കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് വിതരണോദ്ഘാടനം

Saturday 26 December 2015 11:21 pm IST

സിപിഎം കേരളത്തില്‍ വര്‍ഗ്ഗീയ കലാപത്തിന് കോപ്പുകൂട്ടുന്നു: പി.കെ.കൃഷ്ണദാസ് തലശ്ശേരി: കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് വിതരണോദ്ഘാടനം തലശ്ശേരി സംഗമം ഓഡിറ്റോറിയത്തില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണാദാസ് നിര്‍വഹിച്ചു. സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപത്തിന് സിപിഎം ആസൂത്രിത നീക്കം ആരംഭിച്ചിരിക്കുന്നുവെന്ന് ഉദ്ഘാടനഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. കലാപവും കശാപ്പും അന്തര്‍ലീനമായ പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ന്യൂനപക്ഷ വോട്ട് മൊത്തമായി കൈക്കലാക്കാനാണ് സിപിഎം വര്‍ഗ്ഗീയ കലാപത്തിന് കോപ്പുകൂട്ടുന്നത്. ആസൂത്രിതമായി വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ച് അതിന്റെ ഉത്തരവാദിത്തം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനും ന്യൂനപക്ഷ സംരക്ഷകര്‍ തങ്ങളാണെന്ന് വരുത്തിത്തീര്‍ത്ത് വോട്ടുനേടുകയുമാണ് സിപിഎമ്മിന്റെ ലക്ഷ്യം. കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നീക്കത്തെ മുഴുവന്‍ ജനങ്ങളും ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര പരിസരങ്ങളിലെ അന്യ മതസ്ഥരുടെ സ്ഥാപനങ്ങളും വീടുകളും അക്രമിക്കാനാണ് ആര്‍എസ്എസ് പദ്ധതിയുടുന്നതെന്നാണ് വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് എന്നും നേതൃത്വം നല്‍കിയിട്ടുള്ള സിപിഎം പറയുന്നത്. തലശ്ശേരി കലാപത്തെക്കുറിച്ചും നാദാപുരത്തെ കലാപങ്ങളെക്കുറിച്ചും കൊള്ളയടികളെക്കുറിച്ചും പഴയതലമുറയിലെ മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നന്നായി അറിയാവുന്ന കാര്യമാണ്. സിപിഎമ്മിന്റെ ഇത്തരം നുണ പ്രചരണങ്ങള്‍ക്ക് കോണ്‍ഗ്രസ്സുകാര്‍ ആലവട്ടവും വെഞ്ചാമരവും വീശുകയാണ്. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അതിന്റെ വ്യക്തമായ തെളിവാണ് കഴിഞ്ഞ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം. സിപിഎമ്മിന്റെ ദേശവിരുദ്ധ പ്രവര്‍ത്തനവും സംഘപരിവാറിന്റെ ദേശസ്‌നേഹ പ്രവര്‍ത്തനവും തമ്മിലുള്ള സംഘര്‍ഷമാണ് ഇവിടെ നടക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ടും ദേശീയ അധ്യാപക പരിഷത് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനം ഇതിന്റെ തെളിവാണ്. എന്നാല്‍ 16 വര്‍ഷം മുമ്പ് ജയകൃഷ്ണന്‍ മാസ്റ്ററെ ലോക മനസ്സാക്ഷിയെപ്പോലും ഞെട്ടിക്കുന്ന വിധത്തില്‍ അറുകൊല നടത്തിയ സിപിഎമ്മുകാര്‍ ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്. അന്നത്തെ ബിജെപിയെയും ഇന്നത്തെ ബിജെപിയെയും കണ്ണുതുറന്ന് നോക്കണം. അതുപോലെ അന്നത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയും ഇന്നത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയും ഒന്നു താരതമ്യം ചെയ്തു നോക്കിയാല്‍ അറിയാം ഈശ്വരീയതയാണോ ആസുരീകതയാണോ വിജയിച്ചതെന്ന്. ആസുരിതകയുടെ മുഖമാണ് സിപിഎം സ്ഥാപകനേതാവിന്റേതുള്‍പ്പെടെയെന്ന കാര്യം അവരുടെ ചിത്രങ്ങള്‍ നോക്കിയാല്‍ കാണാന്‍ കഴിയും. 1925 ഡിസംബര്‍ 26 ന് നടന്ന സിപിഎം പ്രഥമ സമ്മേളനത്തില്‍ത്തന്നെ ദേശവിരുദ്ധത മറനീക്കി പുറത്തുവന്നിരുന്നു. ഈ സമ്മേളനത്തില്‍ ഉയര്‍ത്തിയ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന ബാനര്‍ മാറ്റി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നാക്കി മാറ്റുവാനാണ് ദേശവിരുദ്ധര്‍ തയ്യാറായത്. മൂന്ന് ജി മാരാണ് നമ്മുടെ രാഷ്ട്രത്തെ വിട്ടുമുറിച്ചത്. ഒന്ന് ജിന്നയാണെങ്കില്‍ മറ്റൊന്ന് ജോഷിയാണ്. മൂന്നാമത്തെ ജി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. ജിന്ന പാക്കിസ്ഥാന്‍ വാദമുന്നയിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാവായ പി.സി.ജോഷി അതിന് സൈദ്ധാന്തിക പരിവേഷം നല്‍കിക്കൊണ്ട് പീപ്പിള്‍സ് വാര്‍ എന്ന പാര്‍ട്ടി ജിഹ്വയില്‍ പരമ്പരകള്‍ സൃഷ്ടിച്ചു. അധികാര മത്ത് മൂത്ത ജവഹര്‍ലാല്‍ ആകട്ടെ ഇവര്‍ക്ക് കൂട്ടു നില്‍ക്കുകയും ചെയ്തു. അങ്ങിനെയാണ് ഇന്ത്യാ വിഭജനത്തിന് തുടക്കം കുറിക്കപ്പെട്ടത്. അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇന്നേവരെ നടന്നിട്ടുള്ള ന്യൂനപക്ഷ കലാപത്തിന്റെയും കശാപ്പിന്റെയും വക്താക്കളും പ്രയോക്താക്കളും സിപിഎമ്മാണ്. 1971 ലെ തലശ്ശേരി കലാപവും 1988 ലെ നാദാപുരം കലാപവും 2003 ലെ മാറാട് കലാപവും ഉള്‍പ്പെടെയുള്ള കലാപങ്ങള്‍ സിപിഎമ്മിന്റെ സൃഷ്ടിയാണെന്നത് സത്യസന്ധമായ വസ്തുതയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കും അധികാരത്തിലേറാനും ഏത് നീചമായ മാര്‍ഗ്ഗവും സ്വീകരിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് യാതൊരു മടിയുമില്ലെന്ന് കഴിഞ്ഞകാല അനുഭവം വ്യക്തമാക്കുന്നു. പക്ഷെ അന്ധമായ ബിജെപി വിരോധത്തിന്റെ പേരില്‍ സിപിഎമ്മിന്റെ നിഗൂഡമായ നീക്കത്തിന് പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയാണ് കോണ്‍ഗ്രസ് നല്‍കുന്നത്. ഇത്തരം നീക്കങ്ങളെ പരാജയപ്പെടുത്താന്‍ മുഴുവന്‍ ജനങ്ങളും തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്‍ടിയു സംസ്ഥാന പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം സി.സദാനന്ദന്‍ മാസ്റ്റര്‍ അനുസ്മരണഭാഷണം നടത്തി. എബിആര്‍എസ്എം ദക്ഷിണ ഭാരത അധ്യക്ഷന്‍ പി.ചന്ദ്രശേഖരന്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. പി.കെ.ജയപ്രകാശ്, ബിജു ഏളക്കുഴി, അഡ്വ.വി.രത്‌നാകരന്‍, അജയകുമാര്‍ മീനോത്ത്, ജിതിന്‍ രഘുനാഥ്, പി.പി.ഗംഗാധരന്‍ മാസ്റ്റര്‍, എന്‍.ഹരിദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.എ.നാരായണന്‍ മാസ്റ്റര്‍ സ്വാഗതവും സി.ഷാജി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.