സമര രംഗത്ത് ഇറങ്ങുവാന്‍ മട്ടന്നൂരിലെ കരാറുകാരുടെ നീക്കം; നാളെ കരാറുകാരുമായി ചര്‍ച്ച നടത്തുമെന്ന് ചെയര്‍മാന്‍

Saturday 26 December 2015 11:22 pm IST

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ കരാര്‍ ജോലികള്‍ നഗരസഭയ്ക്കു പുറത്തുള്ള വന്‍കിട കരാര്‍ കമ്പനിക്കു നല്‍കുവാന്‍ നഗരസഭ നീക്കം നടത്തുന്നതിനേ തുടര്‍ന്ന് മട്ടന്നൂരിലെ കരാറുകാര്‍ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി കരാറുകാരെ പൊതുമരാമത്ത് പ്രവൃത്തിയില്‍ നിന്ന് ഒഴിവാക്കി വന്‍കിട നിര്‍മാണ കമ്പനിയെ ചെറിയ ജോലികള്‍ ഏല്‍പ്പിക്കുന്നത് ചെറുകിട കരാറുകാര്‍ക്കും തൊഴിലാളികള്‍ക്കും പ്രയാസം സൃഷ്ടിക്കുമെന്നുകാണിച്ച് കരാറുകാര്‍ കൗണ്‍സിലര്‍മാര്‍ക്കു നിവേദനം നല്‍കി. ഇതിനെത്തുടര്‍ന്ന് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം പ്രതിപക്ഷ അംഗങ്ങള്‍ ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച കരാറുകാരുമായി ചര്‍ച്ച നടത്തുമെന്ന് നഗരസഭ ചെയര്‍മാന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. കഴിഞ്ഞ ഇ-ടെണ്ടറില്‍ നിന്നു വിട്ടു നിന്നതാണത്രേ നഗരസഭയുടെ കരാര്‍ ജോലികള്‍ പുറത്തുള്ള കമ്പനിക്കു നല്‍കുവാനുള്ള തീരുമാനത്തിനു പിന്നില്‍. പ്രവൃത്തികള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ടാര്‍ നിര്‍ത്തലാക്കിയത് വഴിയുണ്ടായ പ്രതിസന്ധിയാണ് കഴിഞ്ഞ ഇ -ടെണ്ടറില്‍ നിന്നു വിട്ടു നില്‍ക്കുവാന്‍ കാരണമെന്നാണ് കരാറുകാര്‍ പറയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഓണ്‍ഫണ്ട് പ്രവൃത്തി ചെയ്ത വകയില്‍ ലക്ഷക്കണക്കിനു രൂപ കുടിശ്ശിക ഉണ്ടായിട്ടുപോലും നഗരസഭ സാമ്പത്തിക പ്രതിസന്ധിയിലായപ്പോള്‍ പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയതായി കരാറുകാര്‍ പറയുന്നു. എന്നാല്‍ നഗരസഭ ടെണ്ടര്‍ വെച്ച എല്ലാ പ്രവൃത്തികളും കരാറുകാര്‍ ഏറ്റെടുക്കുന്നില്ല എന്നതാണ് നഗരസഭയുടെ വാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.