തൃപ്പൂണിത്തുറയില്‍ പട്ടാപ്പകല്‍ വ്യാപാരിയുടെ അഞ്ചര ലക്ഷം രൂപ കവര്‍ന്നു

Thursday 24 December 2015 10:51 pm IST

തൃപ്പൂണിത്തുറ: കട തുറക്കാനെത്തെിയ വ്യാപാരിയുടെ അഞ്ചര ലക്ഷവുമായി ദുരൂഹ സാഹചര്യത്തില്‍ അജ്ഞാതന്‍ കടന്നു. പട്ടാപ്പകല്‍ തിരക്കേറിയ കിഴക്കേകോട്ട ജങ്ഷനിലാണ് സംഭവം. കിഴക്കേകോട്ട ജങ്ഷന് സമീപം പലചരക്ക്, സ്‌റ്റേഷനറി മൊത്തക്കച്ചവടം നടത്തുന്ന ഷാജു വര്‍ഗീസാണ് കവര്‍ച്ചക്കിരയായത്. വ്യാഴാഴ്ച രാവിലെ 6.15 ഓടെ ഷാജു കട തുറന്ന ഉടനെ പണമടങ്ങിയ ബാഗുമായി അജ്ഞാതന്‍ കടന്നുകളയുകയായിരുന്നു. കടയുടെ ഷട്ടറുകള്‍ ഉയര്‍ത്തിയ ശേഷം പണമടങ്ങിയ ബാഗ് കടക്കകത്തുവെച്ച് ശുചീകരണം നടത്തുന്നതിനിടെയാണ് അജ്ഞാതന്‍ ബാഗുമായി കടന്നതെന്നാണ് വ്യാപാരിയുടെ പരാതി. വ്യാഴാഴ്ച ചന്ത ദിവസവും ക്രിസ്മസ് കച്ചവടവും കണക്കിലെടുത്താണ് കച്ചവടാവശ്യത്തിനും ജീവനക്കാര്‍ക്ക് ക്രിസ്മസ് ശമ്പളവും നല്‍കുന്നതിനുമായി 5.5 ലക്ഷം രൂപയോളം കരുതിയിരുന്നതെന്ന് കടയുടമ പറയുന്നു. ക്രിസ്മസും തൃപ്പൂണിത്തുറ ചന്ത ദിവസവുമായതിനാല്‍ വ്യാഴാഴ്ച രാവിലെ റോഡില്‍ ജനത്തിരക്ക് തുടങ്ങിയിരുന്നു. ഷാജുവിന്റെ കടയുടെ തൊട്ടുമുന്നില്‍ തന്നെയാണ് എറണാകുളം ഭാഗത്തേക്കുള്ള ബസ്‌റ്റോപ്പ്. കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള ട്രാന്‍സ്‌പോര്‍ട്ട്, സ്വകാര്യ ബസുകള്‍ ഈ സ്‌റ്റോപ്പില്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. അമ്പത് വയസിലധികം പ്രായം തോന്നിക്കുന്നയാളാണ് ബാഗുമായി ജനത്തിരിക്കിലേക്ക് ഓടി മറിഞ്ഞത്. ബാഗുമായി മോഷ്ടാവ് എറണാകുളം ഭാഗത്തേക്കുള്ള ബസില്‍ രക്ഷപ്പെട്ടതായാണ് സൂചന. മോഷണം സംബന്ധിച്ച് കടയുടമ പരാതിയില്‍ ഹില്‍പാലസ് പോലീസ് സ്ഥലത്തത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.