ദുരന്തങ്ങളില്‍ സമൂഹത്തിനെന്നും കൈത്താങ്ങായത് ആര്‍എസ്എസ്

Saturday 26 December 2015 9:02 pm IST

അമ്പലപ്പുഴ/ പൂച്ചാക്കല്‍: ഭരണകൂടങ്ങള്‍ പകച്ചുനിന്നപ്പോഴൊക്കെ സമൂഹത്തിന് കൈത്താങ്ങായത് ആര്‍എസ്എസ്സായിരുന്നുവെന്ന് സംഭാഗ് കാര്യവാഹ് പ്രസാദ് ബാബു. ആര്‍എസ്എസ് കലവൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, എടത്വ താലൂക്കുകളുടെ പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ സമാപന സദസില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം ദുരന്തങ്ങള്‍ നേരിട്ടപ്പോളെല്ലാം ഭരണകൂടങ്ങള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്നിട്ടുണ്ട്. അപ്പോഴെല്ലാം ആരുടെയും നിര്‍ദ്ദേശമില്ലാതെ സംഘപ്രവര്‍ത്തകര്‍ പൂര്‍ണമനസോടെ രംഗത്തിറങ്ങി പ്രവര്‍ത്തിക്കുകയായിരുന്നു. അതിനാല്‍ തന്നെ ദേശത്തും വിദേശത്തും ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രസ്ഥാനമായി ആര്‍എസ്എസ് മാറിക്കഴിഞ്ഞു. ആര്‍എസ്എസ്സിനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ ഉത്തരം ആവശ്യപ്പെട്ട് മുതിര്‍ന്ന പ്രചാരകനെ സമീപിച്ച ആളോട് സംഘം നാടിന്റെ ജൈവ പരിണാമമാണെന്ന ഉത്തരമാണ് അദ്ദേഹം നല്‍കിയത്. സംഘപ്രവര്‍ത്തനങ്ങളുടെയെല്ലാം ശക്തി ശിബിരങ്ങളാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ എങ്ങനെ മാതൃകയായി ജീവിക്കാമെന്ന് ശിബിരങ്ങളിലൂടെ പ്രവര്‍ത്തകന്‍ പഠിക്കുന്നു. രാജ്യത്തെ മുഴുവന്‍ സമാജത്തിനും സംഘത്തിന്‍രെ പ്രവര്‍ത്തനം ആത്മവിശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംഗീതസംവിധായകന്‍ ആലപ്പി വിവേകാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ശിബിരം തനിക്ക് പുതിയ അനുഭവമാണ് പകര്‍ന്നുനല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ശിബിരാധികാരി മേജര്‍ എ.കെ. ധനപാലന്‍ പങ്കെടുത്തു. ശിബിര കാര്യവാഹ് ബിജു തലവടി സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് ചേര്‍ത്തല, പാണാവള്ളി, തുറവൂര്‍ താലൂക്കുകളിലെ പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ സമാപന സമ്മേളനത്തില്‍ തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ തഹസീല്‍ദാര്‍ പി.എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രതാല്പര്യമാകണം ജനാധിപത്യത്തിന്റെ കാതല്‍ പൂച്ചാക്കല്‍: അംബേദ്ക്കര്‍ വിഭാവനം ചെയ്ത ഭരണഘടനയിലെ സമത്വത്തെ തമസ്‌ക്കരിച്ച് കൊണ്ട് പ്രലോഭന, പ്രീണന രാഷ്ട്രീയ പ്രവര്‍ത്തനം ചിലര്‍ നടത്തുന്നത് ജനാധിപത്യത്തിന് കളങ്കമാണെന്നും, രാഷ്ട്രതാല്പര്യം മാത്രമാകണം ജനാധിപത്യത്തിന്റെ കാതല്‍ എന്നും ആര്‍എസ്എസ് പരിശീലന സമാപന പരിപാടിയില്‍ തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ ആഹ്വാനത്തിന്റെ പിന്‍ബലമായിരുന്നു ആര്‍ എസ് എസിന്റെ രൂപീകരണത്തിന് കാരണം. മതേതരത്വത്തിനെ മൂടുപടമാക്കി നാടിനെ മതവത്ക്കരിക്കുവാനുള്ള ശ്രമം അപകടകരമാണ്. ലോകത്ത് നേപ്പാളും, ഭാരതവും മാത്രമാണ് മതേതരത്വ രാജ്യമായി നിലനില്‍ക്കുന്നത് അതിന്റെ കാരണം ഹിന്ദു ജനസംഖ്യ ഭൂരിപക്ഷമായതിനാലാണ്. ആര്‍എസ്എസ് സംസ്ഥാന ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി. ഉണ്ണികൃഷ്ണന്‍, വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍ , ശിബിര കാര്യവാഹ് കെ.ആര്‍. സുബ്രഹ്മണ്യന്‍, ശിബിര അധികാരി വി. പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ പ്രവര്‍ത്തകര്‍ പൂച്ചാക്കല്‍ ടൗണ്‍ ചുറ്റി റൂട്ട് മാര്‍ച്ച് നടത്തി ശ്രീനാരായണ സ്‌കൂളില്‍ സമാപിച്ചശേഷം ശാരീരിക വ്യായാമ പ്രദര്‍ശനവും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.