റവന്യൂ ജില്ലാ കലോത്സവം: രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി

Monday 28 December 2015 10:44 pm IST

കോതമംഗലം: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. 14 സബ്ബ് ജില്ലകളില്‍ നിന്നായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ഇന്ന് രാവിലെ എട്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എം.കെ. ഷൈന്‍മോന്‍ പ്രധാന വേദിയായ മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ അങ്കണത്തില്‍ പതാകയുയര്‍ത്തും. സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ എട്ടിന് ബാന്റുമേള മത്സരവും സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 9.30ന് ചവിട്ടു നാടക മത്സരങ്ങളും മാര്‍ബേസില്‍ സ്‌ക്കൂളില്‍ രചന മത്സരങ്ങളും നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ത്തോമ ചെറിയ പള്ളി അങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം ഫ്‌ളാഗ് ഓഫ് ചെയ്യും. ആയിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്രയില്‍ നിശ്ചലദൃശ്യങ്ങളും നാടന്‍ കലാരൂപങ്ങളും വാദ്യമേളങ്ങളും അകമ്പടിയേകും. വൈകിട്ട് നാലിന് മാര്‍ ബേസില്‍ സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ മേളയുടെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ്ബ് നിര്‍വഹിക്കും. ടി.യു. കുരുവിള എംഎല്‍എ അധ്യക്ഷത വഹിക്കും. ഒമ്പത് ഇടങ്ങളിലായി 16 വേദികളിലാണ് മത്സരങ്ങള്‍.മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളാണ് പ്രധാന വേദി. സെന്റ് അഗസ്റ്റ്യന്‍സ് സ്‌ക്കൂള്‍ , സെന്റ് ജോര്‍ജ്ജ് സ്‌ക്കൂള്‍, ഗവ . ടൗണ്‍ യുപി സ്‌ക്കൂള്‍, ഗവ . എല്‍പിജി സ്‌ക്കൂള്‍ , കലാ ഓഡിറ്റോറിയം , മുനിസിപ്പല്‍ ഓഡിറ്റോറിയം, ലയണ്‍സ് ക്ലബ്ബ് ഹാള്‍ , ഹോളിഡേ ക്ലബ്ബ് ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സര വേദിയൊരുക്കിയിട്ടുള്ളത്. മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ സ്‌റ്റേഡിയത്തില്‍ വിശാലമായ ഭക്ഷണ പന്തല്‍ തയ്യാറാക്കിയിട്ടുണ്ട്. ഡിഡിഇയുടെ നേതൃത്വത്തില്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.