വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ഭൂമിയെ സ്‌നേഹിക്കുന്നവര്‍: മേഘാലയ ഗവര്‍ണ്ണര്‍

Tuesday 29 December 2015 10:24 pm IST

തിരുവനന്തപുരം: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ഭൂമിയെ സ്‌നേഹിക്കുന്നവരാണെന്ന് മേഘാലയ ഗവര്‍ണ്ണര്‍ ഷണ്‍മുഖനാഥന്‍. പ്രകൃതിക്കെതിരെ നീങ്ങുമ്പോഴാണ് അവര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. ഇതിനെയാണ് ബോഡോ പ്രശ്‌നം എന്നരീതിയിലൊക്കെ തെറ്റദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകായായിരുന്നു അദ്ദേഹം. സാംസ്‌ക്കാരികമായും സാമൂഹ്യപരവുമായി മുന്നേറിയവരാണ് മേഘാലയിലെയും മണിപ്പൂരിലെയും ജനങ്ങള്‍. വലിപ്പചെറുപ്പമില്ലാതെ എല്ലാവരും വിവിധ ജോലികള്‍ ചെയ്തു ജീവിക്കുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്ല. പ്രകൃതിക്ക് അനുയോജ്യമായ രീതിയിലുള്ള വീടുകളാണ് നിര്‍മ്മിക്കുന്നത്. തൊണ്ണൂറ് ശതമാനം പേരും സത്യത്തിലുറച്ച് ജീവിക്കുന്നവരാണ്. പൂര്‍ണ്ണമായും അവര്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. സ്ത്രീകളും വിദ്യാഭ്യാസപരമായി മുന്നിലാണ്. ഇവിടെത്തപ്പോലെ സ്ത്രീധന സമ്പ്രദായം ഇല്ല. ദൈവം എന്നും വന്നു പോകുന്ന സ്ഥലമെന്നാണ് മേഘാലയിലെയും മണിപ്പൂരിലെയും ജനങ്ങള്‍ വിശ്വസിക്കുന്നത്. അത്ര സുന്ദരമായ കാടുകള്‍ അവിടെ ഉണ്ട്. ദ്വീപിനെ സമുദ്രം ചുറ്റപ്പെട്ടു കിടക്കുന്നതു പോലെയാണ് ബ്രാഹ്മപുത്ര നദി വടക്കുകിഴക്കിന്‍ സംസ്ഥാനങ്ങളെ ചുറ്റപ്പെട്ടുകിടക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ ദക്ഷിണേന്ത്യക്കാര്‍ കുറവാണ്. ധാരാളം വിദേശികള്‍ വന്നു പോകുന്നു. കേരളത്തിലുള്ളവര്‍ മേഘാലയും മണിപ്പൂരും സന്ദര്‍ശിക്കണമെന്നും ഷണ്‍മുഖനാഥന്‍ പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനസമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഗവര്‍ണ്ണര്‍ ഷണ്‍മുഖനാഥന്‍ തിരുവനന്തപുരത്ത് എത്തിയത്. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, റിച്ചര്‍ഡ് ഹെ എംപി, ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സജ്ഞയന്‍, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ എം.എന്‍. മധുസൂദനന്‍പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.