ചെറുതോണി: ടൗണില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന വാഹന പരിശോധനയില്‍ മോഷ്ടിച്ച ബൈക്കുകളില്‍ സഞ്ചരിക്കുകയായിരുന്ന മണിയാറന്‍കുടി സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളെയാണ് പോലീസ് പിടികൂടിയത്. ചെറുതോണി വഞ്ചിക്കവലയില്‍ നിന്നും മോഷ്ടിച്ചെടുത്ത ബൈക്കുമായി കട്ടപ്പനയ്ക്കു പോയ ഇവര്‍ അവിടെ നിന്നും മോഷ്ടിച്ചെടുത്ത മറ്റൊരു ബൈക്കുമായി തിരികെ വരികയായിരുന്നു. സംശയം തോന്നിയ ഇവരെ പോലീസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോഷ്ടിച്ച വാഹനങ്ങളാണെന്ന് തെളിഞ്ഞത്. ഇതിനിടയില്‍ വഞ്ചിക്കവലയില്‍ നിന്നും ബൈക്ക് മോഷണം പോയ വിവരം ഉടമയായ നെടുംതൊട്ടി പുത്തന്‍പുരയില്‍ ടിയോ ഇടുക്കി പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ വാഹനമാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്. കൗമാരക്കാരായ പ്രതികള്‍ സ്ഥിരം മോഷ്ടാക്കളാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായാതായി എസ്ഐ എസ് ഷൈന്‍ പറഞ്ഞു.നിരോധിത മയക്കുമരുന്ന് വില്‍പ്പനകളിലും ഇവര്‍ പങ്കാളികളാണ്. അറസ്റ്റിലായ കുട്ടി കുറ്റവാളികളെ ഇന്നലെ വൈകിട്ട് തൊടുപുഴയിലെ ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കി. എസ് ഐ ജോണ്‍ സെബാസ്റ്റ്യന്‍, സി പി ഒ മാരായ വിനോദ് കുമാര്‍, സജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: