ശ്രീകൃഷ്ണ കഥാമൃതം പകര്‍ന്ന്‌ നൃത്തസംഗീതോത്സവത്തിന്‌ തുടക്കം

Tuesday 27 December 2011 11:09 pm IST

കാലടി : ശ്രീകൃഷ്ണ കഥാമൃതത്തിന്റെ നാട്യഭംഗിയില്‍ ദേശീയ ശ്രീശങ്കരനൃത്തസംഗീതോത്സവവേദി ധന്യമായി. ദശാവതാരങ്ങളില്‍ സമ്പൂര്‍ണ അവതാരരൂപമെന്ന്‌ പണ്ഡിതര്‍ ചിത്രീകരിക്കുന്ന ശ്രീകൃഷ്ണന്റെ കഥകളിലെ പ്രധാനമായ പത്ത്‌ സംഭവങ്ങള്‍ കോര്‍ത്തിണക്കി മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി എന്നീ ശൈലികളുടെ സമന്വയത്തിലൂടെയാണ്‌ മെഗാ നൃത്തപരിപാടി അവിസ്മരണീയമാക്കിയത്‌. നര്‍ത്തകീ പ്രവേശം, സൂത്രധാര വൃത്തി, രംഗവന്ദനം, നാന്ദീശ്ലോകാവതരണം, എന്നീ നാട്യശാസ്ത്ര സമ്മതങ്ങളായ പൂര്‍വ്വരംഗത്തോടെ തുടങ്ങുന്ന നാട്യഭാഷ്യം വാസുദേവ- ദേവീവിവാഹം, കംസന്റെ അശരിരിശ്രവണം, ശ്രീകൃഷ്ണ ജനനം, പൂതനാമോക്ഷം, ഗോവര്‍ദ്ധനോദ്ധാരണം, രാധാ-മാധവ വിവാഹം, രാസക്രീഡ, ഗുരുദക്ഷിണ, കുചേലവൃത്തം, ഗീതോപദേശം എന്നീ സംഭവങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ശ്രീകൃഷ്ണദര്‍ശനം നേടിയ അനുഭൂതിയായിരുന്നു അനുവാചകര്‍ക്ക്‌. സര്‍വര്‍ക്കും ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വീകാര്യനാണ്‌. ആ വിശ്വൈക ചൈതന്യം ഗുരുവായൂരപ്പനായി നിവസിക്കുന്ന ക്ഷേത്രസങ്കല്‍പത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്നതോടെയാണ്‌ നാട്യഭാഷ്യം അവസാനിച്ചത്‌. കഴിഞ്ഞ ഒരുവര്‍ഷമായി അണിയറയില്‍ നടന്ന ഒരുക്കങ്ങള്‍ക്കുശേഷമാണ്‌ 24 യുവ നര്‍ത്തകിമാരും പത്ത്‌ പിന്നണികലാകാരന്മാരും ചേര്‍ന്നു ശ്രീകൃഷ്ണകഥാമൃതം ഫെസ്റ്റിവല്‍ ഉദ്ഘാടനവേദിയില്‍ അവതരിപ്പിച്ചത്‌. രചന, സംവിധാനം പ്രൊഫ. സി.പി. ഉണ്ണികൃഷ്ണന്‍, സംഗീത സംവിധാനം ആന്റ പുല്ലാങ്കുഴല്‍ എം.എസ്‌.ഉണ്ണികൃഷ്ണന്‍, ശ്രീകുമാര്‍ ഊരകം (വായ്പ്പാട്ട്‌), വേണുകുറമശ്ശേരി (മൃദംഗം, റിഥം പാഡ്‌),ബാബുരാജ്‌ പെരുമ്പാവൂര്‍ (വയലിന്‍ ആന്റ്‌ കീബോര്‍ഡ്‌), തുടങ്ങിയവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്‌. എ.അമ്പിളി, ആതിര രാമകൃഷ്ണന്‍, രശ്മി നാരായണന്‍, കെ.വി. ശ്രീലേഖ, രശ്മി ബാബു, സൗമ്യ വര്‍മ, എ.എസ്‌. നീതു, പി.ആര്‍. നീതു, അക്ഷര രാധാകൃഷ്ണന്‍, അമൃത സുരേഷ്‌, വൈഷ്ണവി, അനില ജോഷി, രേഷ്മ ബാബു, അതുല്യ ഷാജി, ദേവിക മോഹന്‍, ചിഞ്ചുമോള്‍, എം.ആര്‍. ശ്രീലക്ഷ്മി, ശ്രുതി എം.മേനോന്‍, കെ.ആര്‍. അഞ്ജു, പല്ലവി പ്രദീപ്‌, ആതിര രഘുമാധവന്‍, അക്ഷര ആര്‍. നായര്‍, ആദിത്യ രാധാകൃഷ്ണന്‍, പാര്‍വ്വതി പ്രകാശ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ നടന വിസ്മയം ധന്യമാക്കിയത്‌. നേരത്തെ അദ്വൈതഭൂമിക്ക്‌ ഉത്സവഛായ പകര്‍ന്ന്‌ നടനലാസ്യനൃത്തസംഗീതത്തിന്റെ അപൂര്‍വ്വവിരുന്നൊരുക്കി അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന അഞ്ചാമത്‌ ദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവത്തിന്‌ തിരി തെളിഞ്ഞു. ലോകപ്രശസ്തരായ കലാപ്രതിഭകള്‍ ഉള്‍പ്പെടെ 560 കലാകാരികള്‍ പങ്കെടുക്കുന്ന കാഴ്ചയുടെ ഉത്സവത്തിന്‌ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി തിരിതെളിയിച്ചു. ഗുരു കലാമണ്ഡലം മോഹനതുളസി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ വി.ഡി. ഹരി, അദ്ധ്യക്ഷത വഹിച്ചു. സിനിമാനടി ശിവദ, കലാപ്രതിഭകള്‍ എന്നിവരെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ.ബി. സാബു, ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. പി.വി. പീതാംബരന്‍, പ്രൊഫ. സി.പി. ഉണ്ണിക്കൃഷ്ണന്‍, ഡാന്‍സ്‌ കോ-ഓര്‍ഡിനേറ്റര്‍ സുധാ പീതാംബരന്‍, കാലടി പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ എന്‍.പി. സജീവ്‌,കെ.ടി.സലിം എന്നിവര്‍ പ്രസംഗിച്ചു. നാട്യശാസ്ത്ര വിധിപ്രകാരമുള്ള കൊടി ഉയര്‍ത്തലോടെയാണ്‌ മഹോത്സവം ആരംഭിച്ചത്‌. ഫെസ്റ്റിവല്‍ പ്രമോട്ടറും ചീഫ്‌ കോ-ഓര്‍ഡിനേറ്ററുമായ പ്രൊഫ. പി. വി. പീതാംബരന്‍, ജനറല്‍ കണ്‍വീനര്‍ വി. ഡി. ഹരി, ടെക്നിക്കല്‍ ഡയറക്ടര്‍ പ്രൊഫ. സി. പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന്‌ കൊടി ഉയര്‍ത്തി. ഉദ്ഘാടനചടങ്ങിനുശേഷം പ്രത്യേകം ചിട്ടപ്പെടുത്തിയ മെഗാനൃത്തപരിപാടിയായ ശ്രീകൃഷ്ണ കഥാമൃതം - ഒരു നാട്യഭാഷ്യം അരങ്ങേറി. ഇന്ന്‌ രാത്രി 7 മണിക്ക്‌ ശങ്കരാഭരണം ഫെയിം മഞ്ജു ഭാര്‍ഗ്ഗവി കുച്ചുപ്പുടി അവതരിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.