ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അയല്‍വാസി പിടിയില്‍

Wednesday 30 December 2015 9:05 pm IST

ചെറുതോണി: ഗൃഹനാഥനെ വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തു. നെടുങ്കണ്ടം ചക്കക്കാനം കുരിശുമല ഭാഗത്ത് താമസിക്കുന്ന വടക്കേല്‍ വിനോയി (41)നെയാണ് അയല്‍വാസിയായ ശവപ്പെട്ടി ബിനോയി എന്നു വിളിക്കുന്ന ചേനപ്പാടി ബിനോയി വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലേമുക്കാലിന് വീടിനുസമീപമാണ് സംഭവം. നെടുങ്കണ്ടത്തിനു പോകാനായി വീട്ടില്‍നിന്നും പുരയിടത്തിലൂടെ റോഡിലേക്ക് വന്ന വിനോയിയെ ജീപ്പില്‍ വന്ന പ്രതി ബിനോയി വാക്കത്തിക്ക് വെട്ടുകയായിരുന്നു. തലവെട്ടിച്ചുമാറ്റിയതിനാല്‍ വലത്കണ്ണിനു താഴെയാണ് വെട്ടേറ്റത്. കുതറിമാറിയ വിനോയിയുടെ പിന്നാലെ വന്ന് ഇയാള്‍ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ദേഹമാസകലം വെട്ടേറ്റു. വാക്കത്തിക്ക് മൂര്‍ച്ച കുറവായിരുന്നതിനാലും ദേഹത്തുണ്ടായ മുറിവ് ആഴമുള്ളതായില്ല. നാട്ടുകാര്‍ വിനോയിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ തടസം നിന്നതായും പറയുന്നു. വഴി തര്‍ക്കത്തിന്റെ പേരില്‍ ഇരുവരും പിണക്കത്തിലായിരുന്നു. നാളുകള്‍ക്ക് മുന്‍പ് വിനോയിയുടെ ഒമ്പതു വയസുള്ള പെണ്‍കുട്ടി സ്‌കൂളില്‍ പോയപ്പോള്‍ ജീപ്പിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ ഇടുക്കി എസ്.പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ കേസ് പോലീസിന്റെ നിര്‍ബന്ധത്തില്‍ സ്റ്റേഷനില്‍ രമ്യതയിലാവുകയായിരുന്നു. സംഭവദിവസം നിരവധിപേര്‍ കുടിവെള്ളത്തിനുപയോഗിക്കുന്ന ഹോസ് ജീപ്പ് കയറ്റി ബിനോയി നശിപ്പിച്ചു. ഇത് അന്വേഷിക്കാന്‍ ചെന്നതായിരുന്നു വിനോയി. തനിക്കെതിരെ കേസുകൊടുക്കുമോയെന്നു ചോദിച്ച് വാഹനത്തില്‍ കരുതിയിരുന്ന വാക്കത്തിയുമായി നിന്നെ കൊല്ലുമെന്നു ഭീഷണിമുഴക്കിയാണ് ബിനോയി തലക്ക് വെട്ടിയതെന്നും വിനോയി പറഞ്ഞു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ വിനോയിയെ പിന്നീട് വിധഗ്ദ ചികില്‍സക്കായി ഇടുക്കി മെഡിക്കല്‍ കോളജാശുപത്തിയിലേക്ക് മാറ്റിയിരിക്കയാണ്. പ്രതിയായ ബിനോയിയെ രാത്രി തന്നെ പോലീസ് പിടികൂടിയിരുന്നുവെങ്കിലും പിറ്റേന്ന് രാവിലെ തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. നെടുങ്കണ്ടം പോലീസ് കേസന്വേഷണം അട്ടിമറിക്കുകയാണെന്നും പുനരന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് വിനോയി ഇടുക്കി എസ്.പി.ക്ക് പരാതി നല്‍കിയിരിക്കയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.