തപസ്യ സാംസ്‌കാരിക തീര്‍ത്ഥയാത്ര ജനുവരി 3ന് ആരംഭിക്കും

Saturday 26 December 2015 10:53 pm IST

തിരുവനന്തപുരം: തപസ്യ കലാ സാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന സാംസ്‌കാരിക തീര്‍ത്ഥയാത്ര കന്യാകുമാരിയില്‍ നിന്നു ജനുവരി 3ന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്റെ ഭാഷ, എന്റെ ഭൂമി, എന്റെ സംസ്‌കാരം എന്ന സന്ദേശവുമായി കന്യാകുമാരിയില്‍ നിന്ന് ഗോകര്‍ണ്ണം വരെ നടക്കുന്ന സാഗരതീരയാത്ര സംഗീതജ്ഞന്‍ ഗംഗൈ അമരന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി ഒന്നിന് മൂകാംബിയില്‍ നിന്ന് ആരംഭിച്ച് 17ന് കന്യാകുമാരിയില്‍ സമാപിക്കുന്ന സഹ്യാദ്രി യാത്രയും നടത്തും. അടുത്ത തലമുറയെ കരുപ്പിടിപ്പിക്കാനും അവരുടെ സര്‍ഗ്ഗശേഷിയെ വളര്‍ത്താനും പര്യാപ്തമായതാണ് നമ്മുടെ ഭൂമിയും ഭാഷയും. എന്നാല്‍ ആധുനികതയുടെ കടന്നുകയറ്റം എല്ലാം നമുക്ക് നഷ്ടമാക്കുന്നു. ഈ അപകടകരമായ പ്രതിസന്ധികളെ തിരിച്ചറിയുവാനും അവയെ തരണം ചെയ്യുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയുമാണ് സാഗരതീരയാത്രയിലൂടെ ലക്ഷ്യമിടുന്നത്. കുന്നിടിച്ചും കാടുവെട്ടിത്തെളിച്ചും പ്രാകൃത രീതിയില്‍ മുന്നേറുന്ന സമൂഹത്തിനൊരു ഉണര്‍ത്തുപാട്ടായാണ് സഹ്യാര്‍ദ്രി യാത്ര നടത്തുന്നത്. യാത്ര കടന്നു പോകുന്ന സ്ഥലങ്ങളില്‍ അതാത് സ്ഥലങ്ങളിലെ സംസ്‌കാരിക നായകന്‍മാര്‍ സ്വീകരണം നല്കും. വാര്‍ത്താ സമ്മേളനത്തില്‍ കവി പി.നാരായണക്കുറുപ്പ്, പ്രൊഫ.ഹരിദാസ്,പൂജപ്പുര കൃഷ്ണന്‍നായര്‍, രാജപ്പന്‍നായര്‍, പത്മനാഭന്‍, ഷിജിനായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.