ഭാരത-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ ജനുവരി 15നു കൂടിക്കാഴ്ച നടത്തും

Saturday 26 December 2015 10:29 am IST

ന്യൂദല്‍ഹി: ഭാരത-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ ജനുവരി 15നു കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്കായി ഭാരതത്തില്‍ നിന്നും വിദേശകാര്യ സെക്രട്ടറി എസ് .ജയശങ്കര്‍ ഇസ്ലാമാബാദിലേക്ക് പോകും. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇസ്ലാമാബാദ് സന്ദര്‍ശനത്തിനിടയില്‍ പ്രഖ്യാപിച്ച ഉഭയകക്ഷി ചര്‍ച്ചകളിലെ നടപടി ക്രമങ്ങളാണ് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചയിലെ പ്രധാന വിഷയം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ലാഹോറില്‍ പാക് പ്രധാന മന്ത്രി നവാസ് ഷെരീഫുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്ത വന്നത്. അഫ്ഗാൻ സന്ദർശനം കഴിഞ്ഞ്​ ഭാരതത്തിലേക്ക്​ മടങ്ങുന്ന വഴിയാണ്​ പാക്കിസ്ഥാന്‍ സന്ദർശിക്കാൻ നരേന്ദ്രമോദി തീരുമാനിച്ചത്​. ലാഹോറിൽ വെച്ച് പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ചക്ക് കാത്തിരിക്കുന്നു എന്ന് മോദി ട്വീറ്റ്​ ചെയ്​തതോടെയാണ്​പാക് സന്ദർശനം ലോകം അറിഞ്ഞത്​. ലാഹോർ അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ പാക്​ ​പ്രധാനമന്ത്രി നവാസ്​ഷെരീഫ് നേരിട്ടെത്തിയാണ്​സ്വീകരിച്ചത്​. ലാഹോറിലെ വസതിയിൽ നടന്ന ചർച്ചക്ക് ശേഷം ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹച്ചടങ്ങിലും മോദി പങ്കെടുത്തു. നരേന്ദ്രമോദിയുടെ സന്ദർശനം ശുഭസൂചനയാണെന്നും ചർച്ചകൾ ശരിയായ ദിശയിലാണ്​ നീങ്ങുന്നതെന്നും ​ പാക്​ വിദേശകാര്യ സെക്രട്ടറി ​ഐസാസ്​ അഹ്​മദ്​ ചൗധരി അറിയിച്ചു. ഇരു രാജ്യങ്ങളും നന്മയാണ്​ ആഗ്രഹിക്കുന്നത്​. നല്ല അയൽക്കാരായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നവംബര്‍ 30ന് പാരീസില്‍ നടന്ന കാലാവസ്ഥ വ്യതിയാന ഉച്ചക്കോടിയില്‍ പങ്കെടുക്കാനെത്തിയ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം ഹാര്‍ട്ട് ഒഫ് ഏഷ്യ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാനായി ഭാരത വിദേശകാര്യ മന്ത്രിയും പാക്കിസ്ഥാനില്‍ എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.