വിവാദങ്ങളില്‍ നിറഞ്ഞ് കായിക ലോകം

Wednesday 30 December 2015 12:42 pm IST

പോയ വര്‍ഷം കണ്ട പ്രധാന കായിക വിവാദങ്ങളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം

ഐപിഎല്ലില്‍ നിന്നും ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ പുറത്തേയ്ക്ക് കായിക ലോകം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായിരുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയത്. ആ അഴിമതിക്കെതിരായ വിധി കടപുഴക്കിയത് ഐപിഎല്ലിലെ രണ്ട് വമ്പന്‍ ടീമുകളെ ആയിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളാണ് സുപ്രീം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ വിധിയില്‍ രണ്ട് വര്‍ഷത്തേയ്ക്ക് പുറത്താക്കപ്പെട്ടത്. ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

അഴിമതിയില്‍ ഏഴ് ഫിഫ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ ലോക ഫുട്‌ബോളിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു 2015 മെയ് 27ല്‍ ഉണ്ടായത്. ഫിഫ ഏഴ് ഉദ്യോഗസ്ഥരെ സൂറിച്ചിലെ ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തു. കോഴ വാങ്ങിയത് സംബന്ധിച്ച കേസിലായിരുന്നു അറസ്റ്റ്. അമേരിക്ക നടത്തിയ അന്വേഷണത്തില്‍ 14 പേര്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.

ബ്ലാറ്റര്‍ക്കും പ്ലാറ്റിനിക്കും വിലക്ക് സൂറിച്ച്: ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ അധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ക്കും, യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതി യുവേഫയുടെ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിക്കും എട്ടു വര്‍ഷം വിലക്ക്. അഴിമതി കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഇരുവര്‍ക്കുമെതിരെ കടുത്ത നടപടിക്ക് ഫിഫ സദാചാര സമിതി അനുമതി നല്‍കി. ദീര്‍ഘനാള്‍ ഫിഫയെ നയിച്ച ബ്ലാറ്റര്‍ക്കും, മൈതാനത്ത് ആരാധകരെ ആവേശത്തിലാറാടിച്ച ശേഷം സംഘാടന രംഗത്തേക്ക് തിരിഞ്ഞ പ്ലാറ്റിനിക്കും കടുത്ത തിരിച്ചടിയായി നടപടി.

21 ഭാരോദ്വാഹകര്‍ക്ക് സസ്‌പെന്‍ഷന്‍ 2015 ഏപ്രില്‍ അഞ്ച് കായിക ലോകത്തിന് മറക്കാനാത്ത കറുത്ത അദ്ധ്യായമായി മാറി. 21 ഭാരോദ്വാഹകരെ ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. പരിശോധനയില്‍ ഉത്തേജക മരുന്നുകള്‍ കണ്ടെത്തിയതായിരുന്നു ഇതിന് കാരണം ഓസ്‌ക്കാര്‍ പിസ്റ്റോറിയസിന്റെ വീഴ്ച്ച കാമുകിയായ രവീണ സ്റ്റീന്‍കാമ്പിനെ വെടിവെച്ചു കൊന്ന കേസില്‍ ദക്ഷിണാഫ്രിക്കന്‍ ബ്ലേഡ് റണ്ണര്‍ ഓസ്‌കര്‍ പിസ്റ്റോറിയസിന് 5 വര്‍ഷം തടവ്. ആയുധം കൈവശം വെച്ചതിന് മൂന്ന് വര്‍ഷം തടവും വിധിച്ചു.

ഒത്തുകളിയുടെ കറയില്‍ ഗ്രീക്ക് ഫുടബോള്‍ ഗ്രീക്ക് ഫുട്‌ബോളും ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയ വര്‍ഷമായിരുന്നു കടന്നു പോയത്. രണ്ട് സൂപ്പര്‍ ലീഗ് ക്ലബ് പ്രഡിഡന്റുമാരടക്കം 15 പേര്‍ ഒത്തു കളി വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജൂണ്‍ 24ന് ഏതന്‍സ് പ്രോസിക്യൂട്ടര്‍ കണ്ടെത്തി.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.