കുന്നത്തൂര്‍: സ്വകാര്യവ്യക്തി കടയുടെ നിര്‍മ്മാണത്തിനായി ആറ് മാസം മുമ്പ് പൊളിച്ചുമാറ്റിയ പഞ്ചായത്ത് കിണറിന്റെ പുനര്‍നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ബിജെപി പോരുവഴി പഞ്ചായത്ത് സമിതി പോലീസിനും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്കി. ചക്കുവള്ളി ജംഗ്ഷനിലെ പഞ്ചായത്ത് കിണര്‍ ആറുമാസം മുമ്പാണ് കാരൂര്‍ അബ്ദുള്‍ സലീം എന്ന വ്യക്തി തന്റെ കടയുടെ നിര്‍മ്മാണത്തിനായി പൊളിച്ചുമാറ്റിയത്. ഇത് ബിജെപിയുടെയും മറ്റും നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
തുടര്‍ന്ന് കേസാകുകയും കിണര്‍ പഴയരീതിയില്‍ നിര്‍മ്മിച്ച് നല്കാന് ശാസ്താംകോട്ട മുന്‍സിഫ് കോടതി ഉത്തരവ് നല്‍കുകയും ചെയ്തു. എന്നാല്‍ ഉത്തരവ് പ്രകാരം കിണര്‍ നേരത്തെ ഉണ്ടായിരുന്ന വൃത്താകൃതിയില്‍ നിന്നും മാറ്റി സ്വകാര്യവ്യക്തിയുടെ സൗകര്യാര്‍ത്ഥം ഡി ആകൃതിയില്‍ പുനര്‍ നിര്‍മ്മിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബിജെപി പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് അനിക്കുറുപ്പ് കഴിഞ്ഞദിവസം പണി തടയുകയും ശൂരനാട് പോലീസിന് പരാതി നല്‍കുകയുമായിരുന്നു. കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് ബിജെപി ചൂണ്ടിക്കാണിക്കുന്നു. ശൂരനാട് പോലീസ് ഇതു സംബന്ധിച്ച് കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: