ആര്യങ്കാവിലെ പാണ്ഡ്യന്‍ മുടിപ്പ് തൃക്കല്ല്യാണ മഹോത്സവം

Thursday 24 December 2015 9:04 pm IST

ആര്യങ്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളാണ് പാണ്ഡ്യന്‍മുടിപ്പ്- തൃക്കല്ല്യാണ മഹോത്‌സവം. ഭഗവാന്റെയും ഭഗവതിയുടെയും വിവാഹനിശ്ചയവും വിവാഹവുമായി ബന്ധപ്പെട്ടതാണ് ഈ ഉത്സവങ്ങള്‍. 25ന് ക്ഷേത്രസന്നിധിയിലെ കൊട്ടാരത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഉത്സവത്തിന് മുന്നോടിയായി 24ന് വൈകിട്ട് സൗരാഷ്ട്ര ബ്രാഹ്മണരുടെ നേതൃത്വത്തില്‍ മാമ്പഴത്തറ ഭഗവതി ക്ഷേത്രത്തില്‍ കുടിയിരിക്കുന്ന പുഷ്‌കലാദേവിയെ ആവാഹിച്ച ഭദ്രദീപഘോഷയാത്ര ആര്യങ്കാവിലെത്തും. ധര്‍മ്മശാസ്താവിന്റെ തിരുമുമ്പില്‍ തെളിച്ചിട്ടുള്ള വിളക്കിലേക്ക് ഈ ദീപം പകരുന്നതോടെ ദേവീദേവന്മാര്‍ ഐക്യമായതായാണ് സങ്കല്‍പം. 25ന് നടക്കുന്ന പാണ്ഡ്യന്‍ മുടിപ്പ് ഉത്സവത്തില്‍ വധൂവരന്മാരായ ഭഗവാന്റെയും ഭഗവതിയുടെയും പ്രതിനികളായി കേരളം- തമിഴ്‌നാട് ദേവസ്വം മന്ത്രിമാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, സൗരാഷ്ട്ര ബ്രാഹ്മണ മഹാജനസംഘം ഭാരവാഹികള്‍, ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികള്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. വധൂവരന്മാരുടെ പ്രതിനിധികള്‍ പണക്കിഴിയും പട്ടുവസ്ത്രങ്ങളും പരസ്പരംകൈമാറി കല്ല്യാണമുറപ്പിക്കുന്ന ചടങ്ങാണിത്. സൗരാഷ്ട്ര ബ്രാഹമ്ണ മഹാജനസംഘം ഭാരവാഹികള്‍ കോട്ടവാസല്‍ ക്ഷേത്രത്തിലെത്തി പ്രത്യേകപൂജകള്‍ നടത്തുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. വൈകിട്ട് 6ന് ധര്‍മ്മശാസ്താക്ഷേത്രത്തിലെ മാവിന്‍ചുവട്ടില്‍ വധൂവരന്മാരുടെ പ്രതിനിധികള്‍ സംഗമിക്കും. തുടര്‍ന്ന് പണം, പട്ടുവസ്ത്രം, പൂമാലകള്‍, വെറ്റില, പാക്ക്, മധുരപലഹാരങ്ങള്‍, ചന്ദനം, കുങ്കുമം, മഞ്ഞള്‍, കണ്ണാടി എന്നിവയടങ്ങിയ 21 താംബൂലതട്ടുകളുമായി വധുവിന്റെ സംഘം പാണ്ഡ്യന്‍ മുടിപ്പ് കൊട്ടാരത്തില്‍ എത്തിച്ചേരും. ഇതോടൊപ്പംതന്നെ വരന്റെ പ്രതിനിധികളും ക്ഷേത്രത്തില്‍ പൂജിച്ച പൂമാല, ചന്ദനം, കുങ്കുമം, മഞ്ഞള്‍, വെറ്റില, പാക്ക് എന്നിവ അടങ്ങിയ 3താംബൂല തട്ടവുമായി കൊട്ടാരത്തിലെത്തും. ഭഗവാന്റെ പിതൃസ്ഥാനീയനായ രാജാവിന്റെ ചിത്രംവച്ച് സാന്നിദ്ധ്യം ഉറപ്പിക്കുന്ന മണ്ഡപത്തില്‍ വരനെസങ്കല്പിച്ച് ഭഗവാന്റെ ചിത്രവും ഭഗവതിയെ സങ്കല്‍പ്പിച്ച് ദീപവുംതെളിക്കും. തുടര്‍ന്ന് ഇരുകൂട്ടരും ദേവീദേവന്മാരുടെ ചരിതങ്ങള്‍ വിവരിക്കും. പിന്നീട് വധുവിന്റെ ഭാഗത്തുള്ള മുതിര്‍ന്നവ്യക്തി വരന്റെഭാഗത്തുള്ള മുതിര്‍ന്ന കാരണവരെ ചന്ദനവും കുങ്കുമവും തൊടുവിച്ച് കയ്യില്‍പൂമാലകെട്ടി പൊന്നാടയണിയിക്കും. പുഷ്പഹാരരമണിയിച്ച് കണ്ണാടിയില്‍ മുഖംകാണിച്ച് അഴകുനോക്കും. തിരിച്ച് വരന്റെ കാരണവരെയും ഇതുപോലെ അണിയിച്ചൊരുക്കി അഴകുനോക്കും. തുടര്‍ന്ന് വധുവിന്റെ കൂട്ടര്‍ ഭഗവാനെ വരനായി സ്വീകരിക്കാന്‍ തയ്യാറാണെന്നും വരന്റെ കൂട്ടര്‍ പുഷ്‌ക്കലാദേവിയെ വധുവായി സ്വീകരിക്കാന്‍ തയ്യാറാണെന്നും അറിയിക്കും. വിവാഹമുറപ്പിച്ച് പണക്കിഴിയടങ്ങുന്ന തട്ടുകള്‍ പരസ്പരംകൈമാറും. തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം ചന്ദനംതൊടുവിച്ച് തട്ടുകള്‍ കൈമാറും. പിന്നീട് ഇരുവിഭാഗവും 3തട്ടുകളുമായി ശ്രീകോവിലിന് പുറത്ത് കളമെഴുത്ത് മണ്ഡപത്തില്‍ തട്ടുകള്‍ പൂജിച്ചശേഷം വിവാഹം നിശ്ചയിച്ചതായി ഭഗവാനെ അറിയിച്ച് പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് നാട്ടുകാരും ദേവസ്വംബോര്‍ഡും ചേര്‍ന്ന് വധുവിന്റെ കൂട്ടരായ സൗരാഷ്ട്ര ബ്രാഹ്മണ്‍്രക്ക് സംബന്ധിസദ്യ നല്‍കുന്നതോടെ പാണ്ഡ്യന്‍ മുടിപ്പ് മഹോത്സവം സമാപിക്കും. പ്രയാര്‍ ഗോപാലകൃഷ്ണന്‍ (തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ്)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.