ലോക്പാല്‍ ബില്ല് : സര്‍വ്വകക്ഷിയോഗം ഇന്ന്

Sunday 3 July 2011 1:29 pm IST

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. മന്ത്രിസഭ അംഗീകരിച്ച കരട് സര്‍വ്വകക്ഷി യോഗത്തില്‍ വയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്പാല്‍ ബില്ലിന്റെ കരട് രൂപീകരണ സമിതി യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളും പൊതുസമൂഹത്തിലെ അംഗങ്ങളും തമ്മില്‍ രൂക്ഷമായ അഭിപ്രയ വ്യത്യാസം ഉണ്ടായതോടെയാണ് സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിയെയും കോടതിയെയും ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന പൊതുസമൂഹത്തിന്റെ ആ‍വശ്യമാണ് തര്‍ക്കം രൂക്ഷമാക്കിയത്. പ്രധാനമന്ത്രിയെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജുഡീഷ്യറിയിലെ അഴിമതി പരിശോധിക്കാന്‍ പ്രത്യേക കമ്മിഷന്‍ മതിയെന്നാണ് ഇടതുപക്ഷത്തിന്റെ നിര്‍ദ്ദേശം. യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച എന്‍.ഡി.എ നേതാക്കള്‍ സര്‍ക്കാര്‍ അംഗീകരിച്ച ലോക്പാല്‍ ബില്ലിന്റെ കരട് യോഗത്തില്‍ വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പൊതുസമൂഹം തയാറാക്കിയ കരടും സര്‍വ്വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നാണ് അണ്ണാ ഹസാരെയുടെ നിര്‍ദ്ദേശം. ശിവസേന യോഗം ബഹിഷ്ക്കരിക്കും. ശിവസേനാമേധാവി ബാല്‍ താക്കറെക്കെതിരെ അന്ന ഹസാരെ സംസാരിച്ചതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.