വിദ്യാനികേതന്‍ സംസ്ഥാന കലോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Wednesday 30 December 2015 8:10 pm IST

മാവേലിക്കര: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠത്തില്‍ ആരംഭിച്ചു. ജനുവരി എട്ട്, ഒന്‍പത്, പത്ത് തീയതികളിലാണ് കലോത്സവം നടക്കുന്നത്. പ്രധാന വേദിയും ഭക്ഷണ ശാലയുമുള്‍പ്പെടെ പത്ത് പന്തലുകളുടെ നിര്‍മ്മാണങ്ങള്‍ ആരംഭിച്ചു. സ്‌കൂളിന് മുന്‍പിലെ മൈതാനത്താണ് പ്രധാനവേദി നിര്‍മ്മിക്കുന്നത്. മൂവായിരം പേര്‍ക്ക് ഇരുന്ന് പരിപാടികള്‍ കാണുവാന്‍ സാധിക്കുന്ന വിധത്തിലുള്ള വലിയ പന്തലാണ് തയ്യാറാക്കുന്നത്. സ്‌കൂളിനുള്ളിലും പിന്‍ഭാഗത്തുള്ള സ്ഥലത്തുമാണ് മറ്റു വേദികളുടെ ക്രമീകരണം. പൊന്നാരംതോട്ടം ദേവീക്ഷേത്രത്തിനു പിന്‍ഭാഗത്തുള്ള സ്ഥലത്താണ് ഭക്ഷണത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു സമയം 1500 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന രീതിയിലുള്ള പന്തലാണ് ഒരുക്കുന്നത്. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് പാചകം. ഭക്ഷണം ഒരുക്കുന്നതിനുള്ള വിഭവങ്ങളുമായി കലവറ നിറയ്ക്കല്‍ ഘോഷയാത്ര അഞ്ചിന് ഉച്ചയ്ക്ക് 2.30ന് കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് സ്‌കൂളില്‍ എത്തിച്ചേരും. എട്ടിന് ഉച്ചക്ക് 2.30ന് ബുദ്ധ ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്ര നഗരം ചുറ്റി വിദ്യാധിരാജ സ്‌കൂളില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സഭയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ചലച്ചിത്ര-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 10ന് വൈകിട്ട് നാലിന് കലോത്സവം സമാപിക്കും. കലോത്സവ വിജയത്തിനായി വിപുലമായ സ്വാഗത സംഘത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.