നിയന്ത്രണം കേന്ദ്രസേനകള്‍ ഏറ്റെടുത്തു

Wednesday 23 December 2015 10:05 pm IST

ശബരിമല: സന്നിധാനത്ത് നിയന്ത്രണാതീതമായ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടപ്പന്തലിലും പതിനെട്ടാംപടിക്കുതാഴെയും ഭക്തരുടെ നിയന്ത്രണം കേന്ദ്രസേനകള്‍ ഏറ്റെടുത്തു. നിലവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍എഎഫ്, എന്‍ഡിആര്‍എഫ് എന്നീ സേനാംഗങ്ങള്‍ കൂടാതെ ഇന്നലെ ഒരു ബറ്റാലിയന്‍ ഇന്‍ഡ്യന്‍ റിസര്‍വ്വ് പോലീസ് സേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ പോലീസിന്റെ ഒരു ബറ്റാലിയന്‍  അംഗങ്ങളേയും ഇറക്കിയിട്ടുണ്ട്. സന്നിധാനം സ്‌പെഷ്യല്‍ ആഫീസര്‍ തമ്പി എസ് ദുര്‍ഗാദത്തിന്റെ നേതൃത്വത്തില്‍ കേരളാ പോലീസായിരുന്നു  ഭ ക്തരെ നിയന്ത്രിച്ചിരുന്നത്. പതിനെട്ടാംപടിയില്‍ അയ്യപ്പന്മാരെ കൈപിടിച്ച് കയറ്റിവിടുന്നത് കേരളാ പോലീസ് ഉദ്യോഗസ്ഥരാണ്. ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതില്‍ കേരളാ പോലീസ് പരാജയപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രസേനകള്‍ നിയന്ത്രണം ഏറ്റെടുത്തിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ നടപ്പന്തലിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മുപ്പത്തിരണ്ട് അയ്യപ്പന്മാര്‍ക്ക് പരുക്കേറ്റ സംഭവാണ് പുനര്‍ചിന്തനത്തിന് വഴിയൊരുക്കിയത്. നിയന്ത്രണം കേന്ദ്രസേനകള്‍ ഏറ്റെടുത്തതോടെ വെര്‍ച്ചല്‍ക്യൂവിലും സാധാരണക്യൂവിലും നില്‍ക്കുന്ന ഭക്തരെ ഒരുപോലെയാണ് കടത്തിവിട്ടുകൊണ്ടിരിക്കുന്നത്. ഇങ്ങനെ കടത്തിവിടുന്നതോടെ നടപന്തലിനു മുമ്പിലുളള തിരക്ക് കുറയ്ക്കാന്‍ കഴിയുന്നുണ്ട്. പതിനെട്ടാംപടിക്ക് സമീപത്തേക്ക് കടത്തിവിടുന്ന അയ്യപ്പന്മാര്‍ തിക്കുംതിരക്കും ഉണ്ടാക്കാതിരിക്കാന്‍ ക്യൂവിന്റെ വീതികുറച്ചാണ് കടത്തിവിടുന്നത്. ഇതുമൂലം തിരക്കില്ലാതെതന്നെ കൂടുതല്‍ അയ്യപ്പന്മാര്‍ക്ക് പടിചവിട്ടാന്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 50നും 60നും ഇടയിലുള്ള ഭക്തരാണ് ഒരുമിനിറ്റില്‍ പടിചവിട്ടിയിരുന്നത്. എന്നാല്‍ പുതിയ പരിഷ്‌ക്കരണത്തിലൂടെ മിനിറ്റില്‍ 80 മുതല്‍ 90വരെ അയ്യപ്പന്മാര്‍ക്ക് പടകയറാന്‍ കഴിയുന്നുണ്ട്. സന്നിധാനത്ത് വഴിപാടുകള്‍ക്കായി തമ്പടിക്കുന്ന അയ്യപ്പഭക്തരെ മാളികപ്പുറത്തും പാണ്ടിത്താവളത്തിലും പ്രത്യേക സ്ഥലത്ത് വിരിവയ്ക്കാന്‍ നി ര്‍ദ്ദേശം നല്‍കിയത് മാളികപ്പുറത്തെ തിരക്കിന് അല്‍പ്പം ആശ്വാസമായി. കൂടാതെ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന അയ്യപ്പഭക്തരെ മാളികപ്പുറം ശരണസേതുപാലം വഴിയും  പമ്പയിലേക്ക് കടത്തിവിട്ടുതുടങ്ങിയതും സന്നിധാനത്തെ തിരക്കിന് അല്‍പ്പം ആശ്വാസം പകരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.