പുന്നപ്ര മുപ്പതുംപാടം വ്യാപകമായി നികത്തുന്നു പഞ്ചായത്ത് നോക്കുകുത്തി

Wednesday 30 December 2015 8:05 pm IST

ആലപ്പുഴ: അധികൃതരുടെ ഒത്താശയോടെ പുന്നപ്ര വടക്കുപഞ്ചായത്തില്‍ നിലം നികത്തല്‍ വ്യാപകമായി. പഞ്ചായത്ത്, റവന്യൂ അധികൃതര്‍ ഒത്താശ ചെയ്യുന്നതായി ആക്ഷേപം. വടക്കു പഞ്ചായത്ത് നാലാം വാര്‍ഡില്‍ പേരൂര്‍ കോളനിക്കു സമീപത്തെ മുപ്പതുംപാടമാണ് വ്യാപകമായി നികത്തുന്നത്. ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ള ഒരു വ്യവസായിയും മറ്റൊരാളുമാണ് നിയമം ലംഘിച്ച് നിലം നികത്തുന്നത്. ജില്ലാകളക്ടറുടെ അനുമതിയോടെയാണ് നിലം നികത്തുന്നതെന്നാണ് ഇവര്‍ നാട്ടില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടു. പാടശേഖരത്തിന്റെ മുക്കാല്‍ഭാഗത്തോളം നികത്തിക്കഴിഞ്ഞു. കഴിഞ്ഞദിവസം ബിജെപി പ്രവര്‍ത്തകരെത്തി നിലംനികത്തല്‍ തടയുകയായിരുന്നു. വില്ലേജ്ആഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. ആലപ്പുഴ ബൈപാസിനായി പൈലിങ് നടത്തുമ്പോഴുള്ള അവശിഷ്ടങ്ങള്‍ എത്തിച്ചാണ് ഇവിടെ നിലം നികത്തുന്നത്. മാരകമായ കെമിക്കലുകള്‍ കലര്‍ന്ന ചെളിയും മറ്റും ഇവിടെ തള്ളുന്നത് പ്രദേശത്ത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കിടയാക്കും. നേരത്തെ ബീച്ചിനു സമീപത്തുതന്നെ മാലിന്യം തള്ളിയപ്പോള്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പട്ടികജാതി വിഭാഗങ്ങള്‍ ഏറെ താസമിക്കുന്ന കോളനിക്കു സമീപമുള്ള പാടശേഖരത്തില്‍ തള്ളുന്നത്. പുന്നപ്ര വടക്കുപഞ്ചായത്ത് പ്രസിഡന്റു പ്രതിനിധീകരിക്കുന്ന വാര്‍ഡു കൂടിയാണിത്. പരാതി നല്‍കിയിട്ടും പഞ്ചായത്തും പ്രശ്‌നത്തില്‍ ഇടപെടാത്തതില്‍ ദുരൂഹതയുണ്ട്. നിലം നികത്തലിനെതിരെ ശക്തമായ സമരം നടത്തുമെന്ന് ബിജെപി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.