ശബരിമല മണ്ഡല മഹോത്സവം സമാപിച്ചു

Sunday 27 December 2015 10:13 pm IST

മണ്ഡലപൂജയ്ക്ക് മുന്നോടിയായി തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെയും
മേല്‍ശാന്തി ഇ. എസ്. ശങ്കരന്‍നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍
സന്നിധാനത്ത് നടന്ന കളഭകലശം എഴുന്നള്ളത്ത്

ശബരിമല: വ്രതവിശുദ്ധിയുടെ 41 ദിനരാത്രങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് ശബരിമല മണ്ഡലമഹോത്സവം സമാപിച്ചു. ഇനി മകരവിളക്ക് മഹോത്സവം. ഞായറാഴ്ച്ച പകല്‍ 11.02നും 11.39നും മദ്ധ്യേയുള്ള കുംഭം രാശിയിലായിരുന്നു മണ്ഡലപൂജ. കളഭാഭിഷേകത്തിനുശേഷം തങ്കഅങ്കി ചാര്‍ത്തിവിളങ്ങിയ ശ്രീധര്‍മ്മശാസ്താവിന്റെ തേജോമയരൂപം പതിനായിരങ്ങള്‍ക്ക് സുകൃതദര്‍ശനമായി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെയും മേല്‍ശാന്തി ഇ. എസ് ശങ്കരന്‍നമ്പൂതിരിയുടെയും കാര്‍മികത്വത്തിലായിരുന്നു മണ്ഡലപൂജ. രാവിലെതന്നെ മണ്ഡലപൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

തന്ത്രിയുടെയും മേല്‍ശാന്തിയുടെയും കാര്‍മികത്വത്തില്‍ തിരുസന്നിധിയിലെ മണ്ഡപത്തില്‍ കളഭകലശപൂജ നടന്നു. ഉച്ചപൂജയുടെ സ്‌നാനകാലത്ത് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കളഭകലശം എഴുന്നള്ളത്ത് നടന്നു. ക്ഷേത്രത്തിനു ചുറ്റും ചിട്ടവട്ടങ്ങളോടെ പ്രദക്ഷിണമായി എഴുന്നള്ളിച്ചശേഷമാണ് കളഭാഭിഷേകം നടത്തിയത്. അതിനുശേഷമായിരുന്നു മണ്ഡലപൂജ. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, പി. കെ. കുമാരന്‍, സ്‌പെഷ്യല്‍ ആഫീസര്‍ വി. കെ. ബാബു, ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ്, എക്‌സിക്യുട്ടീവ് ആഫീസര്‍ ബി. എന്‍. രേണുഗോപാല്‍ എന്നിവര്‍ സാന്നിദ്ധ്യം വഹിച്ചു.

വന്‍ഭക്തജനത്തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടത്. ഏറെനേരം കാത്തുനിന്ന ഭക്തജനങ്ങളെല്ലാം ദര്‍ശനപുണ്യം നേടിയ ചാരിതാര്‍ത്ഥ്യത്തോടെയാണ് മലയിറങ്ങിയത്. മണ്ഡലപൂജയ്ക്കുശേഷം ഒരു മണിയോടെയാണ് നടയടച്ചത്. തുടര്‍ന്ന് അഞ്ച് മണിക്ക് നട തുറന്നശേഷവും അനേകായിരങ്ങള്‍ ദര്‍ശനം നടത്തി. രാത്രി 10ന് ഭഗവാനെ ഭസ്മാഭിഷിക്തനാക്കി ഹരിവരാസനം ചൊല്ലി നടയടച്ചതോടെ മണ്ഡല മഹോത്സവം സമാപിച്ചു. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും ദര്‍ശനമില്ല. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിനാണ് ഇനി നടതുറക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.