താവക്കര ബസ് സ്റ്റാന്റില്‍ സ്റ്റാന്റ് ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള നടപടിക്കെതിരെ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

Saturday 26 December 2015 11:21 pm IST

കണ്ണൂര്‍: ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന താവക്കര ബസ് സ്റ്റാന്റില്‍ നിര്‍മ്മാതാവിന് തോന്നും പോലെ സ്റ്റാന്റ് ഫീസ് വര്‍ദ്ദിപ്പിക്കാമെന്ന മുനിസിപ്പാലിറ്റിയും ഉടമയും തമ്മിലുള്ള എഗ്രിമെന്റ് തികച്ചും നിയമ വിരുദ്ധമാണെന്ന് കണ്ണൂര്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. നിയമ വിരുദ്ധമായ എഗ്രിമെന്റിനെക്കാള്‍ കൂടിയ തുകയാണ് ഇപ്പോള്‍ തന്നെ നിര്‍മ്മാതാവ് ഈടാക്കി വരുന്നത്. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും നിലവില്‍ വാങ്ങുന്ന സ്റ്റാന്റ് ഫീസിന്റെ 25 ശതമാനം വര്‍ദ്ദിപ്പിക്കാമെന്നാണ് കരാറില്‍ പറയുന്നത്. അതുപ്രകാരം കണക്ക് കൂട്ടിയാല്‍ നിര്‍മ്മാതാവിന്റെ കാലാവധി കഴിയുമ്പോഴെക്കും ബസ് സ്റ്റാന്റ് ഫീസ് ദിവസം 300 രൂപയാകും. ഇപ്പോള്‍ ബസ്സ്റ്റാന്റ് ഫീസ് ദിവസം ബസ്സൊന്നിന് 30 രൂപയാണ് വാങ്ങുന്നത്. അതിന്റെ 25 ശതമാനം വര്‍ദ്ദിപ്പിക്കാനും അതിന് പുറമെ 6 രൂപ വീതം ദിവസേന സര്‍വ്വീസ് ടാക്‌സ് നല്‍കണമെന്നുമുള്ള നോട്ടീസ് ബസ് ഉടമകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ സര്‍വ്വീസ് ടാക്‌സ് എന്ന നിലയിലാണ് സ്റ്റാന്റ് ഫീസ് വാങ്ങുന്നത്. അതിനാല്‍ അതിന്റെ ബാധ്യത ബസ്സുടമകള്‍ക്കില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ബസ്സ്റ്റാന്റെന്ന നിലയില്‍ ഫീസ് ഈടാക്കുമ്പോള്‍ ബസ്സുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം, വാഹനങ്ങളുടെ റിപ്പയറിങ് സൗകര്യം, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം എന്നിവയൊക്കെ ഉണ്ടായിരിക്കേണ്ടതാണ്. എന്നാല്‍ കണ്ണൂര്‍ താവക്കര ബിഒടി ബസ് സ്റ്റാന്റില്‍ പാര്‍ക്കിങ്ങിനുള്ള സ്ഥലത്ത് മറ്റുള്ള ചരക്ക് വാഹനങ്ങള്‍, പെര്‍മിറ്റ് ലോറികള്‍, സ്‌ക്കൂള്‍ ബസ് തുടങ്ങി മറ്റിതര വാഹനങ്ങള്‍ എന്നിവയ്ക്ക് ഇവിടെ പാര്‍ക്കിങ് അനുവദിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് ഭീമമായ തുക നിര്‍മ്മാതാവ് ഈടാക്കുന്നു. അതുപോലെ തന്നെ കച്ചവട സ്ഥാപനങ്ങള്‍ അനുവദിച്ചു കൊണ്ട് ഭീമമായ തുക വാടകയിനത്തിലും പകിടിയിനത്തിലും കോടിക്കണക്കിന് രൂപ ബില്‍ഡര്‍ ഉണ്ടാക്കിയിട്ടുണ്ട.് പാര്‍ക്കിങ് സൗകര്യങ്ങളും റിപ്പയറിങ് സൗകര്യങ്ങളും അനുവദിക്കാന്‍ നിര്‍മ്മാതാവ് തയ്യാറാകുന്നില്ലെങ്കില്‍ കണ്ണൂര്‍ താവക്കര ബിഒടി സ്റ്റാന്റ് ബഹിഷ്‌ക്കരിക്കുമെന്നും നിലവിലുള്ള പഴയ ബസ്സ്റ്റാന്റ് ഉപയോഗിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കണ്ണൂര്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ വി.ജെ. സെബാസ്റ്റിയന്‍, വൈസ് പ്രസിഡന്റ് കെ.രാജ്കുമാര്‍, എം.വി. വത്സലന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.