ജന്മം പാഴാക്കാതിരിക്കുക

Monday 28 December 2015 9:31 pm IST

മനുഷ്യജന്മത്തിന്റെ മഹത്വം മനസ്സിലാക്കാതെ വ്യര്‍ത്ഥമാക്കി കളയുന്നവരാണ് അധികം പേരും. യഥാകാലം ധര്‍മം അനുഷ്ഠിക്കാതെ കാലം കഴിക്കാനാണ് പലരുടേയും വാസന. കൗമാരത്തില്‍ ജ്ഞാനം സമ്പാദിക്കാതെ അത് നഷ്ടപ്പെടുത്തുകയും ഗൃഹസ്ഥാശ്രമിയാകുമ്പോള്‍ അതുമൂലം ധര്‍മനിഷ്ഠയില്ലാത്തവരായും തീരുന്നു. ഇങ്ങനെയുള്ള ജനത ഭൗതികമായി എത്ര ഉന്നതി പ്രാപിച്ചാലും ആ സമൂഹവും  അതുവഴി രാഷ്ട്രവും സാംസ്‌കാരികാധപ്പതനത്തിലായിരിക്കും എത്തിച്ചേരുക. ധാര്‍മികബോധവും സംസ്‌കാരവും ഇല്ലാതെ വരുമ്പോള്‍ ജീവിതമൂല്യങ്ങള്‍ മൃതപ്രായമാകും. വിഷയഭോഗങ്ങളില്‍മാത്രം തല്‍പ്പരരാകും. ശാസ്ത്ര സഹായവും സാങ്കേതിക പരിജ്ഞാനവും മൂലം ഭൗതികജീവിതം പരിപുഷ്ടി പ്രാപിച്ചേക്കാം. എന്നാല്‍ ആത്മബോധം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ആ സമൂഹത്തെ മൃഗീയവാസനകളായിരിക്കും മുന്നോട്ടു നയിക്കുക. ചിലര്‍ ധനത്തിനുവേണ്ടി ജീവിതം മുഴുവന്‍ കഷ്ടപ്പെടുന്നു. മറ്റു ചിലര്‍ ഏതെങ്കിലും കീര്‍ത്തിക്കുവേണ്ടിയും. ധര്‍മനിഷ്ഠയില്ലാത്തതിനാല്‍ മൂല്യങ്ങളെ അവഗണിച്ച് ജ്ഞാനികളെ പുച്ഛിക്കാനും മടിക്കാത്ത മറ്റൊരു കൂട്ടര്‍ സുഖഭോഗങ്ങളില്‍ മുഴുകി കാലം വ്യര്‍ത്ഥമാക്കുന്നു. അതായത് യൗവ്വനകാലത്ത് ലഭിക്കുന്ന ഭോഗ്യവസ്തുക്കളെല്ലാം എന്നത്തേക്കും ആനന്ദദായകമാണെന്ന് അവര്‍ കരുതുന്നു. ധര്‍മബോധമില്ലാത്തതിനാല്‍ യുവത്വത്തിന്റെ സാഹസികതയും ശക്തിയുംകൊണ്ട് എന്തു ഹീനകൃത്യങ്ങള്‍ക്കും തയ്യാറാകും. നന്മ പറഞ്ഞാലും അവര്‍ക്കതു മനസ്സിലാകില്ല. യൗവ്വനം വിട്ട് വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ ജരാനരകളും രോഗവും മൂലം ദേഹേന്ദ്രിയങ്ങള്‍ അവശമായിത്തീരും. ഈ സമയത്ത് ഭാവിയെക്കുറിച്ചാലോചിച്ച് ഉത്കണ്ഠാകുലരായി കാലം തള്ളിനീക്കും. മരണത്തെ മുന്നില്‍ക്കണ്ട് ഓരോ ദിനരാത്രവും കഴിച്ചുകൂട്ടും. താന്‍ സുഖസന്ദായകമെന്ന് കരുതിയിരുന്ന ധനവും മറ്റ് ഐശ്വര്യങ്ങളും ഭാര്യ, കുട്ടികള്‍, ബന്ധുമിത്രാദികള്‍ എല്ലാം തന്നെ നശ്വരമെന്നും ദുഃഖകരമെന്നും അപ്പോഴാണ് ബോധ്യമാവുക. ഇത്രയുംകാലം ഭാര്യാപുത്രാദികള്‍ക്ക് ധനം സമ്പാദിക്കാനും സുഖഭോഗങ്ങള്‍ അനുഭവിക്കാനും മാത്രമായിരുന്നോ മനുഷ്യജന്മം സ്വീകരിച്ചത്. ഇതിലുപരി മറ്റെന്തെങ്കിലും ലക്ഷ്യംകൂടി ജീവിതത്തിനുണ്ടോ?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.