പുല്‍പ്പളളി ചുറ്റുവിളക്കുമഹോല്‍സവത്തിന് കുലകൊത്തലോടെ തുടക്കം

Tuesday 29 December 2015 9:41 pm IST

പുല്‍പ്പളളി : പുരാതന വയനാടന്‍ വനവാസി സമൂഹങ്ങളുടെ വാര്‍ഷിക അനുഷ്ഠാനങ്ങളില്‍ പ്രധനമായ പുല്‍പ്പളളി ചുറ്റുവിളക്കുമഹോല്‍സവത്തിന് ഇന്നലെ വൈകിട്ട് കുലകൊത്തലോടെ തുടക്കമായി. കളനാടി വിഭാഗക്കാരുടെ വെളളാട്ടോടുകൂടി ക്ഷേത്രം കാരയ്മക്കാരായ ഏര്യപ്പളളി, എടമല, യോഗിമൂല ചെട്ടി കാരണവന്‍മാരുടെ നേതൃത്വത്തിലാണ് കുലകൊത്തല്‍ നടന്നത്. രാമായണ കഥകളുമായി ബന്ധപ്പെട്ട സീതാ പരിത്യാഗം,ലവകുശന്‍മാരുടെ ജനനം, അവരുടെ അസ്ത്രാഭ്യാസ പരിശീലനം, യാഗാശ്വബന്ധനം,സീതാദേവിയുടെ അന്തര്‍ധാനം തുടങ്ങി സംഭവ ബഹുലമായ രാമായണ കഥകളുടെ ഓര്‍മ്മപുതുക്കുന്ന അനുഷ്ഠാനങ്ങളും ഈ ആഘോഷങ്ങളുടെ ഭാഗമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ നിലനിന്ന വേടരാജ വാഴ്ചയുടെ ഓര്‍മ്മകളുണര്‍ത്തുന്ന വനവാസി വിഭാഗങ്ങളുടെ വിവിധ കലാരൂപങ്ങളും ഈ ആഘോഷനാളുകളില്‍ അരങ്ങേറുന്നുണ്ട്. മാണ്ടാടന്‍, വയനാടന്‍, ഇടനാടന്‍ ചെട്ടി സമുദായങ്ങളുടെ കോല്‍ക്കളിയും ,പണിയരുടെ വട്ടക്കളിയുമെല്ലാം ഒരനുഷ്ഠാനമെന്നപോലെ ഇവിടെ അവതരിപ്പിക്കാറുണ്ട്. പുരാതന ഗിരി വര്‍ഗ്ഗ കര്‍ഷകരുടെ വിളവെടുപ്പു മഹോല്‍സവം കൂടിയാണ് ഈ ചുറ്റുവിളക്കുല്‍സവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.