ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ് നാട്ടില്‍ രാഷ്ട്രീയ പടയൊരുക്കം

Saturday 26 December 2015 9:07 pm IST

പുനലൂര്‍: തമിഴ്‌നാട്ടില്‍ കാര്‍ഷികോത്സവത്തിന്റെ പേരില്‍ ക്ലബുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ നടത്തി വരുന്ന ജെല്ലിക്കെട്ട് മത്സരത്തിന് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ഡിഎംകെയുടെ നീക്കം. കേന്ദ്രസര്‍ക്കാരിനെയും സംസ്ഥാനസര്‍ക്കാരിനെയും ഉത്തരവാദികളാക്കി ചിത്രീകരിച്ചാണ് ഡിഎംകെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്.ഈ പ്രശ്‌നത്തില്‍ നാളെ മുതല്‍ ഡിഎംകെ നേതാവ് കരുണാനിധിയുടെ മകന്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിക്കും. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അട്ടിമറിച്ച് നടക്കുന്ന ജെല്ലിക്കെട്ട് മത്സരം നിരവധി പേരുടെ മരണത്തിനും മറ്റ് ദുരിത പൂര്‍ണമായ അപകടങ്ങള്‍ക്കും കാരണമാകുന്നതായാണ് കോടതിയുടെ നീരീക്ഷണം. നിരോധനം നിലനില്‍ക്കെ കേരളത്തിന്റെ സമീപ ജില്ലയായ മധുരയിലെ പാലമേട്, ശിറവയല്‍, അവനിയാപുരം, അളകനല്ലൂര്‍ എന്നിവടങ്ങളില്‍ കാളപ്പോര് അരങ്ങേറിയിരുന്നു. രഹസ്യമായി സംഘടിപ്പിച്ച മത്സരം സര്‍ക്കാരും മറ്റ് അധികൃതരും അറിഞ്ഞിട്ടും നടപടിയുണ്ടായില്ല. പാലമേട്ടില്‍ മാത്രം എഴുന്നൂറ് കാളകെളയാണ് മത്സരത്തിന് എത്തിച്ചത്. എന്നാല്‍ പരിശോധനയ്ക്ക് ശേഷം കുറച്ച് ഉരുക്കള്‍ മാത്രമാണ് മത്സരിച്ചത്. മനുഷ്യരും ഉരുക്കളും തമ്മിലുള്ള മരണ മത്സരമെന്ന് വിശേഷിപ്പിക്കുന്ന കാളപ്പോര് കാണുവാന്‍ വിദേശികളടക്കം നിരവധി പേരാണ് ഈ സ്ഥലങ്ങളില്‍ എത്തിച്ചേരുന്നത്. കാളപ്പോര് മത്സരത്തില്‍ 21നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. ചീറിയടുക്കുന്ന ഉരുക്കളെ ആയുധമില്ലാതെ കീഴ്‌പ്പെടുത്തുന്നവരെയാണ് വിജയികളായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ ശിവഗംഗ, രാമനാഥപുരം, തിരുനെല്‍വേലി, തേനി ജില്ലകളില്‍ മാസങ്ങളോളം മനുഷ്യനോട് അധികം ഇടപഴകാന്‍ അനുവാദം നല്‍കാതെ പ്രത്യേക പരിശീലനം നല്‍കിയ ക്രൂരസ്വഭാവമുള്ള ഉരുക്കളെയാണ് മത്സരത്തിനിറക്കാന്‍ തയ്യാറാക്കുന്നത്. മത്സരവേദിയിലെത്തുന്നതിന് മുമ്പ് ഗ്ലൂക്കോസില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയും വൃഷണത്തില്‍ മുളക് പുരട്ടിയും വര്‍ദ്ധിതവീര്യത്തില്‍ നില്‍ക്കുന്ന കാളക്കൂറ്റനെ ചുമന്നതുണി കാട്ടിയാണ് മത്സരവേദിയിലേക്ക് ക്ഷണിക്കുന്നത്. ചുറ്റും ഒന്നരയാള്‍ പൊക്കത്തില്‍ സ്ഥാപിച്ച കമ്പിവേലിക്കുള്ളിലാണ് മത്സരമെന്നതിനാല്‍ പോരുകാളയ്‌ക്കോ മത്സരാര്‍ത്ഥിക്കോ പുറത്തുകടക്കാനും സാധിക്കില്ല. ഇത്് അപകട സാധ്യത കൂട്ടുന്നു. നിരവധി മനുഷ്യാവകാശ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പില്‍ക്കാലത്ത് ഇത് നിരോധിച്ചത്. ഈ മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്കോ മരിക്കുന്നവര്‍ക്കോ കാര്യമായി ഒന്നും തന്നെ കിട്ടുന്നില്ലെന്നും ഇത്തരത്തിലുള്ള മത്സരങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍. ഇതിനെതിരെയാണ് ഡിഎംകെ ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തു വരുന്നത്. നാളെ ആരംഭിക്കാനിരിക്കുന്ന സ്റ്റാലിന്റെ സത്യാഗ്രഹ സമരം വരുംദിവസങ്ങളില്‍ ശക്തിപ്പെടാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ തമിഴ്‌നാടടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന അയ്യപ്പഭക്തന്മാരെ ഉള്‍പ്പടെ സമരം കാര്യമായി ബാധിക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.