ഇവര്‍ മനുഷ്യരല്ലെന്നുണ്ടോ?

Tuesday 29 December 2015 9:26 pm IST

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നതാണ്. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സെമിഫൈനല്‍ വിജയം നേടിയതിന്റെയും കെ.എം.മാണി രാജിവച്ചതിന്റെയും വീര്യത്തില്‍ ഇടതുമുന്നണി നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി 93 വയസ്സായ വി.എസ്.അച്യുതാനന്ദനോ പിണറായി വിജയനോ എന്നത് ഇപ്പോഴും ചോദ്യചിഹ്നമാണ്. കൊല്‍ക്കത്ത പ്ലീനത്തിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന സൂചനയില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഫൈനലില്‍ തങ്ങള്‍ ജയിക്കുമെന്നുള്ള വിശ്വാസത്തിലാണ് യുഡിഎഫ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഉമ്മന്‍ചാണ്ടി തന്നെ നയിക്കും എന്നാണല്ലൊ കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന. പക്ഷെ രമേശ് ചെന്നിത്തലയുടെ പേരില്‍ പുറത്തുവന്ന അദൃശ്യമായ കത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണപരമായ പോരായ്മകള്‍ അക്കമിട്ട് നിരത്തുന്നതിനോടൊപ്പം പറയാതെ പറയുന്നത് തന്റെ മുഖ്യമന്ത്രിപദ മോഹമാണ്. എന്നാല്‍ ഭരണത്തുടര്‍ച്ച എന്ന അതിമോഹം യുഡിഎഫില്‍ എക്കാലവും ശക്തമായ ഒരു വികാരമാണ്. ചെന്നിത്തലയുടെ മുഖ്യമന്ത്രിപദമോഹത്തിന് ഇതിനെ മറികടക്കാനാവുമെന്ന് തോന്നുന്നില്ല. ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയുടെ രാജി, മന്ത്രി ബാബുവിനെതിരെ ഉയരുന്ന ശക്തമായ കോഴ ആരോപണം മുതലായവ യുഡിഎഫിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയിരിക്കുന്നു. അധികാരത്തില്‍ എങ്ങനെ തിരിച്ചെത്താമെന്നല്ലാതെ ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നവും കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പരിഗണനാ വിഷയമല്ല. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കുമാത്രം മദ്യം വില്‍ക്കാമെന്ന സുപ്രീംകോടതി വിധി എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കാത്തിരുന്നു കാണണം. ഇനി എന്തെല്ലാം വെളിപ്പെടുത്തലുകള്‍ ബാറുടമകളുടെ ഭാഗത്തുനിന്ന് പ്രത്യേകിച്ച് ബിജു രമേശിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നതാണ് യുഡിഎഫിനെ അങ്കലാപ്പിലാക്കുന്നത്. ഇതിനൊപ്പം ബിജെപി-എസ്എന്‍ഡിപി മുന്നേറ്റം കേരളരാഷ്ട്രീയത്തെ കാവിയണിയിക്കുമോയെന്ന ഭയം ഇടത്-വലത് മുന്നണികളെ ഒരുപോലെ ഗ്രസിച്ചിരിക്കുന്നു. മദ്യനയം സുപ്രീംകോടതി അംഗീകരിച്ചപ്പോള്‍ ടിവിക്കുമുന്നില്‍ ഒരാള്‍ പ്രതികരിച്ചത് ഏതുനയം വന്നാലും കുടിയ്ക്കുന്നവന്‍ കുടിയ്ക്കുമെന്നാണ്. എ.കെ.ആന്റണി ചാരായ നിരോധനം കൊണ്ടുവന്നതിന്റെ പരിണതഫലമായിരുന്നല്ലോ വൈപ്പിന്‍ ദുരന്തം. മദ്യപാനം ഇന്ന് കേരളത്തെ ഗ്രസിച്ചിരിക്കുന്ന ഒരു കാന്‍സര്‍ ആണ്. റോഡപകടങ്ങളും ലൈംഗിക പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളുമെല്ലാം വലിയൊരളവില്‍ മദ്യോപയോഗം മൂലമാണല്ലൊ. ഇതുമൂലം ഇന്ന് വനവാസികളും നശിക്കുന്നു. വാറ്റുചാരായമാണ് അവര്‍ക്ക് വിനയാകുന്നത്. കേരളത്തില്‍ ഇടതു-വലതു മുന്നണികള്‍ ഭരണംകയ്യടക്കാനുള്ള തന്ത്രങ്ങള്‍ മെനയുമ്പോള്‍ അവര്‍ മറന്നുപോകുന്നത് കേരളത്തിലെ വനവാസികളെയാണ്-അവരുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന മാവോയിസ്റ്റ് സാന്നിദ്ധ്യത്തെയാണ്. വനവാസികളുടെ ഇടയില്‍ പെരുകുന്ന അവിവാഹിത അമ്മമാരെ ഇടതു-വലതുമുന്നണികള്‍ ഇത്രകാലവും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. വനവാസികളുടെ പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോഴാണ് മുത്തങ്ങ സമരവും ആറളം സമരവും നില്‍പ്പുസമരവും മറ്റും ഉണ്ടായത്. ചോളനായ്ക്കര്‍, ആളര്‍, അടിയാന്‍, പണിയര്‍ മുതലായ വിഭാഗങ്ങളാണ് വനവാസികളില്‍ ഏറ്റവും ദരിദ്രര്‍. അവരുടെ സാക്ഷരത 23.8 ശതമാനം മാത്രമാണ്. അവര്‍ക്ക് സ്‌കൂളുകളുണ്ടെങ്കിലും അധ്യാപകരില്ല, ക്ലിനിക്കുകള്‍ ഉണ്ടെങ്കിലും ഡോക്ടര്‍മാരില്ല. ഇന്ന് ഇവരുടെ ഇടയില്‍ കാന്‍സര്‍ രോഗവും പടരുകയാണ്. വനവാസികള്‍ക്ക് മാവോയിസ്റ്റുകള്‍ക്ക് ഇടംലഭിക്കുന്നത് അവരുടെ പരാതികള്‍ ചെവിക്കൊള്ളുന്നതിനാലാണ്. വനവാസികള്‍ വികസനത്തിന്റെ ഭാഗമാകാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. പലപേരിലുള്ള പദ്ധതികളുടെ മറവില്‍ ഭൂമാഫിയക്കാരും കയ്യേറ്റക്കാരും വനവാസികളുടെ ഭൂമി കൈവശപ്പെടുത്തുകയാണ്. ഇന്ന് വനവാസികള്‍ക്ക് ഭൂമിയില്ല. രണ്ടില നുള്ളി കറിവെയ്ക്കാന്‍, കിഴങ്ങു മാന്താന്‍, ഒരു കഞ്ഞിക്ക് വിറകെടുക്കാന്‍, മരിച്ചവരെ സംസ്‌കരിക്കാന്‍ അവര്‍ എവിടെ പോകും? പഴയകാലത്തെപ്പോലെ മര്‍ദ്ദനത്തിന് വിധേയരാകേണ്ടെങ്കിലും ഭൂമിയുടെമേലുള്ള അവകാശം നഷ്ടമായി വനവാസികള്‍ അടിമകളായി. അവരുടെ ശ്മശാനം ഇന്ന് റബര്‍ തോട്ടമാണ്. വെള്ളക്കടലാസില്‍ മൂപ്പന്റെ ഒപ്പുവാങ്ങിച്ച് അത് ജന്മികള്‍ സ്വന്തമാക്കി. അവര്‍ ഉപയോഗിച്ചിരുന്ന പൊതുസ്ഥലങ്ങളില്‍ സ്‌കൂളുകളും മാളികകളും കോളേജുകളും പള്ളികളും മോസ്‌ക്കുകളും വന്നു. വനവാസികള്‍ വിഭവശേഖരണം നടത്തിയിരുന്ന സ്ഥലങ്ങളിലാണ് ഇവയെല്ലാം ഉയര്‍ന്നത്. 1940വരെ വയനാട്ടില്‍ ഭൂരിപക്ഷമായിരുന്ന വനവാസിജനത ഇന്നും ന്യൂനപക്ഷമാണ്. ബ്രിട്ടീഷുകാര്‍ ജന്മിമാരെ ഭൂമിയുടെ അധിപരായി അവരോധിച്ചപ്പോള്‍ ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടു. വനങ്ങള്‍ റിസര്‍വ്വ് വനങ്ങളും സംരക്ഷിത വനങ്ങളുമായപ്പോഴും, തോട്ടങ്ങള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുത്തപ്പോഴും നഷ്ടപ്പെട്ടത് വനവാസി ഭൂമിയാണ്. വനവാസികള്‍ സ്വന്തമെന്നപോലെ ഉപയോഗിച്ചിരുന്ന ഭൂമി തട്ടിപ്പറിച്ചത് അവരുടെ അജ്ഞതയും നിരക്ഷരതയും മറ്റും മുതലെടുത്താണ്. ജന്മിമാര്‍ക്ക് വനവാസികള്‍ കാട്ടിലെ മൃഗങ്ങള്‍ക്ക് തുല്യരായിരുന്നു. 1990 മുതല്‍ ആദിവാസികളുടെ നേതൃത്വത്തില്‍ ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം ഉയര്‍ന്നു. അമ്പുകുത്തിയിലും ചിങ്ങേരിയിലും പനവല്ലിയിലും മുത്തങ്ങയിലും എല്ലാം സമരങ്ങള്‍ തുടങ്ങി. സെക്രട്ടറിയേറ്റ് നടയിലും അവര്‍ സത്യഗ്രഹമിരുന്നു. വനവാസികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കേരളം ഭരിച്ച ആരും തയ്യാറായില്ല. ഭരിക്കുന്നവര്‍ക്ക് ഇതിന് സമയമെവിടെ? സ്വന്തം സിംഹാസനങ്ങള്‍ ഉറപ്പിക്കാന്‍ മാത്രമാണ് അവരുടെ ശ്രദ്ധ. വനവാസികള്‍ ആറളത്ത് നടത്തിയ സമരം അവസാനിപ്പിച്ചത് ഭൂമി നല്‍കാമെന്ന വാഗ്ദാനത്തിലാണ്. പക്ഷെ പതിച്ചുകിട്ടിയ ഭൂമി പാറയും വന്യമൃഗഭീഷണിയുള്ള സ്ഥലങ്ങളുമായിരുന്നു. ഇപ്പോള്‍ ചിയമ്പം കയ്യേറിയ വനവാസികള്‍ ഓരോ രണ്ട് സെന്റിലും നാലഞ്ച് കുടുംബങ്ങളാണ് താമസിക്കുന്നത്. 'മരിച്ചാല്‍ കാട്ടില്‍ കുഴിച്ചിടാമല്ലോ' എന്നവര്‍ സമാധാനിക്കുന്നു.വനവാസികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിയ്ക്കപ്പെട്ടില്ലെങ്കില്‍ അവര്‍ ഇനിയും സമരമുഖത്തെത്താം. പക്ഷെ അവര്‍ പട്ടിണി സത്യഗ്രഹം നടത്തിയാലും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കും. വനവാസികളുടെ ഇടയില്‍ അരിവാള്‍രോഗം പടരുകയാണ്. ഇപ്പോള്‍ സി.സി. സരസ്വതി എന്ന വനിത ഈ രംഗത്ത് സജീവമാകുകയും അരിവാള്‍ രോഗികളുടെ സംഘടന രജിസ്റ്റര്‍ ചെയ്ത് സൗജന്യമരുന്നിനുവേണ്ടി സമരം ചെയ്യുകയുണ്ടായി. ഇതിന്റെ ഫലമായി ഇത്തരം രോഗികള്‍ക്ക് സൗജന്യചികിത്സ ലഭ്യമായി. അരിവാള്‍ രോഗികള്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യവും അധികൃതര്‍ പരിഗണിച്ചില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍വച്ച് അരിവാള്‍ രോഗികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും അത് വെറുംവാക്കായിരുന്നു. എന്നും അവഗണനയുടെ ഇരകളായ വനവാസികള്‍ ആരോഗ്യപരമായും സാംസ്‌കാരികമായും പിന്നാക്കമാവുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്തു. വനവാസികള്‍ പലരും ഇന്ന് വിവിധ രോഗങ്ങളുടെ പിടിയിലമര്‍ന്നവരാണ്. നാട്ടുകാര്‍ അവരുടെ സ്ത്രീകളെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികചൂഷണത്തന് വിധേയരാക്കുമ്പോഴാണ് അവിവാഹിതകളായ അമ്മമാര്‍ പെരുകുന്നത്. 2012 മുതല്‍ വനവാസികള്‍ നടത്തിവന്ന പ്രതിഷേധത്തിന്റെ ഫലമായി പട്ടികവകുപ്പിറക്കിയ ധനസഹായം മാത്രമാണ് വനവാസിവിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത്. വിജയലക്ഷ്മി അമ്പലവയല്‍ എന്ന വനിത 'സംഘടിത' എന്ന മാസികയില്‍ പറയുന്നത് വനവാസി ജനവിഭാഗത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കോടികള്‍ ഒഴുകുമ്പോഴും കോരന് കഞ്ഞി കുമ്പിളില്‍തന്നെ എന്നാണ്. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങളില്ല. വനവാസി കോളനികളില്‍ മദ്യപാനവും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും തുടര്‍ക്കഥയാണ്. കോളനികള്‍ക്കടുത്ത് വ്യാജവാറ്റും മദ്യ-മയക്കുമരുന്ന് വില്‍പ്പനയും ലൈംഗിക അതിക്രമങ്ങളും പെരുകുന്നു. കോളനികളിലെ മദ്യാസക്തിക്കെതിരെ 'മദ്യമുക്തി' പദ്ധതി പ്രഖ്യാപിച്ചെങ്കിലും നടപ്പിലായില്ല. വനവാസിസ്ത്രീകളും മദ്യശാലകളിലെത്തി മദ്യംവാങ്ങി വഴിയോരത്തിരുന്ന് മദ്യപിക്കുന്നുവത്രെ. കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നു. അരിവാള്‍രോഗവും കുരങ്ങുപനിയും വനവാസി ഊരുകളെ ഗ്രസിച്ചിരിക്കുന്നു. പക്ഷെ ഭരണസംവിധാനങ്ങള്‍ ഇവിടേക്കെത്തിനോക്കുന്നുപോലുമില്ല. വയനാട് ജില്ലയില്‍ കുരങ്ങുപനി നിര്‍ണയ ലാബ് തുടങ്ങണമെന്ന ആവശ്യം സര്‍ക്കാര്‍ കേട്ട ഭാവംപോലുമില്ല. വനവാസിക്ഷേമ പദ്ധതികള്‍ വെറും പ്രഹസനങ്ങളാണ്. വനവാസികള്‍ കേരളീയരല്ലേ? മനുഷ്യരല്ലേ? മൃഗങ്ങളോടു കാണിക്കുന്ന പരിഗണനപോലും ലഭിക്കാത്തവരാണ് അഭ്യസ്ത-സാംസ്‌കാരിക കേരളത്തിലെ വനവാസികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.