ഒരേയൊരു അടല്‍ജി (ഇന്ന് ജന്മദിനം)

Thursday 24 December 2015 9:44 pm IST

രമണ മഹര്‍ഷി ഒരിക്കല്‍ പറഞ്ഞു. ''മനുഷ്യജീവിതം അണ്ണാനെപ്പോലെയാകണം. എലിയെ പോലാകരുത്. അണ്ണാന്മാര്‍ പഴംകിട്ടിയാല്‍ വിശപ്പടക്കാനുള്ളത് മാത്രം തിന്നുന്നു. ബാക്കി ഉപേക്ഷിച്ചുപോകുന്നു. എന്നാല്‍ എലി ഒരു പഴം കിട്ടിയാല്‍ ധൃതിപിടിച്ച് മാളത്തില്‍ കൊണ്ടുവന്ന് വയ്ക്കും. പിന്നെയും പുറത്തുനിന്ന് പഴത്തിനുവേണ്ടി ചുറ്റുവട്ടവും കറങ്ങും. അണ്ണാനെ ജനം സ്‌നേഹിക്കും. എലിയെ കണ്ടാല്‍ ഓടിച്ചുവിടും''. അണ്ണാനും എലികളും രാഷ്ട്രീയത്തിലുമുണ്ട്. അണ്ണാന്റെ മനോഭാവമാണ് അടല്‍ജിക്ക്. ആര്‍ത്തിയില്ല. അത്യാഗ്രഹമില്ല. അതുകൊണ്ടുതന്നെ അഴിമതിയും ആരോപണവുമില്ല. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ പിച്ചച്ചട്ടിയുമായി ചെന്ന ഭാരതത്തിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തിരുന്നതുകൊണ്ട് അടല്‍ജി അമേരിക്കക്കാരനോടുപോലും തോളൊപ്പംനിന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിലവാരത്തിലേക്ക് രാജ്യത്തെ ഉയര്‍ത്തി. നരേന്ദ്രമോദിയുടെ നേതൃത്വമാകട്ടെ അത് വിപുലപ്പെടുത്തി. ലോകമാകെ ഇന്ന് ഭാരതത്തെ ശ്രദ്ധയോടെ കാണുന്നു. പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞത് തന്റെ ജീവിതാഘോഷമാണെന്ന് പറഞ്ഞ പ്രധാനമന്ത്രിമാരെ പേറേണ്ടിവന്ന നാടാണിത്. എന്നാല്‍ വാജ്‌പേയി തന്റെ ജീവിതാഭിലാഷമായി അധികാരസ്ഥാനങ്ങളെ ഒരിക്കലും കണക്കാക്കിയിരുന്നില്ല. മുംബൈയിലെ നവനീത പത്രത്തിന്റെ പത്രാധിപര്‍ അടല്‍ജിയുടെ ജീവിത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്തെന്ന് ഒരിക്കല്‍ ആരായുകയുണ്ടായി. അതിന് അടല്‍ജി നല്‍കിയ മറുപടി ഇങ്ങനെ: ‘മരിക്കുന്നത് ചിരിച്ചുകൊണ്ടാകണം. ചിരിക്കുമ്പോഴാകണം മരണം.‘ രാജ്യത്തിന്റെ ഭരണഭാരം ബിജെപിയിലേക്ക് അടുക്കുകയാണെന്ന് ബോധ്യമായപ്പോള്‍ അടല്‍ജി പറഞ്ഞത് അദ്വാനി നയിക്കട്ടെ എന്നാണ്. അതുകേട്ടപാടെ അദ്വാനി തിരുത്തി. അടല്‍ജി മാത്രമാകും രാഷ്ട്രത്തെ നയിക്കുക. അദ്വാനിയെയും വാജ്‌പേയിയെയും അകറ്റാന്‍ ഏതറ്റംവരെ പോകാനും തയ്യാറായി കള്ളപ്രചാരണങ്ങള്‍ നടത്തിയ പത്രമാധ്യമങ്ങള്‍ പില്‍ക്കാലത്ത് ഇരുവരും തമ്മില്‍ അധികാരത്തര്‍ക്കമെന്ന കെട്ടുകഥ മൂലക്കിട്ടു. ആ തന്ത്രം പയറ്റിനോക്കാന്‍ ഇപ്പോഴും ചിലര്‍ ശ്രമിക്കുന്നുണ്ടല്ലോ. അധികാരം വ്യക്തിതാല്‍പര്യത്തിനും സ്വാര്‍ത്ഥലാഭത്തിനും വേണ്ടിയല്ലെന്ന് വാജ്‌പേയി വിശ്വസിച്ചു. അദ്ദേഹം അത് ജീവിതത്തിലൂടെ, പ്രവൃത്തിയിലൂടെ തെളിയിച്ചു. രണ്ടാംതവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം നടത്തിയ പ്രഖ്യാപനം രാഷ്ട്രത്തോടും ജനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ ധവളപത്രമാണ്. വ്യക്തിത്വം വിലക്ക് കിട്ടില്ല. അത് വളര്‍ത്തിയെടുക്കുക തന്നെ വേണം. അടല്‍ജിക്ക് തുല്യന്‍ അടല്‍ജി മാത്രമാണല്ലോ. അടല്‍ജി ഒരിക്കല്‍ പറഞ്ഞു: ''ഈ രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ മുഴുവന്‍ അംഗീകാരവും ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. ജനങ്ങള്‍ ഞങ്ങളുടെ ആശയഗതിയെ പൂര്‍ണ്ണമായും അംഗീകരിച്ചിരിക്കുന്നു. ഞങ്ങളെ പിളര്‍ത്താനും തൊട്ടുകൂടാത്തവരായി അകറ്റിനിര്‍ത്താനുമുള്ള എതിരാളികളുടെ എല്ലാ ശ്രമങ്ങളും പൊളിഞ്ഞു. മതേതരത്വത്തിന്റെ പേരില്‍ എതിരാളികളെ ഒരുമിച്ചുനിര്‍ത്തി രാഷ്ട്രീയ രംഗത്തുനിന്നും ഞങ്ങളെ പുറന്തള്ളാനുള്ള നീക്കം നടത്തി. എന്നാല്‍ ആ ഗൂഢതന്ത്രങ്ങള്‍ വിജയിച്ചില്ല. മതേതരത്വത്തിന്റെ മറവില്‍ ന്യൂനപക്ഷങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു. അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്നും ന്യൂനപക്ഷങ്ങളുടെ ശ്രദ്ധതിരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. നമ്മുടെ രാഷ്ട്രത്തിനിപ്പോള്‍ കാര്യക്ഷമതയുള്ള സര്‍ക്കാരാണ് ആവശ്യം. സര്‍ക്കാര്‍ നിക്ഷിപ്തമായ കടമകള്‍ നിര്‍വ്വഹിക്കണം. ജാതിവര്‍ഗ്ഗഭേദമില്ലാതെ എല്ലാ പൗരന്മാര്‍ക്കും സുരക്ഷ നല്‍കണം. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, പാര്‍പ്പിട പ്രശ്‌നം എന്നിവ പരിഗണിക്കപ്പെടണം. അരനൂറ്റാണ്ട് ഭരിച്ച സര്‍ക്കാരുകള്‍ അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിച്ചില്ല. ഒരു നല്ല സര്‍ക്കാര്‍ എന്നാല്‍ അഴിമതിരഹിതമായ ഭരണം കാഴ്ചവയ്ക്കുന്നതാകണം.'' വാഗ്മീയതയും കവിതയെഴുത്തും നല്ലൊരു പ്രധാനമന്ത്രിയെ സൃഷ്ടിക്കില്ലെന്ന് അന്ന് മണിശങ്കരയ്യര്‍ പരിഹസിച്ചിരുന്നു. എന്നാല്‍ ഇത് രണ്ടും പ്രധാനമന്ത്രിക്കിണങ്ങുമെന്ന് അടല്‍ജി തെളിയിച്ചുകൊടുത്തു. ആരുടേയും പാദസേവകരാവുകയില്ലെന്നുള്ള അടല്‍ജിയുടെ സന്ദേശം ആരെയും പ്രകോപിപ്പിച്ചില്ല. കവിത്വമുള്ളതുകൊണ്ടാണ് മിതഭാഷയില്‍ കാര്യങ്ങളവതരിപ്പിക്കാന്‍ കഴിയുന്നത്. വാജ്‌പേയിയുടെ പിന്‍ഗാമിയായി നരേന്ദ്രമോദി ഭരണത്തിലെത്തിയപ്പോള്‍ അസഹിഷ്ണുക്കളായ പ്രതിപക്ഷത്തെയാണ് കാണുന്നത്. ഇത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല എന്ന് പറയേണ്ടതില്ലല്ലോ. അടിയന്തരാവസ്ഥയില്‍ ജയിലില്‍ കഴിയവെയാണ് അടല്‍ജി രോഗഗ്രസ്തനായത്. വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നുവെങ്കിലും അതില്‍നിന്നും തീര്‍ത്തും മുക്തമാകാന്‍ കഴിഞ്ഞില്ല. ആ രോഗം കറങ്ങിത്തിരിഞ്ഞാണ് ആരുടെ മുമ്പിലും മുട്ടുമടക്കാത്ത അടല്‍ജിയുടെ മുട്ടിനെതന്നെ പിടികൂടിയത്.ജയിലില്‍നിന്നും ഇറങ്ങിയ വാജ്‌പേയി നേരെ അധികാരക്കസേരയിലേക്കാണ് ചെന്നെത്തിയത്. മൊറാര്‍ജി മന്ത്രിസഭയില്‍ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ ഈ രംഗത്ത് നെഹ്‌റുവിനെക്കാള്‍ പ്രാപ്തനെന്ന് ചുരുങ്ങിയകാലംകൊണ്ട് അടല്‍ജി തെളിയിച്ചു. അയല്‍രാജ്യങ്ങളുമായി ഭാരതം ഉറ്റബന്ധം സ്ഥാപിച്ചത് ആ കാലഘട്ടത്തിലാണ്. അടിയന്തരാവസ്ഥയ്‌ക്കെതിരെ പൊരുതിയ കക്ഷികളെല്ലാം ചേര്‍ന്നായിരുന്നു മൊറാര്‍ജി മന്ത്രിസഭയുടെ ജനനം. മന്ത്രിസഭ വന്നതിനുശേഷമാണ് യഥാര്‍ത്ഥത്തില്‍ ജനതാപാര്‍ട്ടി രൂപംകൊള്ളുന്നത്. 1977 മെയ് ഒന്നിന് ജനതാപ്രസ്ഥാനം രൂപംകൊള്ളാനുള്ള ലയനസമ്മേളനം നടക്കുന്നതിനുമുമ്പ് ദല്‍ഹിയിലെ പ്രഗതി മൈതാനിയിലാണ് ജനസംഘം പ്രത്യേക യോഗം ചേര്‍ന്നത്. ജനസംഘത്തെ പിരിച്ചുവിടാനായിരുന്നു പ്രത്യേക യോഗം. ജനസംഘം രൂപംകൊണ്ടതുമുതല്‍ അതില്‍ പ്രര്‍ത്തിക്കുന്ന അടല്‍ജി ഗദ്ഗദകണ്ഠനായാണ് പിരിച്ചുവിടല്‍ തീരുമാനം അറിയിച്ചത്. രണ്ടുവര്‍ഷത്തിനകം ജനതാ പാര്‍ട്ടിയില്‍ നിന്നും പഴയ ജനസംഘം പ്രവര്‍ത്തകര്‍ പ്രത്യേക പാര്‍ട്ടിയായി നില്‍ക്കാന്‍ നിര്‍ബന്ധിതമായി. മുംബൈയില്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് ഔദ്യോഗിക രൂപംനല്‍കുന്നതിന് ചേര്‍ന്ന സമ്മേളനത്തെ അനുഗ്രഹിക്കാന്‍ എം.സി.ഛഗഌ എത്തിയിരുന്നു. ഭാവിഭാരതത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന കക്ഷിയാകും ബിജെപിയെന്നും അതിന് നേതൃത്വം നല്‍കുന്നവരാണ് വേദിയിലെന്നും അദ്ദേഹം പ്രവചിച്ചത് ഹര്‍ഷാരവത്തോടെയാണ് പ്രതിനിധികള്‍ സ്വീകരിച്ചത്. എന്നാല്‍ അതിനെ പത്രങ്ങളും പ്രസ്ഥാനങ്ങളും നേതാക്കളും പരിഹസിക്കാനാണ് ഉത്സാഹിച്ചത്. ഇതൊരു ചാപിള്ളയാകുമെന്ന് പ്രവചിച്ചവരുണ്ട്. ഇന്ദിരാഗാന്ധിയുടെ മരണത്തിനുശേഷം 84ല്‍ നടന്ന തെരഞ്ഞടുപ്പില്‍ വാജ്‌പേയി തോല്‍ക്കുകയും ബിജെപി രണ്ടുസീറ്റില്‍ ഒതുങ്ങുകയും ചെയ്തപ്പോള്‍ പ്രവചനം ഫലിക്കുകയാണെന്ന് ആശ്വസിച്ചവരുണ്ട്. അടുത്തു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി എന്ന പാര്‍ട്ടി ഭൂമുഖത്തു നിന്നും തുടച്ചുനീക്കപ്പെടുമെന്ന് ആഹ്ലാദത്തോടെ പ്രസ്താവിച്ച നേതാക്കളില്‍ സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടുമുണ്ട്. പക്ഷെ സംഭവിച്ചത് മറിച്ചാണെന്നത് ചരിത്ര യാഥാര്‍ത്ഥ്യം. അടല്‍ജിയുടെ ഭരണനേതൃത്വം രാജ്യത്തിന് അനുഗ്രഹമായിരുന്നു പ്രായത്തിന്റെ അവശതകള്‍ കൂടുതല്‍ സേവനങ്ങള്‍ അസാധ്യമാക്കിയെങ്കിലും അടല്‍ജിയുടെ സംഭാവനകള്‍ ഈ ജന്മദിനാഘോഷത്തില്‍ അഭിമാനപൂര്‍വ്വം ഓര്‍മ്മിക്കാനാവും. താന്‍ തുടങ്ങിവച്ച കാര്യങ്ങള്‍ ലോകമാകെ വ്യാപിപ്പിക്കാന്‍ നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിയുന്നു എന്നതില്‍ അടല്‍ജി തീര്‍ച്ചയായും അഭിമാനിക്കുന്നുണ്ടാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.