റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

Tuesday 29 December 2015 11:08 pm IST

കോതമംഗലം: 28-ാമത് എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കോതമംഗലത്ത് തിരിതെളിഞ്ഞു. കോതമംഗലം മാര്‍ ബേസില്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ടി.യു. കുരുവിള എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു അദ്ധ്യക്ഷത വഹിച്ചു. എം.ജി. രാജമാണിക്യം മുഖ്യപ്രഭാഷണം നടത്തി. 'എ' പ്ലസ് നേടുന്നതിലല്ല കുട്ടികളുടെ കഴിവ്. അവരുടെ ഉള്ളില്‍ അന്തര്‍ലീനമായികിടക്കുന്ന കഴിവ് പുറത്തെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിഡിഇ എം.കെ. ഷൈമോന്‍ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ പി. സാജു നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ നിശ്ചലദൃശ്യങ്ങള്‍, ബാന്റ്‌മേളം, മുത്തുകുടകള്‍, എസ്പിസിപരേഡ്, വ്യത്യസ്ത കലാരൂപങ്ങള്‍ എന്നിവ സാംസ്‌കാരികഘോഷയാത്രയ്ക്ക് മിഴിവേകി. സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ മുല്ലപ്പെരിയാര്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ടാബ്ലോ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. 14 സബ്ജില്ലകളില്‍ നിന്നായി ആറായിരത്തില്‍പരം കൗമാര കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ജില്ലാ കലോത്സവത്തിന് ഇന്നലെ മാര്‍ ബേസില്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ തിരശ്ശീല ഉയര്‍ന്നു. പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. ഷൈമോന്‍ പ്രധാനവേദിയായ മാര്‍ബേസില്‍ എച്ച്എസ്‌സ്‌കൂള്‍ അങ്കണത്തില്‍ പതാക ഉയര്‍ത്തിയതോടെയാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവത്തിന് അരങ്ങുണര്‍ന്നത്. രാവിലെ 8ന് സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ബാന്റ്‌മേളം മത്സരവും, 9.30ന് സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് എച്ച്എസ്എസില്‍ ചവിട്ടുനാടക മത്സരങ്ങളും, മാര്‍ബേസില്‍ സ്‌കൂളില്‍ രചനാമത്സരങ്ങളും അരങ്ങേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.