എരുമേലി: എരുമേലി പമ്പാ റോഡില്‍ നടന്ന രണ്ട് വാഹനാപകടങ്ങളില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മുക്കൂട്ടുതറക്ക് സമീപം നടന്ന അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മുട്ടപ്പള്ളി സ്വദേശി കരിക്കോട്ട് അനില്‍കുമാര്‍ (40) നാണ് സാരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ മുക്കൂട്ടുതറ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. പമ്പില്‍ നിന്നും ഇറങ്ങിവരുന്ന ബസിനെ കണ്ട് തീര്‍ത്ഥാടകരുടെ കാര്‍ പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് പിന്നാലെയെത്തിയ ഓട്ടോ കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
എരുത്വാപ്പുഴ കയറ്റത്തായിരുന്നു രണ്ടാമത്തെ അപകടം. ഹരിപ്പാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ എരുത്വാപ്പുഴയില്‍ നിന്നും എരുമേലിയിലേക്ക് വരുന്നതിനിടെ ഇറക്കത്തില്‍ മറ്റൊരു തീര്‍ത്ഥാടക വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: