കോണ്‍ഗ്രസ് സഖ്യം: പാര്‍ട്ടിയിലും മുന്നണിയിലും ഭിന്നത

Tuesday 29 December 2015 7:13 pm IST

കൊല്‍ക്കത്ത: ദേശീയതലത്തിലും പശ്ചിമ ബംഗാളിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സിപിഎം നീക്കം പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും കടുത്ത ഭിന്നതയുണ്ടാക്കി. കേരളത്തില്‍ ബിജെപിക്ക് എതിരെ കോണ്‍ഗ്രസുമായി രഹസ്യസഖ്യമുണ്ടാക്കാനും നീക്കമുണ്ട്. അതത് സംസ്ഥാനങ്ങളില്‍ അടവുനയം കൈക്കൊള്ളാനുള്ള അധികാരം അതത് സംസ്ഥാനനേതൃത്വത്തിനാണ്. ദേശീയ തലത്തിലും ബംഗാളിലും സഖ്യമുണ്ടാക്കാനുള്ള നീക്കം പാര്‍ട്ടിക്ക് തകര്‍ച്ചയുണ്ടാക്കുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. പാര്‍ട്ടിയുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ഈ നടപടിയെന്നാണ് അവരുടെ വാദം. ബിജെപിയെ എതിര്‍ക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലേയെന്നും ഇവര്‍ ചോദിക്കുന്നു. തെറ്റുകളുടെ കൂമ്പാരമായ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് സിപിഎമ്മിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും പാര്‍ട്ടിയെ തകര്‍ക്കുമെന്നും ഫോര്‍വേര്‍ഡ് ബ്‌ളോക്കും ആര്‍എസ്പിയും പറയുന്നു. ഈ നീക്കം രാഷ്ട്രീയപരമായി വലിയ അബദ്ധമാണെന്നാണ് ഫോര്‍വേര്‍ഡ് ബ്‌ളോക്ക് നേതാവ് ദേവപ്രസാദ് ബിശ്വാസ് പറയുന്നത്. ഇത് പാര്‍ട്ടിക്ക് വിനാശം വിതക്കും. അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് രാജ്യമൊട്ടാകെ മരണമടഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് അവരുമായി സഖ്യമുണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നു മാത്രമല്ല ദോഷകരമാകുകയും ചെയ്യും. ഈ നടപടി കോണ്‍ഗ്രസിന് ഗുണകരമാകുകയും ചെയ്യും. ഇതുവഴി സിപിഎം പൂര്‍ണ്ണമായും തകരും. ആര്‍എസ്പി നേതാക്കള്‍ പറയുന്നു. പാര്‍ട്ടി പഌനം പ്രമേയം ചര്‍ച്ച ചെയ്തുവരികയാണ്. ബംഗാളില്‍ സഖ്യമുണ്ടാക്കാനുള്ള അവസാന തീരുമാനം ജനുവരിയില്‍ പാര്‍ട്ടി കൈക്കൊള്ളുമെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിക്കുന്നത്. തെരഞ്ഞെടുപ്പ് തന്ത്രം അതത് സംസ്ഥാന ഘടകങ്ങള്‍ തീരുമാനിക്കും. യെച്ചൂരി പറയുന്നു. 78ലെ പഌീനത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പോലും 2015 ആയിട്ടും നടപ്പാക്കാനായിട്ടില്ലയെന്നത് പാര്‍ട്ടിയുടെ ദൗര്‍ബല്യമാണ് കാണിക്കുന്നത്.കേരളം, ത്രിപുര, ബംഗാള്‍ എന്നിവിടങ്ങള്‍ക്ക് പുറത്തുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും അടിത്തറ കെട്ടിപ്പൊക്കണമെന്നുമാണ് അന്ന് തീരുമാനിച്ചത്. മറ്റൊരിടത്തും പാര്‍ട്ടിയെ ശക്തമാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല കേരളത്തിലും ബംഗാളിലും പാര്‍ട്ടി ദുര്‍ബലമാകുകയും ചെയ്തു. ബംഗാളില്‍ അധികാരം പോയെന്നു മാത്രമല്ല ഇനി അവിടെ ജയിക്കണമെങ്കില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടണമെന്ന അവസ്ഥ വരെ വന്നു കഴിഞ്ഞു. ഇവിടെ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ഇന്ന് വളരെ ശക്തമാണ്. സിപിഎമ്മിന്റെ നല്ലൊരു പങ്ക് വോട്ടും പിടിച്ചെടുക്കുന്നത് ഇന്ന് ബിജെപിയാണ്. അവരാകട്ടെ പുതിയ സംസ്ഥാന പ്രസിഡന്റിനെ നിയമിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിശക്തമായ അങ്കത്തിനാണ് ഒരുങ്ങുന്നത്. കേരളത്തിലെ സ്ഥിതിയും മാറിക്കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി പിടിച്ച വോട്ടുകള്‍ സിപിഎമ്മിന്് വലിയ തലവേദന തന്നെയാണ്. പലയിടങ്ങളിലും ബിജെപിയെ നേരിടാന്‍ ഇടതുമുന്നണി കോണ്‍ഗ്രസുമായും യുഡിഎഫിലെ ചില ഘടക കക്ഷികളുമായും നീക്കുപോക്കിന് ഒരുങ്ങുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.