ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ 'ചട്ടം' പഠിപ്പിക്കുന്നത് ഭൂമാഫിയ

Sunday 27 December 2015 10:14 pm IST

'നെല്‍വയല്‍' എന്നാല്‍ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതും വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും  നെല്‍കൃഷി ചെയ്യുന്നതോ അല്ലെങ്കില്‍ നെല്‍കൃഷിക്കനുയോജ്യമായതും എന്നാല്‍ കൃഷി ചെയ്യാതെ തരിശ്ശിട്ടിരിക്കുന്നതോ ആയ എല്ലാത്തരം നിലവും എന്നര്‍ത്ഥം. അതില്‍ അതിന്റെ അനുബന്ധ നിര്‍മിതികളായ ചിറകളും ജലനിര്‍ഗമന ചാലുകളും കുളങ്ങും ചെറുതോടുകളും ഉള്‍പ്പെടുന്നതുമാകുന്നു. കേരളത്തിന്റെ കാര്‍ഷികരംഗത്തെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും പാരിസ്ഥിതിക വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും വേണ്ടി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനും അവ പരിവര്‍ത്തനപ്പെടുത്തുന്നതും രൂപാന്തരപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതിനും വേണ്ടി തയ്യാറാക്കിയ നിയമത്തിലെ നിര്‍വചനങ്ങള്‍ എന്ന വിഭാഗത്തില്‍ 12-ാം നമ്പറില്‍ നെല്‍വയലിന് 2008 ലെ 28-ാം ആക്ട് പ്രകാരം നല്‍കിയ നിര്‍വചനമാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ റവന്യൂ വകുപ്പ് 2015 നവംബര്‍ 28 ന് പുറത്തിറക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ ചട്ടത്തില്‍ നെല്‍വയലിന്റെ നിര്‍വചനം മാറ്റി. വില്ലേജ് രേഖകളില്‍ നിലമെന്ന് കാണുന്നതും എന്നാല്‍ ഡാറ്റാ ബാങ്കിലോ കരട് ഡാറ്റാ ബാങ്കിലോ ഉള്‍പ്പെടാത്തതുമായ സ്ഥലമെന്നാണ് മാറ്റിയിരിക്കുന്നത്. ഇത് റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് അനുഗുണമായി വയല്‍ നികത്തലിനെ സാധൂകരിക്കുന്നതിനും നിയമപരിരക്ഷ നല്‍കുന്നതിനും വേണ്ടി മാറ്റി എഴുതിച്ചേര്‍ത്തിരിക്കയാണ്. കേരള നിയമസഭ പാസ്സാക്കിയ 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് 2008 ആഗസ്റ്റ് 11 ന് ഗവര്‍ണറുടെ അനുമതി ലഭിച്ചിരുന്നു. ഈ ആക്ടിലെ (2008 ലെ 28) 30-ാം വകുപ്പ് പ്രകാരം നല്‍കപ്പെട്ട അധികാരങ്ങള്‍ വിനിയോഗിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഉണ്ടാക്കിയ ചട്ടങ്ങള്‍ 2008 ഡിസംബര്‍ മാസം 24-ന് കേരള ഗസറ്റില്‍ 2743 നമ്പറായി പ്രസിദ്ധം ചെയ്തിട്ടുള്ളതുമാണ്. നിയമത്തിലെ നിര്‍വചനം ചട്ടത്തില്‍ മാറ്റം വരുത്താന്‍ പാടില്ലെന്ന നിയമതത്വം ലംഘിച്ചുകൊണ്ടാണ് റവന്യൂവകുപ്പ് നിയമത്തിലെ നിര്‍വചനം മാറ്റി ഉത്തരവിറക്കിയിരിക്കുന്നത്. നിയമസഭ പാസ്സാക്കിയതും മന്ത്രിസഭ അംഗീകരിച്ചതും ഗവര്‍ണര്‍ അനുമതി നല്‍കിയതുമായ നിയമങ്ങളും ചട്ടങ്ങളുമാണ് സ്വകാര്യ വ്യക്തികളുടെ താല്‍പ്പര്യപ്രകാരം മന്ത്രി അടൂര്‍ പ്രകാശിന്റെ റവന്യൂ വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. ഏതൊരു ചട്ടമുണ്ടാക്കുമ്പോഴും നിയമാനുസൃതമാണോ എന്നറിയാനും ആവര്‍ത്തന വാചകങ്ങള്‍ ഒഴിവാക്കാനും നിയമ-ചട്ടം  നിലനില്‍ക്കത്തക്കതാണോ എന്നറിയുന്നതിനും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിനും വേണ്ടി സാധാരണയായി സര്‍ക്കാരിന്റെ തന്നെ നിയമവകുപ്പിന്റെ അനുമതി തേടുന്ന വളരെ ആരോഗ്യകരമായ പതിവ് ഇക്കാര്യത്തില്‍ റവന്യൂവകുപ്പ് തെറ്റിക്കുകയും ചെയ്തു. നിയമസസെക്രട്ടറിയുടെ അഭിപ്രായവും ഇക്കാര്യത്തില്‍ തേടിയില്ല. അതുകൊണ്ട് പ്രായോഗികമായി വ്യാഖ്യാനിക്കുന്ന പുതിയ നെല്‍വയല്‍ ചട്ടങ്ങള്‍ നിയമവകുപ്പ് അറിഞ്ഞതുമില്ല. ഇത് വളരെ ഗുരുതരമായ വീഴ്ചയാണ്. നിയമസഭയെ നോക്കുകുത്തിയാക്കുന്ന തരത്തിലുള്ള നിയമവിരുദ്ധചട്ടം ഭൂമാഫിയമാരെയും ഭൂമി കച്ചവടക്കാരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് പറഞ്ഞാല്‍ അതില്‍ കഴമ്പുണ്ടുതാനും.  സംസ്ഥാനത്തെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും അനിയന്ത്രിതമായി രൂപാന്തരപ്പെടുത്തുകയും വന്‍തോതില്‍ പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുന്നത് ഫലപ്രദമായി നിയന്ത്രിക്കുന്നതായിട്ടാണ് 2008 ലെ 28-ാം ആക്ട് പ്രകാരം കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ ആക്ട് നിലവില്‍ വന്നത്. നിയമം ഉണ്ടാക്കുമ്പോള്‍ ഉണ്ടായിരുന്ന ലക്ഷ്യം തന്നെ മാറ്റിമറിച്ചിരിക്കുകയാണ് റവന്യൂവകുപ്പിന്റെ പുതിയ ഉത്തരവിലൂടെ. അന്നത്തെ സര്‍ക്കാര്‍ കാര്‍ഷിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും പാരിസ്ഥിതിക-വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുക എന്ന വലിയലക്ഷ്യമായിരുന്നു 2008 ലെ നിയമത്തിനും ചട്ടങ്ങള്‍ക്കും നല്‍കിയിരുന്നത്. സംസ്ഥാനത്തെ നെല്ലുല്‍പ്പാദനം വര്‍ധിപ്പിക്കുകയും കര്‍ഷകരെ സഹായിക്കുകയുമായിരുന്നു നിയമത്തിന്റെ മറ്റൊരു ലക്ഷ്യം. നിലവിലുള്ള കൃഷിയോഗ്യമായ നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും വിശദവിവരം ഉപഗ്രഹചിത്രത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡോ കേന്ദ്ര-സംസ്ഥാന ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളോ തയ്യാറാക്കുന്ന ഭൂപടങ്ങളുടെ സഹായത്താല്‍ ഡാറ്റാ ബാങ്ക് തയ്യാറാക്കുവാന്‍ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരുന്നു. 2008-2009 വര്‍ഷം തയ്യാറാക്കേണ്ട ഡാറ്റാ ബാങ്ക് ഇനിയും ഭൂരിഭാഗം തദ്ദേശ സ്വയംഭരണ പ്രദേശത്തും കരട് രൂപത്തില്‍ ആയിട്ടേയുള്ളൂവെന്നതുതന്നെ നിയമം അട്ടിമറിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്നതിന് തെളിവാണ്. വില്ലേജിലെ തണ്ടപ്പേര്‍ രജിസ്റ്റര്‍ ഉപയോഗിച്ചും ഉപഗ്രഹചിത്രങ്ങളുടെ സഹായത്താലും നെല്‍വയലുകളുടെ ഡാറ്റാബാങ്ക് നിര്‍മിക്കുവാന്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും സാധിച്ചില്ലെന്നത് സര്‍ക്കാരിന്റെ ഗുരുതരവീഴ്ചയാണ്. ഇതുകൂടാതെ 2008 ആഗസ്റ്റ് 12 ന് മുമ്പ് നികത്തിയ വയലുകള്‍ ന്യായവിലയുടെ 25 ശതമാനം ഈടാക്കി ക്രമപ്പെടുത്താമെന്ന് റവന്യൂവകുപ്പ് ഭേദഗതി വരുത്തുകയും ചെയ്തു. ഇതുവഴി 200 കോടി രൂപ റവന്യൂ വരുമാനമായി ലഭിക്കുമെന്ന് വകുപ്പ് മനക്കോട്ട കെട്ടുകയും ചെയ്യുന്നു. 2015 ലെ ധനകാര്യ ബില്ലിലൂടെ നെല്‍വയല്‍ നിയമത്തില്‍ വരുത്തിയ ഈ നിയമവിരുദ്ധ ഭേദഗതികള്‍ 2015 ജൂലായ് 27 ന് പ്രതിപക്ഷം സഭ ഇറങ്ങിപ്പോയ സമയം നോക്കി അന്നത്തെ ധനകാര്യ മന്ത്രി കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു. ഈ മാറ്റമനുസരിച്ച് നികത്തിയ കൃഷിഭൂമികള്‍ക്ക് കര ഭൂമി സ്റ്റാറ്റസ് നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എമര്‍ജിങ് കേരളയോടനുബന്ധിച്ച് കൊണ്ടുവന്ന മിക്കവാറും പ്രോജക്ടുകളും വയലുനികത്തി വ്യവസായം തുടങ്ങുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. നികത്തിയ വയലുകള്‍ ക്രമപ്പെടുത്തി നല്‍കിയാല്‍ വന്‍തോതില്‍ ഭൂമി കച്ചവടത്തിന് വഴിയൊരുക്കുക എന്ന നിഗൂഢലക്ഷ്യം ഇതിനുപുറകില്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. ആറന്മുള വിമാനത്താവള പദ്ധതിയോടനുബന്ധിച്ച് നികത്തിയ തോടുകളും പൂര്‍വസ്ഥിതിയിലാക്കുവാന്‍ കോടതി ഉത്തരവ് വന്നത് മറികടക്കുവാനും നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണത്തിലെ ചട്ടങ്ങളിലെ ഭേദഗതികള്‍ കൊണ്ടാകുമെന്നത് ശ്രദ്ധേയമാണ്. ഒരു നാടിനെ കുടിവെള്ളക്ഷാമത്തിലേക്ക് നയിക്കാവുന്ന ഈ പദ്ധതിയില്‍ സര്‍ക്കാരിന്റെ പത്ത് ശതമാനം ഓഹരിക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. വയലിനും തണ്ണീര്‍ത്തടത്തിനും നിര്‍വചനത്തില്‍ മാറ്റം വരുത്തിയാല്‍ ആറന്മുള നിയമയുദ്ധത്തില്‍ തീര്‍ച്ചയായും ഗുണം ചെയ്യുമെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കാലാവധി പൂര്‍ത്തിയാക്കുവാന്‍ ഏതാനും മാസം മാത്രം ബാക്കിയുള്ള ഒരു സര്‍ക്കാര്‍ കേരളത്തിന്റെ പരിസ്ഥിതിയുടെ സമൂലനാശം ഉറപ്പാക്കുകയാണെന്ന സത്യം നാം തിരിച്ചറിയണം. ആറന്മുള വിമാനത്താവളവും ആമ്പല്ലൂര്‍ ഇലക്‌ട്രോണിക് പാര്‍ക്കും വയല്‍നികത്തിയുള്ള മൂലധന സംരംഭങ്ങളില്‍ ചിലതുമാത്രമാണെന്നും ഓര്‍ക്കണം. 2008 ല്‍ നെല്‍വയല്‍ സംരക്ഷണ നിയമം വരുന്നതിനുമുമ്പ് നികത്തിയ പാടങ്ങള്‍ കരഭൂമിയാക്കുക എന്നത് 1980 ല്‍ വനനിയമം വരുന്നതിനുമുമ്പ്, കയ്യേറിയ വനഭൂമിയ്ക്ക് പട്ടയം നല്‍കിയതുപോലെ ശരിയാക്കാമെന്നാണ് ചിലരുടെ വിചാരം. വനഭൂമിയ്ക്ക് 2015 വരെയുള്ള കയ്യേറിയ കൈവശക്കാര്‍ക്കും വരെ പട്ടയം നല്‍കുകയെന്ന ലക്ഷ്യവും ഈ സര്‍ക്കാരിനുണ്ടായിരുന്നു. എല്ലാറ്റിലും ന്യൂനപക്ഷ പ്രീണനനയവും വളരെ വ്യക്തമാണ്. കേരളത്തില്‍ നിയമങ്ങള്‍ കടുകിട തെറ്റിക്കാതെ വനഭൂമി കയ്യേറാതെയും പുറമ്പോക്ക് കെട്ടി പുരയിടത്തോട് ചേര്‍ക്കാതെയും പുഴതീരം, കായല്‍ തീരം, കടല്‍ത്തീരം, സര്‍ക്കാര്‍ ഭൂമി എന്നിവ കയ്യേറാതെയും വയല്‍ നികത്താതെ കൃഷി ചെയ്യുന്നവരും മണ്ടന്മാരായിരിക്കുന്നു എന്ന അവസ്ഥയാണ്. കടലും കായലും ദ്വീപുകളും മറ്റും കയ്യേറുകയും പാടശേഖരങ്ങള്‍ മണ്ണടിച്ചു നികത്തുകയും നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തവര്‍ക്ക് ഈ സര്‍ക്കാര്‍ കൈയയച്ചു സഹായങ്ങള്‍ നല്‍കുകയാണ്. ഹൈറേഞ്ചില്‍ ഭൂമി വെട്ടിപിടിക്കാത്തവര്‍, വനംകൊള്ള നടത്താത്തവര്‍ എന്നിവര്‍ വിഡ്ഢികളായി മാറിയിരിക്കുന്നു. വനസംരക്ഷണ നിയമങ്ങളിലും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലും നിര്‍വചനങ്ങള്‍ മാറ്റിയാല്‍ ഇന്ന് വിവിധ കോടതികളില്‍ തീര്‍പ്പുകല്‍പ്പിക്കുവാനിരിക്കുന്ന ആയിരക്കണക്കിന് കേസുകളിലാണ് സര്‍ക്കാര്‍ തോല്‍ക്കുക. ഇതോടെ സര്‍ക്കാര്‍ ഭൂമി ലക്ഷക്കണക്കിന് ഏക്കര്‍ അന്യാധീനപ്പെട്ടുപോകും. നിലം നികത്തുവാന്‍ അനധികൃതമായി കുന്നിടിച്ചവര്‍, നികത്തുവാന്‍ ഉപയോഗിച്ച മണ്ണ് കൊണ്ടുവന്നതിന്റെ പേരില്‍ പിടിച്ചെടുത്ത ആയിരക്കണക്കിന് ലോറികളും ടിപ്പറുകളും ജെസിബികളും സര്‍ക്കാരിനു വിട്ടു നല്‍കേണ്ടിവരും. നിയമവിരുദ്ധമായി വയല്‍നികത്തിയതിന് കേസെടുത്ത ആയിരക്കണക്കിന് നിയമപാലകര്‍ വിഡ്ഢികളായി മാറും! 2008 വരെ നികത്തിയ വയലുകള്‍ക്ക് കരഭൂമി സ്റ്റാറ്റസ് എന്ന് ഈ സര്‍ക്കാര്‍ ഭരണമേറ്റ സമയത്തുതന്നെ പറഞ്ഞുകേട്ടിരുന്നതാണ്. അതുകൊണ്ട് യുഡിഎഫ് ഭരണത്തിന്റെ കഴിഞ്ഞ നാല് നാലര കൊല്ലം സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് തകൃതിയായ നെല്‍വയല്‍ നികത്തല്‍ നടന്നുവരികയായിരുന്നു. 2008 ന് മുമ്പും പിമ്പും നികത്തിയതെന്ന് കണ്ടുപിടിക്കുക പ്രയാസമായതിനാലും അഴിമതിയില്‍ മുങ്ങിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ വയല്‍ നികത്തലുകാര്‍ക്ക് അനുകൂലമായി വിധിയെഴുതിയതും എന്നതിനാലും വയലിന്റെ നിര്‍വചനമാറ്റം ഭൂമി കൊള്ളക്കാര്‍ക്കും ഭൂമി കച്ചവടക്കാര്‍ക്കും അനുകൂലമായി മാറുമെന്നതില്‍ തര്‍ക്കമില്ല. സംസ്ഥാന-പ്ലാനിങ് ബോര്‍ഡ് പറയുന്നത് 1980 മുതല്‍ 2007 വരെ സംസ്ഥാനത്ത് അഞ്ച് ലക്ഷം ഹെക്ടര്‍ നെല്‍വയല്‍ നികത്തിയെടുത്തുവെന്നും.  2012 ലെ സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ കണക്കനുസരിച്ച് 2008 നു ശേഷം 2011-12 വരെ 25000 ഹെക്ടര്‍ നെല്‍വയലുകളും നികത്തിയും രൂപാന്തരപ്പെടുത്തിയും കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കാന്‍ പറ്റാതാക്കിയെന്നുമാണ്. നിയമലംഘനങ്ങള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ കണ്ണടച്ചു. കാരണം സര്‍ക്കാര്‍ നയം കൃഷിക്കും കൃഷി ഭൂമിക്കും എതിരാണെന്ന തിരിച്ചറിവാണിതിന് കാരണം. ഇതിനിടയില്‍ 10 ഏക്കര്‍ വരെ നെല്‍വയല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കി. മൂലധന നിക്ഷേപത്തിന് നെല്‍വയല്‍ നികത്തല്‍ അത്യന്താപേക്ഷിതമാണെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ച് വയല്‍ നികത്തുവാനും വ്യവസായം തുടങ്ങുവാനും അനുമതി നല്‍കാവുന്നതാണെന്നും വ്യവസായം പരിസ്ഥിതി സൗഹൃദമാകണമെന്നും എത്രപേര്‍ക്ക് തൊഴില്‍ കൊടുക്കുമെന്ന് ഗസറ്റില്‍ പ്രസിദ്ധം ചെയ്യണമെന്നുമാത്രം ഓര്‍ഡിനന്‍സില്‍ നിബന്ധന വച്ചു. ആറന്മുള വിമാനത്താവളത്തിനുള്ള നിയമതടസ്സങ്ങള്‍ തീര്‍ക്കുവാന്‍ നിയമലംഘനങ്ങളിലൂടെ സര്‍ക്കാര്‍ വകുപ്പുകള്‍ കളമൊരുക്കുകയാണ്. വയലുകളോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ സ്ഥലങ്ങളും പുറമ്പോക്കും മിച്ചഭൂമിയും വരെ മുതല്‍മുടക്കുകാരന് തീറെഴുതി സംസ്ഥാനത്തിന് വന്‍ നഷ്ടം വരുത്തുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. റവന്യൂ വകുപ്പിനും വ്യവസായ വകുപ്പിനും ഈ കള്ളക്കളികളില്‍ ഒരുപോലെ ഉത്തരവാദിത്വമുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ചെന്നൈ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നാം തീരുമാനിക്കണം നമുക്ക് ഐടി പാര്‍ക്ക് വേണോ നെല്‍വയലുകള്‍ വേണമോ എന്ന്. പാടം നികത്തുന്ന എല്ലാവരും പറയുന്നത് ഐടി പാര്‍ക്കിനാണെന്നാണ്. നടപടി സ്വീകരിക്കണമെങ്കില്‍ ഡാറ്റാ ബാങ്ക് കുറ്റമറ്റതായി പ്രസിദ്ധം ചെയ്യണം. 978 പഞ്ചായത്തുകളില്‍ 238 എണ്ണത്തില്‍ മാത്രമാണ് ഡാറ്റാബാങ്കിന്റെ കരടെങ്കിലും പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബോധപൂര്‍വമായ വൈകിക്കലാണ് നെല്‍വയല്‍-തണ്ണീര്‍ത്തട ഡാറ്റാ ബാങ്കിന്റെ കാര്യത്തില്‍ നടക്കുന്നതെന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ നീക്കങ്ങളില്‍നിന്നും വ്യക്തമാവുകയാണ്. 2015 സെപ്തംബര്‍ വരെ നെല്‍വയല്‍ നികത്തലമായി ബന്ധപ്പെട്ട് എടുത്ത 350 കേസുകളില്‍ ഭൂരിഭാഗവും തീര്‍പ്പാക്കികഴിഞ്ഞുവെന്നാണ് പത്രവാര്‍ത്തകള്‍. കാരണം 2015 ല്‍ നികത്തിയ വയലുകള്‍വരെ 2008 ന് മുമ്പ് നികത്തിയതാണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ ഒരു പ്രയാസവുമില്ലെന്നതുതന്നെ കാരണം. 2021 ല്‍ കേരളത്തിന് 64 ലക്ഷം ടണ്‍ അരി ആവശ്യമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോഴാണ് നെല്‍വയല്‍ നികത്തല്‍ നിയമവിധേയമാക്കുന്നത് എന്നോര്‍ക്കണം. പ്രാദേശിക കാലാവസ്ഥാ നിയന്ത്രണം, ഭൂഗര്‍ഭജല റീചാര്‍ജിങ്, ഭക്ഷ്യസുരക്ഷ, നാടിന്റെ പച്ചപ്പ്, കുടിവെള്ള ക്ഷാമ നിയന്ത്രണം, ഉള്‍നാടന്‍ മത്സ്യസമ്പത്ത്, പ്രാദേശിക വായു ശുദ്ധീകരണം, വരള്‍ച്ച നിയന്ത്രണം, പ്രളയനിയന്ത്രണം, കാര്‍ഷിക തൊഴില്‍ എന്നിവയ്‌ക്കെല്ലാം പാടശേഖരങ്ങള്‍ അത്യാന്താപേക്ഷിതമാണെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ വയലുകളുടെ പ്രാധാന്യം മനസ്സിലാകൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.