കോണ്‍ഗ്രസ് സഖ്യത്തിന്റെ സൂചന നല്‍കി സിപിഎം പ്ലീനത്തിന് തുടക്കം

Sunday 27 December 2015 11:14 pm IST

കൊല്‍ക്കത്ത: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പിലും ദേശീയ തലത്തിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന്റെ വ്യക്തമായ സുചനനല്‍കി അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സിപിഎം പാര്‍ട്ടി പ്ലീനത്തിന് തുടക്കം. കൊല്‍ക്കത്തയിലെ ബ്രഗേഡ് പരേഡ് മൈതാനിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്രസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ബിജെപിയെയും പശ്ചിമബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി. നരേന്ദ്രമോദിയെ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് മാറ്റി ഭാരതത്തെയും മമതയെമാറ്റി ബംഗാളിനെയും രക്ഷിക്കണമെന്നാണ് യെച്ചൂരി പറഞ്ഞത്. സമ്മേളനത്തില്‍ പ്രസംഗിച്ച കേരളത്തില്‍ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ മാത്രമാണ് കോണ്‍ഗ്രസിനെ പേരിനെങ്കിലും വിമര്‍ശിച്ചത്. കേരളത്തിലും ബംഗാളിലും അടുത്തതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് അവകാശപ്പെടുകയാണ് കോടിയേരി ചെയ്തത്. പശ്ചിമബംഗാള്‍ മുന്‍ സിപിഎം സെക്രട്ടറി ബിമന്‍ ബസു, പ്ലീനത്തിന്റെ ചെയര്‍മാന്‍ കൂടിയായ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, സിപിഎം പശ്ചിമബംഗാള്‍ സെക്രട്ടറി സുര്യകാന്ത മിശ്ര, മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ എന്നിവര്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് ഒഴിവാക്കിയത് പാര്‍ട്ടി അണികളില്‍ അമ്പരപ്പുളവാക്കി. കോണ്‍ഗ്രസിനെ വിമര്‍ശനത്തില്‍നിന്ന് ഒഴിവാക്കിയ ഈ നേതാക്കള്‍ ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുകയായിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ മമതയ്ക്കും ബിജെപിക്കുമെതിരെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ നീക്കം നടത്തുന്നതു കൊണ്ടാണ് ഇത്തരമൊരു നിലപാടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞുവെങ്കിലും പലയിടങ്ങളിലും  കോണ്‍ഗ്രസുമായി സിപിഎം സൗഹൃദമത്സരത്തിലായിരുന്നു. കോണ്‍ഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രണബ് മുഖര്‍ജിയെ പിന്തുണച്ചതിന്റെ തുടര്‍ച്ചയായിരുന്നു ഇത്. കോണ്‍ഗ്രസ് ബന്ധത്തില്‍ പ്രതിഷേധിച്ച് പലനേതാക്കളും പാര്‍ട്ടിവിടുകയും ചെയ്തു. ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമാകുകയും ബംഗാളില്‍ ഒരു തിരിച്ചുവരവിനുള്ള സാധ്യത തീരെയില്ലാത്തതിനാലും കോണ്‍ഗ്രസുമായി സഖ്യത്തിലെത്താതെ ഗത്യന്തരമില്ലാത്ത അവസ്ഥയിലാണ് സിപിഎം. കേരളത്തില്‍ കോണ്‍ഗ്രസുമായും മത്സരിക്കേണ്ടതിനാലാണ് സംസ്ഥാന സെക്രട്ടറിയായ കോടിയേരി ആ പാര്‍ട്ടിയെ വിമര്‍ശിച്ചെന്ന് വരുത്തിയത്. എന്നാല്‍ കേരളത്തിലും ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സഹകരണത്തിനൊരുങ്ങുകയാണ് സിപിഎം. കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതുകൊണ്ട്  ദേശീയതലത്തിലും പശ്ചിമബംഗാളിലും മറ്റും ആ പാര്‍ട്ടിയുമായി സഖ്യംപാടില്ലെന്ന നിലപാട്  യെച്ചൂരി ഉള്‍പ്പെടെ പല നേതാക്കള്‍ക്കുമില്ല. പ്ലീനത്തിന്റെ തുടക്കത്തില്‍ തന്നെ അവസരവാദപരമായ ഈ നിലപാട് തെളിഞ്ഞു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.