ന്യൂദല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ടിനത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തത് 9,410.60 കോടി രൂപ. 2015 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കണക്കാണിതെന്ന് കേന്ദ്രമന്ത്രി വി.കെ സിങ് അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ നല്കിയ തുകയില്‍ 9,373.54 കോടി രൂപയും എംപിമാരുടെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നവംബര്‍ 30ന് മുമ്പായി വകയിരുത്തിയിട്ടുണ്ട്. 29 സംസ്ഥാനങ്ങളിലെയും 7 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 3 ലക്ഷത്തിലധികം പ്രവൃത്തികള്ക്കായിട്ടാണ് തുക വകയിരുത്തിയത്. നിര്‍ദ്ദേശിച്ച പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിനായി മറ്റൊരു 37കോടിയും നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടങ്ങളാണ് എംപിമാരുടെ പ്രാദേശിക വികസന പ്രവൃത്തികളുടെ മേല്‍നോട്ട ചുമതല.
133 പ്രവൃത്തികളുടെ 331 കോടി രൂപയാണ് ഇനിയും വിതരണം ചെയ്യാന്‍ ബാക്കിയുള്ളത്. പാഴാകാത്ത ഇനത്തിലുള്ള ഫണ്ടായതിനാല്‍ ജില്ലാ ഭരണകൂടത്തിന് പ്രവൃത്തികള്‍ നിര്‍വഹിക്കാന്‍ സാവകാശം ലഭിക്കും. നടപ്പു സാമ്പത്തിക വര്‍ഷം പണം ചെലവാക്കിയില്ലെങ്കില്‍ വരുന്ന വര്‍ഷത്തേക്ക് തുക മാറ്റിക്കിട്ടുന്നതാണ് പ്രാദേശിക വികസന ഫണ്ട്.
കഴിഞ്ഞ ലോക്സഭയിലെ അംഗങ്ങളുടെ ചെലവഴിക്കാത്ത തുക ഇത്തവണയും കൂട്ടിച്ചേര്‍ത്ത് നല്‍കിയിട്ടുണ്ടെന്നും വി.കെ സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: