വേദാന്തപ്പൊരുളയ്യപ്പന്‍

Monday 28 December 2015 9:23 pm IST

ഐതിഹ്യം, ചരിത്രം ഇവയ്‌ക്കൊക്കെ ഉപരി തത്ത്വദര്‍ശനപരമായ സന്ദേശമാണ് ശബരിമല തീര്‍ത്ഥാടനവും അയ്യപ്പദര്‍ശനവും കൊണ്ട് നമുക്ക് ലഭിക്കേണ്ടത്. ഏകത്വത്തെ പ്രകീര്‍ത്തിക്കാന്‍ എത്രയെത്ര ഉപനിഷത് വാക്യങ്ങളാണ് ഉപോദ്ബലമായി വര്‍ത്തിക്കുന്നത്. ഉപനിഷത്തുകളിലെ തത്ത്വചിന്ത ആദ്ധ്യാത്മിക മണ്ഡലത്തില്‍ മനുഷ്യന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടുള്ളവയില്‍വച്ച് ഏറ്റവും മഹത്തരമായിട്ടുള്ളതാണ്. അതുകൊണ്ടുതന്നെയാണ് അതിന് 'വേദാന്തം' എന്ന പേര്‍ വന്നതും. (വേദത്തിന്റെ- അറിവിന്റെ അന്തം- അറ്റം-നിര്‍ണയം). വേദാന്തപ്പൊരുളായ അയ്യപ്പനെ അറിയാന്‍ വേദാന്ത ജ്ഞാനമാണ് നമുക്കുണ്ടാകേണ്ടത്. എല്ലാ ആചാരാനുഷ്ഠാനങ്ങളും ഈ വേദാന്തതത്ത്വത്തെ സാക്ഷാത്കരിക്കാനായിട്ടാണ് പൂര്‍വസൂരികള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഹൈന്ദവജനതയെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷവും ആചാരാനുഷ്ഠാനങ്ങളില്‍ കുടുങ്ങി താത്ത്വികജ്ഞാനം അറിയാതെ പോകുന്നു. ഇതിനൊരു മാറ്റമുണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കാമക്രോധാദികളും ജാതിസ്പര്‍ദ്ധയും മതവിദേ്വഷവും സ്വാര്‍ത്ഥതയും ഒക്കെ ഇല്ലാതാക്കി 'വസുധൈവ കുടുംബകം' ''വിശ്വം ഭവതേ്യക നീഡം'' എന്നീ സങ്കല്‍പത്തിലേക്ക് എത്തിച്ചേരാന്‍, വിശ്വ പൗരനായിത്തീരാന്‍ വേദാന്തജ്ഞാനം ഉപകരിക്കുന്നു. വേദാന്ത പ്രതിപാദ്യമെന്തെന്നു ധരിപ്പിക്കാനായി നാലുവേദങ്ങളില്‍ നിന്ന് നാലു വാക്യങ്ങള്‍ പ്രമാണമായി സ്വീകരിച്ചിരിക്കുന്നു. ഇവയെ മഹാവാക്യങ്ങളെന്നു പറയുന്നു. ജീവാത്മപരമാത്മ അഭേദസൂചകങ്ങളാണ് ഈ മഹാവാക്യങ്ങള്‍. ശബരിമല ദര്‍ശനത്തിന്റെ തത്ത്വസാക്ഷാത്കാരമായി 'തത്ത്വമസി' എന്ന മഹാവാക്യം നിലകൊള്ളുന്നു. സാമവേദാന്തര്‍ഗതമായ ഛാന്ദോഗേ്യാപനിഷത്തിലേതാണ് ഈ മഹാവാക്യം. ഉദ്ദാലകമഹര്‍ഷി തന്റെ പുത്രനായ ശ്വേതകേതുവിന് കൊടുക്കുന്ന ഉപദേശമാണിത്. ''ഐതദാത്മ്യമിദം സര്‍വ്വം തത്സത്യം സ ആത്മാ തത്ത്വമസി ശ്വേതകേതോ'' ഇതെല്ലാം ഇതാകുന്ന ആത്മാവോടുകൂടിയതാകുന്നു, അതാണ് സത്യമായിട്ടുള്ളത്. അതാണ് ആത്മാവായിട്ടുള്ളത്. അല്ലയോ ശ്വേതകേതോ, അത് നീയാകുന്നു. ആശയ ഗാംഭീര്യത്താല്‍ 'തത്ത്വമസി' വാക്യം ഉപനിഷത്തില്‍ ഒമ്പതുപ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. നമ്മളോരോരുത്തരും ഈ തത്ത്വത്തെ ഉറപ്പിക്കേണ്ടവരില്‍ ഉള്‍പ്പെടുന്നവര്‍തന്നെയെന്നുള്ളത് സംശയാതീതമായ കാര്യമാണ്. 'തത്' പദം കൊണ്ട് വിജ്ഞാനവും ആനന്ദസ്വരൂപവും മനോവാക്കുകള്‍ക്ക് അഗോചരവുമായിരിക്കുന്ന ആ പരമായ ഉണ്‍മയും (അഖണ്ഡ ചൈതന്യം) 'ത്വം' പദംകൊണ്ട് ഉപാധി പരിച്ഛിന്നമായ ജീവാത്മാവും ഒന്നുതന്നെയെന്നുള്ള ആത്യന്തികസത്യത്തെ വെളിപ്പെടുത്തുന്നു. ഈ മഹാവാക്യത്തില്‍കൂടി നാമെല്ലാം വെറെ വേറെ എന്നുള്ള ഭേദബുദ്ധിയെ നിരാകരിച്ചുകൊണ്ടുള്ള ഐക്യബോധത്തെയാണ് സാക്ഷാത്കരിക്കേണ്ടത്. ''തത്ത്വമസി'' വാക്യം ഉപദേശത്തെ നല്‍കുന്നതാണെങ്കില്‍ അനുസന്ധാനവാക്യമാണ് അഥര്‍വവേദത്തിലെ മാണ്ഡൂകേ്യാപനിഷത്തിലുള്ള 'അയമാത്മാ ബ്രഹ്മ'' എന്ന മഹാവാക്യം- ഈ ആത്മാവ് ബ്രഹ്മമാകുന്നു. നമ്മുടെ ദേഹേന്ദ്രിയാദികളെ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഓരോരുത്തരുടേയും ഉള്ളില്‍ വര്‍ത്തിക്കുന്ന ആത്മാവ് ബ്രഹ്മമല്ലാതെ മറ്റൊന്നല്ല, എന്തുകൊണ്ടെന്നാല്‍ ഇവിടെ ചൈതന്യം ഒന്നുമാത്രമേയുള്ളൂ. ഋഗേ്വദത്തിലെ ഐതരേയോപനിഷത്തിലുള്ള ''പ്രജ്ഞാനം ബ്രഹ്മ'' എന്നത് ലക്ഷണവാക്യമാണ്. ജ്ഞാതാവ്, ജ്ഞേയം, ജ്ഞാനം എന്നീ ത്രിപുടികള്‍ നശിച്ച് നമ്മുടെ ഉള്ളില്‍ അവശേഷിക്കുന്ന ഉത്കൃഷ്ടമായ ജ്ഞാനം- ആ ബോധസത്ത തന്നെയാണ് ബ്രഹ്മം. അജ്ഞാനംകൊണ്ട് ജ്ഞാനം മറയ്ക്കപ്പെട്ടിരിക്കുന്നു. തമോരൂപമായ ആ ആവരണത്തെ നീക്കി ബോധത്തെ അനാവരണം ചെയ്യുന്നതാണ് ആത്മസാക്ഷാത്കാരം. നാലാമത്തെ മഹാവാക്യമാണ് യജുര്‍വേദത്തിലെ ബൃഹദാരണ്യകോപനിഷത്തില്‍ നിന്നും സ്വീകരിച്ചിട്ടുള്ള ''അഹം ബ്രഹ്മാസ്മി' എന്ന അനുഭവവാക്യം- ഞാന്‍ ബ്രഹ്മം തന്നെയാകുന്നുവെന്ന് അനുഭവിച്ചറിഞ്ഞ സാധകന്റെ അനുഭവം. ഉപനിഷത്തുക്കളുടെ പ്രധാന സന്ദേശം ഏകത്വദര്‍ശനമാണ്. വിവിധ ദേവീ ദേവ സങ്കല്‍പങ്ങളെയെല്ലാം ഒരേയൊരു സത്തയില്‍ (ബ്രഹ്മത്തില്‍) ലയിപ്പിച്ച് ഭാരതത്തില്‍ ഏകദൈവ വിശ്വാസം ഉറപ്പിച്ചത് ഉപനിഷദ്ദര്‍ശനമാണ്. ''ഏകമേവാദ്വിതീയം''- അത് ഒന്നുമാത്രമാണ്, രണ്ടാമതൊന്നില്ലാത്ത. ഏകോദേവഃ സര്‍വഭൂതേഷു ഗൂഢഃ'' എല്ലാ ഭൂതങ്ങളിലും (ഭൂതങ്ങള്‍- ഭവിച്ചത്) ഒരേയൊരീശ്വരന്‍ ഗൂഢമായി വര്‍ത്തിക്കുന്നു. ''തത്ര കോ മോഹഃ ക ശോകഃ ഏകത്വമനുപശ്യതഃ'' ഈശ്വരന്‍ ഏകനാണെന്ന ജ്ഞാനമുണ്ടായാല്‍ ശോകമോഹാദികള്‍ നിവര്‍ത്തിക്കപ്പെടുന്നു. ''ദ്വിതീയാത് വൈ ഭയം ഭവതി'' രണ്ടുണ്ടെങ്കില്‍ ഭയവും തീര്‍ച്ചയാണ്. ''ഇദമേകമേവാഗ്ര ആസീത്'' ഇത് ഒന്നുമാത്രമേ ആദ്യമുണ്ടായിരുന്നുള്ളൂ. ''നേഹ നാനാസ്തി കിംചന'' ഇവിടെ നാനാത്വമില്ല. ''ന ജായതേ മ്രിയത്യേവാ'' ഈ ആത്മാവ് ജനിക്കുന്നുമില്ല, മരിക്കുന്നുമില്ല. ''ജന്മാദ്യസ്യ യതഃ'' - ജന്മാദികള്‍ എവിടെനിന്നോ അത് ബ്രഹ്മം. ''അനുഭവാവസാനത്വാത്'' ബ്രഹ്മജ്ഞാനം അനുഭവത്തിലൂടെ. ഇപ്രകാരം ശ്രുതികള്‍, ഭഗവദ്ഗീതാ വാക്യങ്ങള്‍, ബ്രഹ്മസൂത്രങ്ങള്‍ ഒക്കെയുണ്ട് ഈശ്വരന്റെ ഏകത്വത്തെ വെളിപ്പെടുത്താന്‍. ഭാരതീയ ഋഷീശ്വരന്മാര്‍ ബ്രഹ്മചര്യത്തിന് വളരെയധികം പ്രാധാന്യം നല്‍കിയിരിക്കുന്നു. ശബരിമല അയ്യപ്പന്‍ ബ്രഹ്മചാരി എന്ന സങ്കല്‍പം നാം വച്ചുപുലര്‍ത്തുന്നുണ്ട്. ബ്രഹ്മഭാവത്തില്‍ മനസ്സ് സഞ്ചരിക്കുന്നതാണ് ഉത്കൃഷ്ടമായ അര്‍ത്ഥത്തിലുള്ള ബ്രഹ്മചര്യം. ''സര്‍വം ഖല്വിദം ബ്രഹ്മ'' ഇതെല്ലാം ബ്രഹ്മം തന്നെ (ബ്രഹ്മം - ലോകം മുഴുവന്‍ വ്യാപ്തമായിരിക്കുന്ന ചൈതന്യ വിശേഷം) എന്നു ഗുരുമുഖത്തുനിന്നറിഞ്ഞ് മനനനിദിദ്ധ്യാസനങ്ങളെകൊണ്ട് അതില്‍തന്നെ മനസ്സുറപ്പിക്കുന്നവന്‍ ബ്രഹ്മചാരി. ബ്രഹ്മചര്യം ശരിയായി പരിപാലിച്ചാല്‍ മേധ എന്ന നാഡി ഉണരുമെന്നും അത് ദീര്‍ഘദൃഷ്ടി, സൂക്ഷ്മദൃഷ്ടി എന്നിവയ്ക്ക് കാരണമാകുമെന്നും ശാസ്ത്രതത്ത്വം. ബ്രഹ്മഭാവം പ്രാപിച്ചവന്‍ മനസ്സിന്റെ കളങ്കം നീങ്ങി മരണരഹിതനായിത്തീരുന്നു. ''ബ്രഹ്മ പ്രാപ്‌തോ വിരജോളഭൂദ്വിമൃത്യുഃ'' ''തരതി ശോകമാത്മാവിത്'' ആത്മാവിന്റെ യഥാര്‍ത്ഥ സ്വരൂപമായ ബ്രഹ്മഭാവം അനുഭവിച്ച് അറിഞ്ഞവന്‍ ദുഃഖസാഗരത്തെ മറികടന്ന് ജീവിതലക്ഷ്യം സാക്ഷാത്കരിക്കുന്നു- മൃത്യുജയം- അമൃതത്വപ്രാപ്തി ഫലം. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.