സുപ്രീംകോടതി വിധി;സര്‍ക്കാര്‍ ആശങ്കയില്‍

Tuesday 29 December 2015 10:32 pm IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യംചെയ്ത് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ ബാര്‍ ഉടമകളുടെ നീക്കത്തില്‍ സര്‍ക്കാരിനും കോണ്‍ഗ്രസിനും യുഡിഎഫിനും ആശങ്ക. ബാര്‍ ലൈ സന്‍സുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ ഇനി പുറത്ത് വരുമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയും മറ്റ് ചില ബാര്‍ ഉടമകളും പറഞ്ഞതാണ് യുഡിഎഫ് നേതാക്കളുടെ ഉറക്കം കൊടുത്തുന്നത്. വിഘടിച്ചു നിന്ന ബാര്‍ ഉടമകളെ ഒന്നിപ്പിക്കുന്നതാണ് സുപ്രീം കോടതി വിധി. ഇത് ബാര്‍ ലൈസന്‍സ് വിഷയത്തില്‍ യുഡിഎഫിലെ കൂടുതല്‍ നേതാക്കളുടെ അഴിമതി പുറത്തു കൊണ്ടുവരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍, മുന്‍ധനമന്ത്രി കെ.എം. മാണി എന്നിവര്‍ ആരോപണവിധേയരാണ്. ബാര്‍ക്കോഴ വിവാദത്തില്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശുമായി ശത്രുതയിലുള്ള മന്ത്രി ബാബുവിനെതിരെ വിജലന്‍സിന് മൊഴി നല്‍കാതെ മാറിനിന്ന ബാര്‍ ഉടമകള്‍ ഇനി മാറിച്ചിന്തിക്കും. ബാര്‍ ലൈസന്‍സ് വിഷയം മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് കെപിസിസി പ്രസിഡന്റിന്റെ ഗ്രൂപ്പ് രാഷ്ട്രീയമായിരുന്നു. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നീങ്ങിയത് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ എത്തുകയും ഒടുവില്‍ കേരള കോണ്‍ഗ്രസിലെ പ്രബല നേതാവിന്റെ മന്ത്രിസ്ഥാനം വരെ തെറിപ്പിക്കുകയും ചെയ്തു. നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചുപൂട്ടണം എന്ന കോടതിവിധിയോടെയാണ് ബാര്‍കോഴ വിവാദം പുറംലോകം അറിയുന്നത്. നിലവാരമുള്ള ബാറുകള്‍ തുറന്ന് കൊടുക്കാമെന്ന് എക്‌സൈസ് മന്ത്രി ബാബുവിന്റെ നിര്‍ദ്ദേശം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നു. നിമയവകുപ്പിന്റെ മതിയായ പരിശോധന ഇല്ലാതെയാണ് വിഷയം മന്ത്രിസഭായോഗത്തില്‍ വന്നതെന്ന് മാണി കുറ്റപ്പെടുത്തി. ഇതേ തുടര്‍ന്ന് തീരുമാനം മാറ്റിവച്ചു. നിയമ വകുപ്പ് സെക്രട്ടറി മന്ത്രി മാണിയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചെങ്കിലും കേരള കോണ്‍ഗ്രസ് യോഗം ലൈസന്‍സ് പുതുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സുധീരന്‍ നിലപാട് വീണ്ടും കടുപ്പിച്ചതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മദ്യലോബിയുടെ ആളാണെന്ന് വന്നു. വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നു. അതോടെ തന്റെ നിലപാട് കടുപ്പിച്ച് 730 ബാറുകളും പൂട്ടാനുള്ള നിര്‍ദ്ദേശം യുഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കോഴ വിവാദവും തലപൊക്കി. മാണിയെ അനുനയിപ്പിക്കാന്‍ ബാര്‍ ഉടമകള്‍ പണം പിരിച്ച് നല്‍കി എന്നായിരുന്നു പ്രധാന ആരോപണം. ഇതിലേക്കായി ബാര്‍ ഉടമകളില്‍ നിന്ന് രണ്ടുലക്ഷം രൂപവീതം പിരിച്ചെടുത്തിരുന്നു. ധനമന്ത്രിക്ക് വീട്ടില്‍ കൊണ്ടുപോയി തുക നല്‍കി എന്നും ബാര്‍ ഉടമയായ ബിജുരമേശ് വെളിപ്പെടുത്തി. വിവാദം പ്രതിപക്ഷകക്ഷികള്‍ ഏറ്റെടുത്തതോടെ ബാര്‍ക്കോഴ നിയമസഭ സമ്മേളനങ്ങളെയും യുദ്ധക്കളമാക്കി. മാണിയുടെ ബജറ്റ് അവതരണം കൈയ്യാങ്കളിയിലായിരുന്നു. ഇതിനിടയില്‍ ബാര്‍ക്കോഴ വിജിലന്‍സ് അന്വേഷണത്തിലുമായി. മാണിക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയ ആഭ്യന്തരവകുപ്പ് എന്തു കൊണ്ട് ആരോപണവിധേയനായ മന്ത്രി ബാബുവിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് കേരള കോണ്‍ഗ്രസ്സ് നേതാക്കള്‍ തുറന്നടിച്ചു. ബാബുവിനെതിരെ തെളിവുകള്‍ ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. സുപ്രീംകോടതി വിധിയോടെ മന്ത്രി ബാബുവിനെതിരെ ബാറുടമകള്‍ മൊഴി നല്‍കാന്‍ തയ്യാറായാല്‍ ബാബുവും രാജിവയ്‌ക്കേണ്ടിവരും. ഇതോടെ കെപിസിസി പ്രസിഡന്റിനെതിരെയുള്ള യുദ്ധപ്രഖ്യാപനവുമായി നേതാക്കള്‍ രംഗത്തിറങ്ങും. ബാറുകള്‍ പൂട്ടിയതിനൊപ്പം 25,000 തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ചാരായ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ അതേ അവസ്ഥയാണ് ബാര്‍ തൊഴിലാളികള്‍ക്കും ഉണ്ടായിരിക്കുന്നത്. അന്ന് പുനരവധിവാസം കുറക്കേൂടി എളുപ്പമായിരുന്നു. എന്നാല്‍ ഇനി അത് അത്ര എളുപ്പമല്ല. എവിടെ പുനരധിവസിപ്പിക്കുമെന്നാണ് ചോദ്യം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.