തങ്കയങ്കി പ്രഭയില്‍ തിരുസന്നിധാനം; മണ്ഡലപൂജ തൊഴാന്‍ ഭക്തജനലക്ഷങ്ങള്‍

Saturday 26 December 2015 9:56 pm IST

ശബരിമല: മണ്ഡലകാലത്തിന് പരിസമാപ്തികുറിച്ച് ഇന്ന് ഉച്ചയ്ക്ക് 11.02നും 11.39നും മദ്ധ്യേയുള്ള കുംഭംരാശി ശുഭമുഹൂര്‍ത്തത്തില്‍ മണ്ഡലപൂജ നടക്കും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും യാത്രയായ തങ്കയങ്കി ഘോഷയാത്ര ഇന്നലെ വൈകിട്ടോടെ തിരുസന്നിധിയില്‍ എത്തിയപ്പോള്‍ സന്നിധാനം ശരണാരവത്താല്‍ മുഴങ്ങി. തങ്കയങ്കി ചാര്‍ത്തി നടത്തിയ ദീപാരാധനയില്‍ ശ്രീധര്‍മ്മശാസ്താവിന്റെ തിരുമുഖം ദര്‍ശിക്കാന്‍ പതിനായിരങ്ങള്‍ സന്നിധാനത്തും പരിസരത്തും തിങ്ങിനിറഞ്ഞു. അയ്യനു ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നലെ വൈകിട്ട് 5ന് ശരംകുത്തിയില്‍ എത്തിയതോടെ ദേവസ്വം എക്‌സിക്യൂട്ടിവ് ആഫീസര്‍ ബി. എന്‍. രേണുഗോപാലിന്റെ നേതൃത്വത്തില്‍ അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരണം നല്‍കി. തകില്‍, നാദസ്വരം, പഞ്ചവാദ്യം, ചെണ്ട എന്നീ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിച്ചു. ശരണപാതയുടെ ഇരുവശങ്ങളിലും കര്‍പ്പൂരം കത്തിച്ചുവച്ച് ഭക്തലക്ഷങ്ങള്‍ ശരണമന്ത്രം ഉരുവിട്ടു. പതിനെട്ടാംപടികയറി കൊടിമരച്ചുവട്ടിലെത്തിയ തങ്കയങ്കിയ്ക്ക് വൈകിട്ട് ആറിന് പതിനെട്ടാംപടിക്കടുത്ത് വച്ച് തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം ബോര്‍ഡംഗങ്ങളായ പി കെ കുമാരന്‍, അജയ് തറയില്‍, പൊലീസ് കോ-ഓര്‍ഡിനേറ്റര്‍ എഡിജിപി കെ. പത്മകുമാര്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ. ബാബു, ദേവസ്വം കമീഷണര്‍ സി. പി. രാമരാജ പ്രേമപ്രസാദ്, ചീഫ് എഞ്ചിനീയര്‍ ജി. മുരളീകൃഷ്ണന്‍ അയ്യപ്പസേവാസംഘം ജനറല്‍ സെക്രട്ടറി വേലായുധന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സോപാനത്തിലെത്തിച്ച തങ്കയങ്കി തന്ത്രി കണ്ഠര് മഹേഷ്‌മോഹനര് മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീലകത്ത് എത്തിച്ചു. തുടര്‍ന്ന് നടയടച്ച് അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി. തങ്കയങ്കി ചാര്‍ത്തിയുളള ദീപാരാധന കണ്ടുതൊഴാന്‍ സന്നിധാനത്ത് ഭക്തജനങ്ങളുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. അങ്കി പ്രഭയില്‍ അയ്യനെ ദര്‍ശിച്ച് ആത്മസായൂജ്യമായി ഭക്തലക്ഷങ്ങള്‍ മലയിറങ്ങുന്നതോടെ ഈവര്‍ഷത്തെ മണ്ഡലപൂജയ്ക്ക് പരിസമാപ്തിയാകും. ഇനി മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30ന് നടതുറക്കും. 2016 ജനുവരി പതിനാലിനാണ് തിരുവാഭരണം ചാര്‍ത്തിയുള്ള സംക്രമപൂജ നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.