ശ്രീനാരായണ ഗുരുദേവ വിഗ്രഹ രഥഘോഷയാത്ര മൂലൂര്‍ സ്മാരകത്തില്‍ നിന്നു പുറപ്പെട്ടു

Monday 28 December 2015 9:54 pm IST

പത്തനംതിട്ട : ശിവഗിരി തീര്‍ത്ഥാടന സമ്മേളന വേദിയില്‍ സ്ഥാപിക്കാനുള്ള ശ്രീനാരായണ ഗുരുദേവ വിഗ്രഹ രഥഘോഷയാത്ര മൂലൂര്‍ സ്മാരകത്തില്‍ നിന്നു പുറപ്പെട്ടു. ശിവഗിരി സ്മാരക പ്രഭവ നികേതനില്‍ അലങ്കരിച്ച വാഹനത്തില്‍ സ്ഥാപിച്ച ഗുരുദേവ വിഗ്രഹത്തില്‍ ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പുഷ്പവൃഷ്ടി നടത്തി വിളിക്കില്‍ ദീപം തെളിയിച്ച് രഥയാത്ര ഉദ്ഘാടനം ചെയ്തു. മതങ്ങള്‍ക്കും അതീതമാണ് ആദ്ധ്യാത്മികതയെന്ന ഗുരുദേവ ദര്‍ശനം പില്‍ക്കാലത്ത് പോപ്പും അംഗീകരിക്കുകയുണ്ടായെന്നും വിഗ്രഹ ഘോഷയാത്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി. ജെ കുര്യന്‍ പറഞ്ഞു. ആദ്ധ്യാത്മികത മാത്രമല്ല, മനുഷ്യന്റെ ഭൗതികമായ ആവശ്യങ്ങളും നിറവേറ്റപ്പെടേണ്ടതാണെന്നു ഗുരുദേവന്‍ വിശ്വസിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി അദ്ധ്യക്ഷതവഹിച്ചു. ശിവദാസന്‍ നായര്‍ എം. എല്‍. എ, മുന്‍ എം. എല്‍. എമാരായ കെ. സി രാജഗോപാല്‍, അഡ്വ. എ. എന്‍ രാജന്‍ബാബു, മാലേത്തു സരളാദേവി, സംഘാടക സമിതി ചെയര്‍മാന്‍ പ്രൊ. കെ. ശശികുമാര്‍, ജനറല്‍ കണ്‍വീനര്‍ പ്രൊഫ. എം. ആര്‍. സഹൃദയന്‍ തമ്പി, ഗുരുധര്‍മ്മ പ്രചരണ സഭ ഉപദേശക സമിതി ചെയര്‍മാന്‍ മുടീത്രഭാസ്‌കരപ്പണിക്കര്‍, എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റ് പത്തനംതിട്ട ജില്ലാ കണ്‍വീനര്‍ പി. ആര്‍. രാഖേഷ്, എ. ആര്‍. ബാലന്‍, മൂലൂര്‍ സ്മാരക സമിതി അംഗം പി. വി മുരളീധരന്‍, ബ്‌ളോക്കു പഞ്ചായത്തു പ്രസിഡന്റ് പി. കെ തങ്കമ്മ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണക്കുറുപ്പ്, ജില്ലാ പഞ്ചായത്തംഗം വിനീതാ അനില്‍, ബ്‌ളോക്ക് അംഗം പിങ്കി ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശിവഗിരി തീര്‍ത്ഥാടന ദീക്ഷ സ്വീകരിച്ച ഇരുന്നൂറോളം തീര്‍ത്ഥാടകരാണ് യാത്രയ്‌ക്കൊപ്പമുള്ളത്. വൈകിട്ട് 6.30ന് പുറപ്പെട്ട യാത്ര മെഴുവേലി ആനന്ദഭൂതോദയം ക്ഷേത്രത്തില്‍ രാത്രി വിശ്രമിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ഇന്നു സന്ധ്യയോടെ ശിവഗിരിയിലെ മഹാസമാധിയിലെത്തിച്ചേരും. ദീപാരാധനയ്ക്കു ശേഷം തീര്‍ത്ഥാടന സമ്മേളന വേദിയിലേക്കു വിഗ്രഹം എത്തിക്കും. 31ന് ശിവഗിരിയില്‍ നടക്കുന്ന തീര്‍ത്ഥാടന ഘോഷയാത്രയുടെ മുന്‍ നിരയില്‍ വിഗ്രഹം വഹിച്ചുള്ള രഥം സഞ്ചരിക്കും. സരസ കവി മൂലൂര്‍ എസ്. പത്മനാഭപ്പണിക്കരുടെ വസതിയായ കേരള വര്‍മ്മ സൗധത്തില്‍ നിന്നും 83 വര്‍ഷം മുന്‍പ് അഞ്ചംഗ സംഘം തീര്‍ത്ഥാടനം ആരംഭിച്ചതിന്റെ സ്മരണയായിട്ടാണ് ഗുരുദേവന്റെ പഞ്ചലോഹം വഹിച്ചുള്ള രഥഘോഷയാത്ര മൂലൂരില്‍ നിന്നു പുറപ്പെട്ടത്. സംഘാടക സമിതി ചെയര്‍മാന്‍ പ്രൊഫ. കെ. ശശികുമാര്‍, ജനറല്‍ കണ്‍വീനര്‍ പ്രൊഫ. എം. ആര്‍. സഹൃദയന്‍ തമ്പി എന്നിവരാണ് രഥഘോഷയാത്രയ്ക്കു നേതൃത്വം നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.