കൊച്ചി കടപ്പുറം വിനോദ സഞ്ചാരികള്‍ക്ക് അന്യമാകുന്നു

Monday 28 December 2015 10:43 pm IST

മട്ടാഞ്ചേരി: കൊച്ചിയില്‍ കടലിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഏറ്റവും തിരക്ക് അനുഭവപ്പെട്ടിരുന്ന ബീച്ചാണ് ഫോര്‍ട്ട്‌കൊച്ചി ബീച്ച്. എന്നാല്‍ അധികൃകരുടെ അനാസ്ഥകൊണ്ട് വിനോദസഞ്ചാരികള്‍ ഫോര്‍ട്ടുകൊച്ചി ബീച്ചിനെ അവഗണിക്കുകയാണ്. മാലിന്യ കുമ്പാരവും മദ്യമയക്ക് മരുന്ന് ശക്തികളുടെ വിഹാരകേന്ദ്രവുമായി മാറിയതിനാല്‍ വിനോദ സഞ്ചാരികള്‍ക്ക് അന്യമാകുകയാണ് ഫോര്‍ട്ടുകൊച്ചി ബീച്ച്. പ്രതീക്ഷയോടെ കൊച്ചി കാണുവാനെത്തുന്നവര്‍ക്ക് ഇവിടെ വളരെകുറച്ചുസമയം മാത്രമാണ് ചിലവഴിക്കുന്നതെന്ന് കടപ്പുറത്തെ വ്യാപാരികള്‍ പറയുന്നു. ചീഞ്ഞളിഞ്ഞ കുളവാഴപ്പായല്‍, തളം കെട്ടി നില്‍ക്കുന്ന മലിനജലം, മദ്യ കുപ്പികള്‍, സിറിഞ്ചുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മനുഷ്യവിസര്‍ജ്ജ കൂനകള്‍ തുടങ്ങിവ കൊച്ചി കടപ്പുറത്തെത്തുന്നവരെ അകറ്റുന്ന കാരണങ്ങളാണ്. കൂടാതെ തീരത്തെ നടപ്പാതയ്ക്കരികിലെ കാടുകളിലും മാലിന്യശേഖരത്തിലും ഒളിഞ്ഞിരിക്കുന്ന ഇഴജന്തുക്കളുടെ ഭീഷണി വേറെയും. കൊച്ചിയുടെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ചരിത്ര കടപ്പുറം നവവത്സരാഘോഷമായ കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷവേളയിലും ശുചീകരിക്കാത്തതില്‍ ഏറെ പ്രതിഷേധമാണുയരുന്നത്. കോടികള്‍ ചിലവഴിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും കടപ്പുറം മാലിന്യത്താല്‍ മലീമസമാകുന്നത് അധികൃതരുടെ നിരുത്തരവാദത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് സഞ്ചാരികള്‍ പറയുന്നു. ചീനവലകളും പ്രകൃതി രമണിയതയും കണ്ട് തീരത്തെത്തിയപ്പോള്‍ ദു:ഖം തോന്നിയതെന്ന് ആന്ധ്രയില്‍ നിന്നുമെത്തിയ നീലാജ്ജന റെഡ്ഡിയും ഭാര്യ ജയന്തിയും പറഞ്ഞു. തീരത്തിറങ്ങി തിരമാലകളില്‍ ഉല്ലസിക്കുവാന്‍ സാധിച്ചില്ല. ഏറെ കഷ്ടമാണ് ഇവിടെത്തെ അവസ്ഥയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഊട്ടിയും മൂന്നാറും കണ്ട് കൊച്ചിയിലെത്തിയപ്പോള്‍ കടപ്പുറം കണ്ട മാത്രയില്‍ മറ്റൊരിടത്തേയ്ക്ക് പോകാണ് തോന്നിയതെന്ന് ഇംഗ്ലണ്ടില്‍ നിന്നുമെത്തിയ വിനോദ സഞ്ചാരി സംഘം പറഞ്ഞു. കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് മുമ്പ് തന്നെ കൊച്ചിക്കാര്‍ നവവത്സരദിനത്തില്‍ കടപ്പുറത്ത ഒത്തുകൂടുന്നത് പതിവാണ്. ഞായറഴ്ച്ചയും ഒഴിവുദിനങ്ങളിലും നൂറുകണക്കിന് പ്രാദേശിക ആഭ്യന്തര സഞ്ചാരികളെത്തുന്ന കൊച്ചി കടപ്പുറത്ത് നവവത്സരാഘോഷ വേളയില്‍ പതിനായിരങ്ങളാണ് എത്തുകയെന്ന് ടൂറിസം കേന്ദ്രങ്ങളും സമ്മതിക്കുന്നു. കൊച്ചി കടപ്പുറം ശൂചീകരണ ലക്ഷ്യവുമായി വിഭാവനം ചെയ്ത് പ്രഖ്യാപിച്ച സീറോ വേസ്റ്റ് പദ്ധതി ഇന്നും നടപ്പിലാക്കുന്നതില്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നടത്തുന്ന അവഗണനയാണ് മാലിന്യപ്രശ്‌നം രൂക്ഷമാക്കാനിടയാക്കിയതെന്ന് പ്രദേശിക സംഘടനകളും പറയുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ കടപ്പുറത്ത് ശുചീകരണ നടപടികള്‍ കൈക്കൊള്ളണമെന്നാണ് സ്വദേശി വിദേശി പ്രാദേശിക സഞ്ചാരികള്‍ അധികൃതരോടാവശ്യടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.