ഫോക്‌ലോര്‍ പുരസ്‌കാര സമര്‍പ്പണം 1 ന്

Wednesday 30 December 2015 10:04 pm IST

കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2014 വര്‍ഷത്തെ പുരസ്‌കാര സമര്‍പ്പണം ജനുവരി 1 ന് പുതുവല്‍സര ദിനത്തില്‍ കണ്ണൂരില്‍ നടക്കും. 6 ഫെലോഷിപ്പുകളും , 41 അവാര്‍ഡുകളും, 20 ഗുരു പൂജ പുരസ്‌കാരങ്ങളും, 15 യുവ പ്രതിഭാ പുരസ്‌കാരങ്ങളും, ഫോക്‌ലോര്‍ ഗ്രന്ഥ രചനയ്ക്കും, എം.എ ഫോക് ലോര്‍ റാങ്ക് ജേതാവിനും ഓരോ അവാര്‍ഡും വീതമാണ് നല്‍കുന്നത്. കേരളത്തിലെ 14 ജില്ലകളിലേയും നാടന്‍ കലാരൂപങ്ങളെ പരിഗണിച്ചതു കൂടാതെ ചരിത്രത്തിലാദ്യമായി 10 ഓളം ആദിവാസി കലാകാരന്‍മാരെയും അവാര്‍ഡിനായി തെരഞ്ഞെടുത്തു എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത ജനുവരി 1 ന് വൈകുന്നേരം 5 മണിക്ക് എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ യുടെ അധ്യക്ഷതയില്‍ മന്ത്രി കെ.സി.ജോസഫ് പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിക്കും. പി.കെ.ശ്രീമതി എം.പി മുഖ്യാതിഥിയാകും. അക്കാദമി നിര്‍വ്വാഹക സമിതിയംഗം ഡോ.എന്‍.ജയരാജ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. സാംസ്‌കാരികവകുപ്പു സെക്രട്ടറി റാണി ജോര്‍ജ്ജ് ആമുഖഭാഷണം നടത്തും. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, സുരേഷ് കൂത്തുപറമ്പ്, പി.പി.ദാമോദരന്‍ മാസ്റ്റര്‍, ഒ.എം.കരുവാരക്കുണ്ട് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് അവാര്‍ഡു ജേതാക്കള്‍ നേതൃത്വം നല്‍കുന്ന ചരടുകുത്തി കളി, കോല്‍ക്കളി, കളരിപ്പയറ്റ്, ചവിട്ടുനാടകം, ദഫ്മുട്ട്, നാടന്‍ പാട്ടുകള്‍ തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്, സെക്രട്ടറി എം. പ്രദീപ് കുമാര്‍ എന്നിവര്‍ അറിയിച്ചു. ഫോക്‌ലോര്‍ അക്കാദമിക്കു വേണ്ടി ഡോ.ഗീത.പി.കോറമംഗലം രചിച്ച തെയ്യത്തിലെ സാമൂഹ്യവല്‍കരണവും സമയീകരണവും എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.