ജാബുവയും ദാദ്രിയും ക്രൂശിത സത്യങ്ങളും

Saturday 26 December 2015 8:19 pm IST

സത്യമേവജയതേ എന്നത് നമ്മുടെ രാഷ്ട്രത്തിന്റെ ആദര്‍ശവാക്യവും മുഖമുദ്രയുമാണ്. സത്യമാണീശ്വരന്‍ എന്ന് ഉരുവിട്ട് പഠിപ്പിച്ച ഗാന്ധിജിയാണ് ഭാരതം പിന്തുടരുന്ന മികച്ച മാതൃക. വേദ-ഉപനിഷത് സംസ്‌കാരം നെഞ്ചിലേറ്റിക്കൊണ്ടാണ് ഗാന്ധിജി സത്യത്തേ സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തിയതും മറ്റുള്ളവരോട് പകര്‍ത്താനാവശ്യപ്പെട്ടതും. എന്നാല്‍ സത്യത്തെ കുഴിച്ചുമൂടുന്നതില്‍ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പങ്ക് വളരെ വലുതാണ്. 1998 ല്‍ ബിജെപി അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ ലോകമാസകലം ഭാരത ഭരണകൂടത്തിനും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ എടുത്തു പ്രയോഗിച്ച ആയുധമായിരുന്നു മധ്യപ്രദേശില്‍ നടന്ന ജാബുവ സംഭവം. എന്നാല്‍ പ്രസ്തുത സംഭവത്തില്‍ ആസൂത്രിതമായി നടത്തിയ കുപ്രചരണം 'ക്ലൈമാക്‌സി'ല്‍ എത്തുമ്പോള്‍ സംഘപരിവാറിനെ എതിരാളികള്‍ പ്രതികൂട്ടിലാക്കുകയായിരുന്നു. കന്യാസ്ത്രീമഠത്തിലെ ബലാല്‍സംഗമായിരുന്നു കേസിനാസ്പദമായ സംഭവം. എന്നാല്‍ പിന്നീട് പ്രതികളായി പിടിക്കപ്പെട്ട് കോടതിയില്‍ ഹാജരാക്കിയവരില്‍ സംഘപരിവാറില്‍പ്പെട്ടവരാരുംതന്നെ പ്രതികളായി ഉണ്ടായിരുന്നില്ല. കുറ്റപത്രത്തിലുള്‍പ്പെട്ട പ്രതികളില്‍ ഭൂരിഭാഗവും വനവാസികളായ മതംമാറ്റപ്പെട്ട ക്രിസ്ത്യാനികളായിരുന്നു എന്ന് അവസാനം തെളിയുകയാണുണ്ടായത്. കോണ്‍ഗ്രസ്സായിരുന്നു അന്ന് മധ്യപ്രദേശ് സംസ്ഥാനം ഭരിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍പ്പോലും പള്ളിക്കാര്‍ തെരുവിലിറങ്ങി ഇടത്-വലത് മുന്നണികളെ ഉപയോഗിച്ച് ആര്‍എസ്എസിനെതിരെ സ്‌കൂള്‍ കുട്ടികളെപ്പോലും അണിനിരത്തുകയായിരുന്നു. ഈ കുപ്രചരണങ്ങള്‍ക്ക് പാത്രീഭവിച്ച സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നിരപരാധിത്വം പുറത്തുകൊണ്ടുവരുമ്പോഴേക്കും പ്രചരണ മേഖലയില്‍ വിഷയം ആന്റി ക്ലൈമാക്‌സിലെത്തിയിരുന്നു. അതുകൊണ്ടുതന്നെ സംഘപരിവാറിന്റെ നിരപരാധിത്വം ഇന്നുവരെ കേരളത്തില്‍ ആരും അറിയാന്‍ ഇടയായിട്ടുമില്ല. വാജ്‌പേയി സര്‍ക്കാരിന്റെ രാജിക്കുശേഷം ഒരു ദശകം പൂര്‍ത്തിയാകുമ്പോഴേക്കും ഇന്ത്യയിലെ ജനങ്ങള്‍ ആര്‍എസ്എസ് പ്രചാരകനായിരുന്ന നരേന്ദ്രമോദിയെ ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലെത്തിക്കുകയാണുണ്ടായത്. ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലെത്തിയത് വ്യക്തമായും പ്രബലമായ രണ്ട് ന്യൂനപക്ഷ മതവിഭാഗങ്ങളുടെ എതിര്‍പ്പിനെ അതിജീവിച്ചുകൊണ്ടാണ്. നരേന്ദ്രമോദി അധികാരത്തില്‍വരാതിരിക്കാനായി പല കോണുകളില്‍നിന്നും ഫത്വകളും ഇടയലേഖനങ്ങളുമൊക്കെ അനസ്യൂതം പ്രവഹിച്ച ചരിത്രവും വിസ്മരിക്കാനാവില്ല. എന്നാല്‍ മൂന്ന് പതിറ്റാണ്ടിനുശേഷം ഇന്ത്യയില്‍ ഏകകക്ഷി ഭരണത്തിന് ജനങ്ങള്‍ പച്ചക്കൊടി കാട്ടിയ കാലഘട്ടമായി ചരിത്രം ബിജെപി വിജയത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്രമോദിയും മന്ത്രിസഭാംഗങ്ങളും ക്രിസ്ത്യന്‍-മുസ്ലീം വിഭാഗങ്ങളുള്‍പ്പെടെ എല്ലാവര്‍ക്കും തുല്യനീതിയും വിവേചനമോ വിദ്വേഷമോ ഇല്ലാത്ത തുല്യ പരിഗണനയുമാണ് ഇവിടെ നല്‍കിവരുന്നത്. വാജ്‌പേയിയുടെ കാലത്തെ ജാബുവ സംഭവം, രാജ്‌കോട്ടിലെ ബൈബിള്‍ കത്തിക്കല്‍ സംഭവം, ഒറീസയിലെ സ്റ്റെയിന്‍സ് വധം തുടങ്ങി ബിജെപിയെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും കരിവാരിതേച്ചുകൊണ്ട് അപകീര്‍ത്തിപ്പെടുത്തിയ എല്ലാ കേസുകളും അന്തിമഫലം വന്നപ്പോള്‍ സംഘത്തിനനുകൂലമായിരുന്നു. എന്നാല്‍ നിരപരാധിത്വം വെളിപ്പെടുമ്പോഴേക്കും അതെല്ലാം ജനങ്ങള്‍ വിസ്മരിച്ചുകഴിഞ്ഞിരുന്നു. ഇത്തരം സംഭവങ്ങളിലൊന്നും സത്യം ജനങ്ങളിലേക്കെത്തിക്കാന്‍ ആരും മുന്നോട്ടുവന്നില്ല എന്നത് ഇപ്പോള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ആര്‍ക്കെതിരെയും എപ്പോള്‍ വേണമെങ്കിലും എന്താരോപണവും ഉന്നയിക്കാന്‍ ലൈസന്‍സുള്ള നാടാണ് ഇന്ത്യ. എന്നാല്‍ അത്തരം ആരോപണങ്ങളില്‍ കഴമ്പില്ലെന്ന സത്യം തെളിയിക്കപ്പെടുമ്പോള്‍ അത് ജനങ്ങളിലേക്കെത്തിപ്പെടാത്ത സാഹചര്യമാണിവിടുള്ളത്. പീഡിതര്‍ക്കുവേണ്ടിയുള്ള സമര്‍പ്പണമാണ് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം എന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തിലെ സഭാ നേതൃത്വങ്ങള്‍ ഒരിക്കല്‍പോലും ജാബുവ സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുതകളും തെളിയിക്കപ്പെട്ട സത്യവും ജനങ്ങളിലേക്കെത്തിക്കാന്‍ തയ്യാറായിട്ടില്ല. നരേന്ദ്രമോദി അധികാരമേറ്റതിനെ ഇഷ്ടപ്പെടാത്ത ഒട്ടേറെ ശക്തികള്‍ ആസൂത്രിതമായി പ്രധാനമന്ത്രിയേയും ഭരണകൂടത്തേയും താറടിച്ചുകാണിക്കാനും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെകുറിച്ച് ജനങ്ങളുടെ മനസ്സില്‍ തെറ്റിദ്ധാരണ വരുത്താനും ശ്രമിച്ചുവരികയാണ്. നരേന്ദ്രമോദി ഭരണകൂടത്തെ വെച്ചുപ്പൊറുപ്പിക്കില്ലെന്നുള്ള തെറ്റായ നിലപാടിലാണ് പ്രതിപക്ഷ കക്ഷികളും ഒരു വിഭാഗം ക്രിസ്ത്യന്‍-മുസ്ലീം മതനേതൃത്വങ്ങളുമുള്ളത്. ഇവരുടെ കുത്സിതശ്രമങ്ങള്‍ക്ക് കുഴലൂത്ത് നടത്താനും സത്യത്തെ വളച്ചൊടിച്ച് കുഴിച്ചുമൂടി വാര്‍ത്തകള്‍ മെനഞ്ഞെടുക്കാനും വിരുതുള്ള ഒരു കൂട്ടം മീഡിയകള്‍ ഇവിടെ ആസൂത്രിതമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ ജീവിതം ഇന്ത്യയില്‍ സുരക്ഷിതമല്ലെന്ന് രാജ്യത്തിനകത്തും പുറത്തും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുകയാണ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്ന് ലോകമെമ്പാടും കുപ്രചരണം നടത്തുന്നവരാണ് പാകിസ്ഥാനും ഒട്ടേറെ ഭീകര സംഘടനകളും. ഇവരുടെ കൈയ്യില്‍ പ്രചരണ ആയുധമെത്തിച്ചു കൊടുക്കുകയാണ് കോണ്‍ഗ്രസും ചില ന്യൂനപക്ഷ സംഘടനകളും അവരെ പിന്താങ്ങുന്ന മാധ്യമപ്രവര്‍ത്തകരും ചെയ്യുന്നത്. അന്ധമായ ബിജെപി വിരോധത്താല്‍ മാനിയാക്കുകളായി വംശനാശത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന ഇടതുകക്ഷികളും ഇക്കാര്യത്തില്‍ സമര്‍ത്ഥന്മാരാണ്. ഇക്കൂട്ടരെല്ലാം ചേര്‍ന്ന് മെനഞ്ഞെടുത്ത ദാദ്രി സംഭവത്തിന്റെ തുടര്‍ ദൃശ്യങ്ങളും അവര്‍ ജനങ്ങളില്‍നിന്നും മറച്ചുവെയ്ക്കുകയാണ്. 2014 സെപ്റ്റംബര്‍ അവസാനത്തില്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലഖ് എന്ന ഒരാളെ വീടാക്രമിച്ച് കൊലപ്പെടുത്തിയ സംഭവമാണ് ദാദ്രി സംഭവമെന്നറിയപ്പെടുന്നത്. മുലായംസിംഗ് യാദവിന്റെ പാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നടന്ന ഈ ദാരുണ സംഭവത്തില്‍ കേസെടുക്കാനും കുറ്റാന്വേഷണം നടത്താനും പ്രതികളെ കണ്ടെത്തി നിയമത്തിന്റെ വിചാരണയ്ക്ക് വിധേയമാക്കി ശിക്ഷിപ്പിക്കാനുമുള്ള ബാധ്യത അവിടുത്തെ സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര അന്വേഷണം ആവശ്യമെങ്കില്‍ അതിനുത്തരവിടാന്‍ ഉന്നത നീതിപീഠങ്ങള്‍ക്കും അതിനു ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനും മാത്രമാണ് ഭരണഘടനപ്രകാരം അവകാശമുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് നേരിട്ട് ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ല. പശു ഇറച്ചി ഉപയോഗിക്കുന്നതും പശുവിനെ കൊല്ലുന്നതും നിയമപ്രകാരം കുറ്റകരമാക്കപ്പെട്ട സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. തെറ്റിദ്ധാരണയിലൂന്നിയ കുപ്രചരണത്തിന്റെ ബലിപീഠത്തില്‍ നിസ്സഹായനായി ജീവന്‍ നഷ്ടപ്പെട്ട ഒരാളാണ് സംഭവത്തിന് ഇരയായ മുഹമ്മദ് അഖ്‌ലഖ്. ഈ സംഭവത്തെ ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ പ്രസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. സംഭവം സംഘപരിവാര്‍ ഗൂഢാലോചനയാണെന്നും ഹിന്ദു സംഘടനകള്‍ ഒത്തുചേര്‍ന്ന് മുഹമ്മദിനെ ആസൂത്രിതമായി വകവരുത്തിയെന്നുമായിരുന്നു കപട മതേതതരക്കാരായ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് കക്ഷികളും അവര്‍ക്ക് കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും രാജ്യത്തിനകത്തും പുറത്തും പ്രചരിപ്പിച്ചത്. കേസിലെ മുഖ്യ പ്രതികളില്‍ സംഘപരിവാര്‍-ബി.ജെ.പി. പ്രസ്ഥാനങ്ങളില്‍പ്പെട്ടവരാണെന്നും ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിച്ചത്. രാജ്യത്ത് ന്യൂനപക്ഷങ്ങളുള്‍പ്പെടെ വലിയൊരു വിഭാഗം ജനങ്ങളുടെ മനസ്സില്‍ ആശങ്കയും ഭയപ്പാടും സൃഷ്ടിക്കാന്‍ കുപ്രചരണങ്ങള്‍ ഇടയാക്കിയിരുന്നു. കേരളത്തില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍പോലും ദാദ്രിസംഭവം ഇന്ധനമാക്കിയുള്ള വിഷലിപ്ത പ്രചരണംവഴിയാണ് സി.പി.എം. നേട്ടങ്ങളുണ്ടാക്കിയിട്ടുള്ളത്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉള്‍പ്പെടെ ഒട്ടേറെ സംഘടനകള്‍ ചെയ്യാത്ത കുറ്റത്തിന്റെപേരില്‍ ബിജെപി-സംഘപ്രവര്‍ത്തകരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള നിലപാടുകളുമായാണ് ഇക്കാര്യത്തില്‍ രംഗത്തിറങ്ങിയത്. എന്നാലിപ്പോള്‍ പ്രസ്തുത സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഉത്തര്‍പ്രദേശ് പോലീസ് ഗ്രെയ്റ്റര്‍ നോയിഡ കോടതി മുമ്പാകെ കുറ്റപത്രം ഫയലാക്കിയപ്പോള്‍ പ്രതികളായ 19 പേരില്‍ ഒരാള്‍പോലും സംഘ-ബിജെപി ബന്ധമുള്ള പ്രതികളല്ലെന്ന് തെളിഞ്ഞിരിക്കുന്നു. ഒരു പ്രാദേശിക ബിജെപി പ്രവര്‍ത്തകന്റെ ബന്ധുക്കളായ രണ്ട് പേരെ ഒഴിച്ചു നിര്‍ത്തിയാല്‍ ആരുംതന്നെ സംഘപരിവാര്‍ കടുംബങ്ങളുമായും പുലബന്ധംപോലുമുള്ളവരല്ലെന്നാണ് പ്രതിപട്ടിക കാട്ടുന്നത്. ഇവരില്‍ 15 പേരെ മരിച്ചയാളിന്റെ മകളും രണ്ട് ദൃക്‌സാക്ഷികളും തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. പ്രസ്തുത കേസിനു പിന്നില്‍ യാതൊരുവിധ ഗൂഢാലോചനയും നടന്നിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത സംഭവമല്ലെന്നും മറിച്ച് പശു ഇറച്ചി കണ്ടെത്തിയെന്നുള്ള കുപ്രചരണത്തെ തുടര്‍ന്ന് പ്രകോപിതരായ ഒരു വിഭാഗം ആളുകള്‍ പ്രക്ഷുബ്ധതയില്‍ നടത്തിയ സംഭവമായിട്ടാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ദാദ്രി കേസില്‍ മുഖ്യപ്രതിയായി ഒരാളെപോലും പോലീസ് ചൂണ്ടിക്കാട്ടുന്നില്ല. ഇപ്പോള്‍ പ്രതികളാക്കപ്പെട്ടവരുടെ യഥാര്‍ത്ഥ പങ്ക്‌പോലും കോടതിയില്‍ വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് കഴിയുന്നുമില്ല. ചുരുക്കത്തില്‍ ദേശമാസകലം നടത്തിയ കുപ്രചരണത്തിലെ ആരോപിക്കപ്പെട്ട കാര്യങ്ങളായ ആസൂത്രിത ശ്രമങ്ങളും ഗൂഢാലോചനയും തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കുടുംബത്തിന് കനത്ത നഷ്ടമുണ്ട്. നാടിന്റെ യശസ്സിനും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും ഏല്‍ക്കേണ്ടിവന്ന മുറിവുകള്‍ കടുത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇതെല്ലാം കപട മതേതരക്കാരുടെ കള്ളക്കളിമൂലമുണ്ടായിട്ടുള്ള ദുഷ്ഫലങ്ങളാണ്. സ്വാതന്ത്ര്യവും ജനാധിപത്യം എന്നീ പദങ്ങള്‍ക്ക് ഉത്തരവാദിത്തമെന്ന അര്‍ത്ഥം കൂടിയുണ്ടെന്നത് ഇക്കൂട്ടരൊക്കെ ബോധപൂര്‍വ്വം മറക്കുകയാണ്. സത്യത്തോട് പ്രതിബദ്ധതയുള്ളവര്‍ ഇനിയെങ്കിലും ഇതിലുള്‍പ്പെട്ട നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തി ജനങ്ങളോട് മാപ്പ് ചോദിക്കയാണ് വേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.