ഭക്തജനപ്രവാഹം തുടരുന്നു; തിരക്ക് നിയന്ത്രണവിധേയം

Wednesday 23 December 2015 9:52 pm IST

ശബരിമല: തുടര്‍ച്ചയായ ആറാംദിവസവും സന്നിധാനത്തേക്കുള്ള ഭക്തജനപ്രവാഹം തുടരുന്നു. പമ്പമുതല്‍ വിവിധഘട്ടങ്ങളില്‍ അയ്യപ്പന്മാരെ തടഞ്ഞുനിര്‍ത്തി സന്നിധാനത്തെ തിരക്ക് കുറയ്ക്കുവാന്‍ ശ്രമിക്കുന്നുണ്ട്്. ഇതിനാല്‍ ദര്‍ശനത്തിനായി 12 മണിക്കൂര്‍വരെ ഭക്തര്‍കാത്തുനില്‍ക്കണം. പോലീസ് സുരക്ഷയും ശക്തമാക്കി. പമ്പയില്‍നിന്നും ഭക്തരെ നിയന്ത്രിച്ചാണ് ഇപ്പോള്‍ കടത്തിവിടുന്നത്. അയ്യപ്പന്മാരെ തടഞ്ഞതില്‍ പ്രതിഷേധിച്ച് പോലീസും ഭക്തരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇവിടെ ബാരിക്കേഡ് ഉപയോഗിച്ചാണ് ഭക്തരെ തടഞ്ഞത്. ഇതാണ് വാക്കേറ്റത്തിന് കാരണമായത്. പിന്നീട് സംഘങ്ങളായി അയ്യപ്പന്മാരെ കടത്തിവിടാന്‍ തുടങ്ങിയതോടാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. കാനനപാതയിലൂടെ കടന്നുവരുന്ന അയ്യപ്പന്മാരുടെ വരവും വര്‍ദ്ധിച്ചു. ശരംകുത്തി വഴിവരുന്ന അയ്യപ്പഭക്തര്‍ ബാരിക്കേടിനുളളിലെ ഊടുവഴികളിലൂടെ ചന്ദ്രാനന്ദന്‍ റോഡില്‍ ഇറങ്ങുന്നത് പോലീസിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. തിരക്ക് കൂടിയതോടെ നടപന്തലില്‍ വെര്‍ച്വല്‍ക്യൂവും സാധാരണ ക്യൂവിനൊപ്പം ഒന്നിച്ചാക്കിയാണ് കടത്തിവിടുന്നത്. പൊരിവെയിലത്ത് മണിക്കൂറുകളോളം ക്യൂവില്‍നിന്ന അയ്യപ്പന്മാര്‍ വാടിതളര്‍ന്നാണ് പടിചവിട്ടുന്നത്. അംഗപരിമിതരും വൃദ്ധരും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. ദേവസ്വം ബോര്‍ഡ് ചുക്കുവെളള വിതരണം തടത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും ഇത് കാര്യക്ഷമമല്ല. ബിസ്‌ക്കറ്റ് വിതരണം പത്രപ്രസ്താവനയില്‍ ഒതുങ്ങി. തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍നിന്നും വരുന്ന അയ്യപ്പന്മാരാണ് അധികവും. സുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ പോലീസിനെ പമ്പയിലും സന്നിധാനത്തും പാണ്ടിത്താവളത്തിലും നിയോഗിച്ചിട്ടുണ്ട്. പലിയങ്ങളിലും ഭക്തരെ നിയന്ത്രിക്കുന്നത് കയറുകെട്ടിയാണ്. ഇത് പലപ്പൊഴും അപകടത്തിനു കാരണമാകാറുണ്ട്. കയര്‍ ഉപയോഗിക്കുബോ ള്‍ അയ്യപ്പന്മാരുടെ തളളിക്കയറ്റം ഉണ്ടായാല്‍ കയര്‍മുറിച്ചു മാറ്റാനുളള കത്തികള്‍ പോലീസിന് നല്‍കിയിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. പുല്ലുമേടുവഴി എത്തുന്ന അയ്യപ്പഭക്തര്‍ നടപ്പന്തലില്‍നിന്നും പടിചവിട്ടുന്നതിനാല്‍ ഇവിടെ പ്രത്യേകനിര പ്രത്യക്ഷപെട്ടിട്ടുണ്ട്. നെയ്യഭിഷേകത്തിനുളള തിരക്കും വര്‍ദ്ധിച്ചു. നാലുമണിക്കൂര്‍ കാത്തുനിന്നാണ് അഭിഷേകം നടത്തുന്നത്. പ്രസാദവിതരണ കൗണ്ടറുകളില്‍ തിരക്കേറിയിട്ടുണ്ട്. മാളികപ്പുറത്തെ അന്നദാന മണ്ഡഡപത്തില്‍ ഭക്ഷണം വാങ്ങാനെത്തിയ അയ്യപ്പന്മാരുടെ നിര ഒരുകിലോമീറ്ററോളം നീണ്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.