വിഐപി ദര്‍ശനത്തിന് നിയന്ത്രണം; നടപടി ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന്

Thursday 24 December 2015 8:58 pm IST

ശബരിമല: ഉന്നതന്മാരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അനുവദിച്ചിരുന്ന വിഐപി ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദേവസ്വംബോര്‍ഡ് മെമ്പര്‍ അജയ്തറയില്‍ അറിയിച്ചു. വിഐപിദര്‍ശനം സന്നിധാനത്ത് തിരക്കിന് കാരണമാകുന്നുവെന്ന 18ന് പ്രസിന്ധികരിച്ച ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് പുനര്‍ചിന്തനത്തിന് ബോര്‍ഡ് തയ്യാറായത്. ഇന്നലെ മുതലാണ് ശുപാര്‍ശ കത്തുകള്‍ കണക്കിലെടുക്കേണ്ടെന്ന തീരുമാനം ഉണ്ടായത്. സന്നിധാനത്ത് ജോലിനോക്കുന്ന പോലീസുകാര്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി എഡിജിപി കെ. പത്മകുമാര്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. എംപി, എംഎല്‍എ മന്ത്രിമാര്‍, പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ നല്‍കുന്ന ശുപാര്‍ശ കത്തിന്റെ അടിസ്ഥാനത്തില്‍ ആയിരക്കണക്കിന് ഭക്തരാണ് ക്യൂവില്‍ കാത്തുനില്‍ക്കാതെ ദര്‍ശനം നടത്തിയിരുന്നത്. വിഐപികളുടെ കടന്നുകയറ്റം ഭക്തജനങ്ങള്‍ക്ക് ഇടയില്‍ പ്രതിഷേധത്തിന് കാരണമായതോടെ വാവരുനടയ്ക്ക് സമീപം ഒരു വിഐപി എന്‍ട്രന്‍സ്തന്നെ ഒരുക്കിയിരുന്നു. കോഴിക്കോട് ജില്ലയില്‍നിന്നുള്ള ഒരു എംപിയുടെ ശുപാര്‍ശ കത്തായിരുന്നു എണ്ണത്തില്‍ ഏറെയുണ്ടായിരുന്നത്. വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നമുള്ളവര്‍, കുട്ടികള്‍, ഭിന്നശേഷിയുള്ള ഭക്തജനങ്ങള്‍ എന്നിവരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഇവര്‍ക്ക് പ്രത്യേകപരിഗണന നല്‍കണമെന്ന തീരുമാനത്തിന്റെ മറവിലായിരുന്നു വിഐപികളുടെ കടന്നുകയറ്റം. കഴിഞ്ഞ ഏഴുദിനങ്ങളായി തുടരുന്ന ഭക്തജനപ്രവാഹത്തെ തുടര്‍ന്ന് കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ തിക്കുംതിരക്കുംമൂലം മുപ്പത്തിരണ്ടോളം അയ്യപ്പന്മാര്‍ക്ക് പരുക്കേറ്റിരുന്നു. മണിക്കൂറുകള്‍ കാത്തുനിന്ന് മടുത്ത ഭക്തജനങ്ങള്‍ക്ക് മുമ്പിലൂടെ ക്യൂവില്‍ നില്‍ക്കാതെ കടന്നുപോകുന്ന വിഐപിഭക്തരുടെ നടപടി ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വെര്‍ച്വല്‍ക്യൂവിലൂടെ എത്തുന്ന അയ്യപ്പന്മാരുടെ ദര്‍ശനത്തിനും നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. വെര്‍ച്ച്വല്‍ ക്യൂവിലൂടെ ബുക്കുചെയ്ത് എത്തുന്ന ഭക്തരെ നടപ്പന്തലില്‍നിന്ന് ആരംഭിക്കുന്ന പ്രത്യേക ക്യൂവിലാണ് നിര്‍ത്തിയിരുന്നത്. ബുക്കിംഗ്സ്ലിപ്പ് കാട്ടി മരക്കൂട്ടത്തുനിന്നും ചന്ദ്രാനന്ദന്‍ റോഡിലൂടെ സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാരെ വനംവകുപ്പ് ആഫീസിന് സമീപത്തെുവച്ച് സാധാരണ ക്യൂവിന്റെ ഭാഗമാക്കുവാനാണ് ആലോചന. ഇതോടെ നടപ്പന്തലിലെ തിക്കും തിരക്കും കുറയ്ക്കുവാനാകുമെന്നാണ് അധികാരികള്‍ ചിന്തിക്കുന്നത്. ഒരുദിവസം 5000 പേര്‍ക്കുമാത്രമെ വെര്‍ച്വല്‍ ക്യൂവിലൂടെ ദര്‍ശനം സാധ്യമാകുകയുളളു. ഇതിനുളള അറിയിപ്പുകള്‍ പോലീസ് നല്‍കും. വിഐപി ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സോപാനത്തിന് സമീപത്തെ തിരക്കിന് അല്‍പം ആശ്വാസം ഉണ്ടായിട്ടുണ്ട്. വീണ്ടും ബോര്‍ഡ്മീറ്റിഗ് നടത്തി തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് ദേവസ്വംബോര്‍ഡ് മെമ്പര്‍പറഞ്ഞു. പുല്ലുമേടുവഴി വരുന്ന അയ്യപ്പ‘ക്തര്‍ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിനു സമീപത്തായി ക്യൂനിന്നുവേണം ദര്‍ശനം നടത്തുന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.