പൗരാണിക ശാസ്ത്രത്തില്‍ ആഴമേറിയ പഠനം വേണം: മോഹന്‍ ഭാഗവത്

Tuesday 29 December 2015 10:56 pm IST

 


ആലുവ തന്ത്രവിദ്യാപീഠത്തിന്റെ ശൈക്ഷണിക കേന്ദ്രത്തിന്റെയും അതിഥിമന്ദിരത്തിന്റെയും താക്കോല്‍ ആര്‍എസ്എസ്
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് കൈമാറുന്നു. പത്മശ്രീ വി.ആര്‍. ഷെട്ടി,
അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്, സിനിമാതാരം ദേവന്‍ എന്നിവര്‍ സമീപം.

കൊച്ചി: ഭാരതത്തിന്റെ പൗരാണിക ശാസ്ത്രത്തില്‍ ആഴമേറിയ പഠനം അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. പാരമ്പര്യ ശാസ്ത്ര വിധികളില്‍ ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കണം. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സൃഷ്ടിക്കണം. ആലുവ തന്ത്രവിദ്യാപീഠത്തില്‍ ശൈക്ഷണിക കേന്ദ്രത്തിന്റെയും അതിഥിമന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക ശാസ്ത്രത്തിന്റെ സൃഷ്ടിയായ ആഗോളതാപനം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഭാരതത്തിന്റെ പൗരാണിക ശാസ്ത്രത്തിലുണ്ട്. ആധുനിക ശാസ്ത്രത്തില്‍ ഒട്ടനവധി നേട്ടങ്ങള്‍ കൈവരിച്ച പാശ്ചാത്യരാജ്യങ്ങള്‍ പോലും ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഭാരതത്തിന്റെ ആദ്ധ്യാത്മികതയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണിപ്പോള്‍. ആധ്യാത്മിക ശാസ്ത്രത്തിന്റെയും ആധുനിക ശാസ്ത്രത്തിന്റെയും അറിവുകള്‍ സംയോജിപ്പിച്ചാല്‍ ലോകത്ത് സമാധാനവും ഐശ്വര്യവും കൊണ്ടുവരാന്‍ സാധിക്കും. ഇത് ഭാരതത്തിന്റെ ചുമതലയാണ്. ഇതിന് തന്ത്രവിദ്യാപീഠം പോലുള്ള സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്.

പൗരാണികവും സ്വദേശീയവുമായ എന്തിനെയും നിഷേധിക്കുന്നത് ഇന്ന് ഫാഷനായി മാറിയിരിക്കുന്നു. ഇത് ആധുനികലോകമാണെന്നും ശാസ്ത്രത്തെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും ഇവര്‍ പറയുന്നു. ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കാന്‍ ശാസ്ത്രം അറിഞ്ഞിരിക്കണം. അതുപോലെ വേദങ്ങളും തന്ത്രവിദ്യകളും തെറ്റാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് അത് തെളിയിക്കാനുള്ള ബാധ്യതയുണ്ട്. അല്‍പജ്ഞാനികളാണ് വേദത്തെ തള്ളിക്കളയുന്നത്. ആധുനിക ശാസ്ത്രത്തിനും പൗരാണിക ശാസ്ത്രത്തിനും അതിന്റേതായ മൂല്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്ത്രവിദ്യാപീഠം പ്രസിഡന്റ് അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ഉത്രാടം തിരുനാള്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ജി. രാജ്‌മോഹന്‍ ആമുഖപ്രഭാഷണവും സിനിമാതാരം ദേവന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അനുസ്മരണ പ്രഭാഷണവും നടത്തി. എന്‍.എം.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി പത്മശ്രീ വി.ആര്‍. ഷെട്ടി, പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍, യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡണ്ട് സുധീര്‍കുമാര്‍ ഷെട്ടി, ജെ.ആര്‍. ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി ഡോ.പുരുഷോത്തമ റെഡ്ഡി, ബാലകൃഷ്ണ, രാജേഷ്‌കുമാര്‍, ജെ.ആര്‍. എയ്‌റോലിങ്ക് എംഡി അനില്‍പിള്ള എന്നിവര്‍ സംസാരിച്ചു. പ്രോഫ.പി.എം. ഗോപി സ്വാഗതവും എന്‍. ബാലമുരളി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.