരിയാ കമ്മറ്റി അംഗവുമായ അഡ്വ. റഞ്ചി ചെറിയാന്‍ എന്നിവരെയാണ് പുറത്താക്കിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് പഞ്ചായത്ത് കമ്മറ്റിയുമായി ബന്ധപ്പെട്ട നിരവധി അഴിമതി ആരോപണങ്ങള്‍ പുറത്തു കൊണ്ടുവന്നത് റഞ്ചി ചെറിയാന്‍ ആണെന്ന് ഏരിയ സെക്രട്ടറി എം.എച്ച്. റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മറുപടി ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ ജെ.അജയന്‍ ഇത് നിഷേധിക്കുകയും റഞ്ചി ചെറിയാനെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്തു. ഇതോടെ യോഗത്തില്‍ ഉണ്ടായിരുന്ന ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ മറുപടി പറയാന്‍ തുടങ്ങി. എന്നാല്‍ ഇത് സംഘടനാ വിരുദ്ധമാണെന്നും അംഗങ്ങള്‍ സംസാരിച്ച ശേഷം മാത്രമേ മറുപടി പറയാവു എന്നും ഇടയ്ക്ക് കയറി സംസാരിക്കുന്നത് ബാക്കി ഉള്ള അംഗങ്ങളെ ചര്‍ച്ചയില്‍ നിന്ന് പിന്‍തിരിപ്പിക്കാനാണെന്നും അജയന്‍ വാദിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകുകയും വാടാ പോടാ വിളിയും വെല്ലുവിളിയും നടന്നു. ഇതിനു ശേഷം റഞ്ചി ചെറിയാനും ജെ.അജയനും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് നടന്ന ഏരിയ കമ്മറ്റി ഇരുവരെയും പുറത്താക്കുകയായിരുന്നു. പ്രാദേശികമായി ആയിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവര്‍ക്ക് അനുകൂലമായി തീരുമാനമെടുത്ത് സിപിഎം വിടാന്‍ തയ്യാറെടുത്തിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.