മൈലത്തെ നിലം നികത്തല്‍: സിപിഎമ്മില്‍ സംഘര്‍ഷം രൂക്ഷം

Sunday 27 December 2015 10:44 pm IST

കൊട്ടാരക്കര: മൈലം പഞ്ചായത്തിലെ അനധികൃത നിലം നികത്തലിനും മണ്ണെടുപ്പിനുമെതിരായ സമരത്തെ ചൊല്ലി സിപിഎമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഏരിയ സെക്രട്ടറിക്കെതിരെയും ആരോപണം. കഴിഞ്ഞ ദിവസം ഇതേച്ചൊല്ലി സിപിഎം ലോക്കല്‍ സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവും ഏറ്റുമുട്ടി. ലോക്കല്‍ കമ്മിറ്റിയംഗത്തിനെ വിറക് കമ്പുകൊണ്ടുള്ള അടിയേറ്റ് മൂക്കിന്റെ പാലം തകര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലം നികത്തലുകാരനെ സംരക്ഷിക്കുന്നതും സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതും ഏരിയാസെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റും കൂടിയാണന്ന വിമര്‍ശനവുമായി ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണം. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച് നിലംനികത്തുലുകാരനെ മാലയിട്ട് സ്വീകരിച്ചതായും ഇവര്‍ക്കെതിരെ ആക്ഷേപമുണ്ട്. ഇവര്‍ക്ക് ബിനാമി പേരില്‍ ഇവിടെ നിലം ഉള്ളതായും ആരോപണമുയര്‍ന്നിട്ടുണ്ട്. സമരത്തില്‍ നിന്നു പിന്മാറണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം മൈലത്തെ സിപിഎമ്മിനെ പിളര്‍പ്പിലേക്ക് നയിക്കുകയാണ്. ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഈ നിര്‍ദ്ദേശത്തെ പരസ്യമായി ചോദ്യംചെയ്ത് രംഗത്തുണ്ട്. സമരത്തിനു മുന്നിട്ടിറങ്ങിയ ഡിവൈഎഫ്‌ഐ നേതാക്കളെ ‘ഭീഷണിപ്പെടുത്തിയും വാഗ്ദാനങ്ങള്‍ നല്‍കിയും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. മൈലം ഗ്രാമപഞ്ചായത്തിലെ അനധികൃത നിലം നികത്തലിനെതിരെ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. കളക്ടറുടെ നിര്‍ദ്ദേശാനുസരണം സ്ഥലത്തെത്തിയ ആര്‍ഡിഒ ആര്‍. വിശ്വനാഥന്‍ മൈലം വില്ലേജാഫീസ്, നിലം നികത്തല്‍ വ്യാപകമായ ഗോവിന്ദമംഗലം, ഇട്ടിയാപറമ്പ്, പാലമുറ്റം, ഡീസന്റ്മുക്ക്, വൈ.എം.സി.എ എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. വ്യാപകമായ നിലം നികത്തല്‍ കൂടാതെ പുലമണ്‍ തോടിന്റെ പുറമ്പോക്ക് കയ്യേറ്റവും നടത്തിയതായി രേഖകളില്‍ നിന്ന് ആര്‍.ഡി.ഒ കണ്ടെത്തി. അനധികൃത നികത്തലിനെതിരെ, വസ്തുഉടമകളുടെ മേല്‍വിലാസം നിര്‍ണ്ണയിച്ച് അവരെയും നികത്താനായി മണ്ണെത്തിച്ചവരെയും പ്രതികളാക്കി വില്ലേജാഫീസര്‍ വാദിയായി കേസ് നല്‍കാനും ആര്‍ഡിഒ അന്ന് നിര്‍ദ്ദേശിച്ചിരുന്നു. വസ്തു ഉടമകള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കാനും മണ്ണ് നീക്കം ചെയ്ത ഏലാകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നോട്ടീസ് നല്‍കാനും നിര്‍ദ്ദേശിച്ചു. വില്ലേജാഫീസിലെ രേഖകളില്‍ നിലമായിരുന്ന പ്രദേശങ്ങളും നീര്‍ച്ചാലുകളും നികത്തപ്പെട്ടതായി പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടുവെന്ന് ആര്‍.ഡി.ഒ പറഞ്ഞു. മൈലം പഞ്ചായത്തില്‍ നികത്തപ്പെട്ടത് 120 ഓളം ഹെക്ടര്‍ ഏലകളാണ്. ഈ റിപ്പോര്‍ട്ട് കളക്ടര്‍ക്കു കൈമാറി കഴിഞ്ഞു. കളക്ടറുടെ ‘ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനിടയില്‍ വിശ്വഹിന്ദുപരിഷത്ത്, ഗ്രീന്‍സോഷ്യല്‍ഫോറം ഉള്‍പ്പടെ വിവിധസംഘടനകള്‍ സമരരംഗത്ത് എത്തിതുടങ്ങി. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് സമിതി യോഗത്തില്‍ നിലം നികത്തലിനെതിരെ നടപടി എടുക്കാത്ത പഞ്ചായത്തിന്റെ നിലപാടിനെതിരെ ബിജെപി അംഗങ്ങള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഇത്രയും ഗൂരുതരമായി വിഷയം മിനിട്ട്‌സില്‍ ഉള്‍പ്പെടുത്താത്തതും അനധികൃതകൈയ്യേറ്റത്തിനെതിരെ നടപടി എടുക്കാത്തതും വിമര്‍ശനവിധേയമായി. പ്രസിഡന്റും ‘ഭരണസമിതിയും പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച് മാത്രമാണ് ഭരണം നടത്തുന്നതെന്നും അംഗങ്ങള്‍ ആരോപിച്ചു. പുലമണ്‍തോട് കയ്യേറ്റം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സിപിഎം നേതൃത്വത്തില്‍ തന്നെയുള്ള കഴിഞ്ഞ പഞ്ചായത്ത് ‘ഭരണ സമിതി അവഗണിച്ചതും ചര്‍ച്ചയില്‍വന്നു. ചുടുകട്ട” കമ്പിനി ഉടമ കയ്യേറിയ പുലമണ്‍ തോടിലെ ‘ഭാഗങ്ങള്‍ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ ‘ഭൂമിയുടെ സ്‌കെച്ചും താലൂക്ക് സര്‍വെയറുടെ റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തി ആഡീഷണല്‍ തഹസില്‍ദാര്‍ കഴിഞ്ഞ മെയ് മാസത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കു രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നു. കെഎല്‍സി-മൈലം വില്ലേജ് റോഡില്‍ സ്വകാര്യവ്യക്തി നടത്തിയ കയ്യേറ്റവും ഒഴിപ്പിക്കാന്‍ ഇതോടൊപ്പം മറ്റൊരുകത്തും നല്‍കിയിരുന്നു. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്ത പഞ്ചായത്ത് സമിതിയില്‍ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്തില്‍ നിരവധി കയ്യേറ്റങ്ങള്‍ ഉണ്ടെന്നും അവയെല്ലാം ഒഴിപ്പിക്കുമ്പോള്‍ ഇവയും ഒഴിപ്പിക്കാമെന്നുമായിരുന്നു പ്രസിഡന്റ് ഉള്‍പ്പടെയുള്ള പഞ്ചായത്ത് അംഗങ്ങളുടെ അഭിപ്രായം.ഒഴിപ്പിക്കുമ്പോള്‍ തോട് കയ്യേറി നിര്‍മ്മിച്ച ലോക്കല്‍ കമ്മിറ്റി ഓഫിസും ഒഴിപ്പിക്കേണ്ടിവരുമെന്നതിനിലാണ് പഞ്ചായത്ത് നടപടി എടുക്കാത്തത്. സെക്രട്ടറിയുടെ ആവശ്യം വിയോജിപ്പോടു തള്ളിയതായി പഞ്ചായത്ത് മിനുട്‌സില്‍ രേഖപ്പെടുത്തുകയും ചെയ്തു. നിലംനികത്തല്‍ പ്രശ്‌നം കൊട്ടാരക്കരയില്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മുന്‍തൂക്കം നേടിയെങ്കിലും കൊട്ടാരക്കരയില്‍ പലയിടത്തും ഏറെ പിന്നോക്കം പോയി. കുളക്കടയിലും മേലിലയിലും സിപിഐക്കും പിന്നിലായി സ്ഥാനം. പരമ്പരാഗത സീറ്റുകളില്‍ ബിജെപി മേല്‍ക്കൈ നേടുകയും ചെയ്തു. ഇത് മാഫിയകളെ സംരക്ഷിക്കുന്ന നയത്തിനുള്ള തിരിച്ചടിയാണന്നാണ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ പരസ്യമായി പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.