കയ്യേറ്റമാഫിയ കളിച്ചു ദേവികുളത്തെ നീലക്കുറിഞ്ഞി ഉദ്യാനം സ്വപ്‌നം മാത്രം

Friday 25 December 2015 10:11 am IST

ഇടുക്കി: കയ്യേറ്റ മാഫിയ സര്‍വ്വശക്തിയും ഉപയോഗിച്ച് രംഗത്തിറങ്ങിയതോടെ ഒമ്പത് വര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറിഞ്ഞി ഉദ്യാനം പദ്ധതി നടപ്പായില്ല. ദേവികുളം താലൂക്കില്‍ പെടുന്ന കൊട്ടക്കാമ്പൂര്‍, വട്ടവട ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന 32 ചതുരശ്ര കി.മി പ്രദേശമാണ് നീലക്കുറിഞ്ഞി ഉദ്യാനമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 1972ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ പിന്‍ബലത്തിലാണ് 2006 ഒക്ടോബര്‍ ഏഴിന് അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വം പദ്ധതി പ്രഖ്യാപിച്ചത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞികളുടെ സംരക്ഷണത്തിന് വേണ്ടിയാണ് പദ്ധതി ആരംഭിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഈ പ്രദേശത്തെ പ്രത്യേക ജൈവവൈവിധ്യം നിലനിര്‍ത്തേണ്ടതാണെന്നും സംരക്ഷണമേഖലയാണെന്നും വ്യക്തമാക്കുന്നു. ഉദ്യാനത്തിന്റെ പരിധിയില്‍ വരുന്ന സ്വകാര്യ ഭൂമികളും, നിയമപരമായി നിലനില്‍ക്കുന്ന സ്ഥാപനങ്ങളും സംരക്ഷിതമേഖലയില്‍ നിന്ന് ഒഴിവാക്കാനും ഉത്തരവുണ്ടായിരുന്നു. ഈ പദ്ധതിയുടെ നടത്തിപ്പിനായി ദേവികുളം ആര്‍ഡിഒയെയാണ് നിയോഗിച്ചത്. പദ്ധതിയുടെ നടത്തിപ്പിനായി റവന്യൂവകുപ്പ് നടപടികള്‍ ആരംഭിച്ചു. ഏക്കറുകണക്കിന് വസ്തു കൈവശം വച്ചിരിക്കുന്നവരും പട്ടയമുണ്ടെന്ന് അവകാശപ്പെടുന്നവരും ഹിയറിംഗിനായി വന്നു. ഭൂമി വിട്ടുതരില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്. എറണാകുളം ജില്ലക്കാരനായ കോണ്‍ഗ്രസിന്റെ ഉന്നത നേതാവും ബിനാമികളും വസ്തു വിട്ടുനല്‍കില്ലെന്ന് എഴുതിയവരുടെ കൂട്ടത്തിലുണ്ട്. 450 പേരാണ് ഹിയറിംഗിനായി എത്തിയത്. റവന്യൂവകുപ്പ് പദ്ധതിയുമായി മുന്നോട്ടുപോയപ്പോള്‍ ഹര്‍ത്താലും ഭീഷണിയുമായി സിപിഎമ്മും കോണ്‍ഗ്രസുമടക്കമുള്ള രാഷ്ട്രീയപാര്‍ട്ടിക്കാര്‍ രംഗത്ത് വന്നു. 2006ല്‍ നീലക്കുറിഞ്ഞി ഉദ്യാന പ്രഖ്യാപനം വന്നതിന് ശേഷം നൂറ് കണക്കിന് ഏക്കര്‍ ഭൂമി കൊട്ടക്കാമ്പൂര്‍, വട്ടവട എന്നീ വില്ലേജുകളില്‍ കയ്യേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.