കോട്ടയം: സര്‍ക്കാരിനെ വിലയിരുത്തേണ്ടത് വ്യക്തികളല്ല ജനങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്കെതിരേ ഹൈക്കമാന്‍ഡിന് കത്തയച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
കത്തിലെ ഉള്ളടക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനില്ലെന്ന മുഖവുരയോടെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചാനലില്‍ വരുന്ന ബ്രേക്കിങ് ന്യൂസുകള്‍ക്ക് പിറകെ പോകുന്ന ആളല്ല താനെന്നും അങ്ങനെ പോയവര്‍ കുടുങ്ങിയിട്ടുണ്ടെന്നും കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
ആരെങ്കിലും സ്വന്തം നിലയില്‍ സര്‍ക്കാരിനെ വിലയിരുത്തുന്നുണ്ടെങ്കില്‍ അത് ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്തയച്ചത്.
തുടര്‍ച്ചയായ അഴിമതിക്കഥകള്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായയ്ക്ക് കോട്ടം ഉണ്ടാക്കിയെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. വിവാദമായതോടെ താനല്ല കത്തയച്ചതെന്ന വാദവുമായി ചെന്നിത്തല രംഗത്തെത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: