സാനിയ-ഹിംഗിസ് ലോക ജേതാക്കള്‍

Wednesday 23 December 2015 10:35 pm IST

ലണ്ടന്‍: വനിതാ ഡബിള്‍സില്‍ 2015ലെ ലോക ചാമ്പ്യന്മാരായി സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷനാണ് കഴിഞ്ഞ വര്‍ഷത്തെ പ്രകടനങ്ങളുടെ മികവില്‍ സാനിയ-ഹിംഗിസ് സഖ്യത്തെ ലോക ജേതാക്കളായി തെരഞ്ഞെടുത്തത്. 2000ത്തില്‍ വനിതാ സിംഗിള്‍സില്‍ ഇതേ ബഹുമതി നേടിയ ശേഷം ഇപ്പോഴാണ് ഹിംഗിസ് വീണ്ടും ടെന്നീസ് ലോകത്തിന്റെ നെറുകയിലെത്തുന്നത്. വിംബ്ള്‍ഡണ്‍, യുഎസ് ഓപ്പണ്‍ ഗ്രാന്‍ഡ്സ്ലാമുകള്‍ക്കു പുറമെ, ഏഴു കിരീടങ്ങളും ഈ വര്‍ഷം ഈ കൂട്ടുകെട്ട് നേടി. ഡബ്ല്യുടിഎ ടൂര്‍ ഫൈനല്‍സിലേത് അവസാന കിരീടനേട്ടം. യുഎസ് ഓപ്പണ്‍ മുതല്‍ കളിച്ച 22 മത്സരങ്ങളും സഖ്യം ജയിച്ചു. ഈ വര്‍ഷം ഏഴു കളികളില്‍ മാത്രമാണ് ഇവര്‍ക്ക് തോല്‍വി നേരിടേണ്ടി വന്നത്. 55ല്‍ ജയം ഇന്തോ-സ്വിസ് സഖ്യത്തിനൊപ്പം. പുരുഷന്മാരില്‍ ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചും, വനിതകളില്‍ ഒന്നാം നമ്പര്‍ യുഎസിന്റെ സെറീന വല്യംസുമാണ് സിംഗിള്‍സിലെ ചാമ്പ്യന്മാര്‍. ഇരുവരും ഈ വര്‍ഷം മൂന്ന് ഗ്രാന്‍ഡ്സ്ലാമുകള്‍ നേടി. ദ്യോകോവിച്ച് ഓസ്‌ട്രേലിയന്‍, വിംബ്ള്‍ഡണ്‍, യുഎസ് എന്നിവിടങ്ങളില്‍ ജേതാവായപ്പോള്‍, സെറീന ഓസ്‌ട്രേലിയന്‍, ഫ്രഞ്ച്, വിംബ്ള്‍ഡണുകളില്‍ വിജയപതാക നാട്ടി. പുരുഷ ഡബിള്‍സില്‍ നെതര്‍ലന്‍ഡ്‌സിന്റെ ജീന്‍ ജൂലിയന്‍ റോജര്‍-റൊമാനിയയുടെ ഹൊറിയ തെകാവു സഖ്യമാണ് ലോക ജേതാക്കള്‍. ഒരു വര്‍ഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷനാണ് ലോക ജേതാക്കളെ പ്രഖ്യാപിക്കുന്നത്. 2016 മേയ് 31ന് ഫ്രഞ്ച് ഓപ്പണിനിടെ പാരീസില്‍ നടക്കുന്ന ഐടിഎഫ് വേള്‍ഡ് ചാമ്പ്യന്‍സ് ഡിന്നറില്‍ ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.