ഫോര്‍ട്ട്‌കൊച്ചിയിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

Wednesday 30 December 2015 10:34 pm IST

മട്ടാഞ്ചേരി: കാര്‍ണിവല്‍ പുതുത്സരാഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ഫോര്‍ട്ട്‌കൊച്ചിയില്‍ നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിരവധി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഫോര്‍ട്ട്‌കൊച്ചിയിലെ ഹോട്ടലുകള്‍, തട്ട് കടകള്‍, താല്‍ക്കാലിക ബജി വില്‍പ്പന ശാലകള്‍ എന്നിവിടങ്ങളിലാണ് സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഫോര്‍ട്ട്‌കൊച്ചി ജങ്കാര്‍ ജെട്ടിക്ക് സമീപത്തെ ഹോട്ടലില്‍ പരിശോധന നടത്തിയ അധികൃതര്‍ മോശം സാഹചര്യത്തെ തുടര്‍ന്ന് നോട്ടീസ് നല്‍കി. ഫോര്‍ട്ട്‌കൊച്ചി വാസ്‌ക്കോഡ ഗാമ സ്‌ക്വയറിലെ നഗരസഭ അനുവദിച്ച താല്‍ക്കാലിക ബജി വില്‍പ്പന ശാലയില്‍നിന്നും ചീഞ്ഞതും പുഴുവരിക്കുന്നതുമായ ബജി, ക്വാളി ഫ്‌ളവര്‍, അച്ചാര്‍ ഉള്‍പ്പെടെ ദിവസങ്ങള്‍ പഴക്കമുള്ള സാധനങ്ങളും പിടിച്ചെടുത്തു. ഭക്ഷണ സാധനങ്ങള്‍ അലക്ഷ്യമായാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്നും എലിയും മറ്റ് ഇഴ ജന്തുക്കളും ഇതില്‍ നടന്നിരുന്നതായും ശശികുമാര്‍ പറഞ്ഞു. പതിനാറോളം കടകളിലാണ് ഇന്നലെ പരിശോധന നടന്നത്. പതിനൊന്ന് അംഗ പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്. പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദേവസ്യ, നൗഷാദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സാംസണ്‍, ജയകൃഷ്ണന്‍ എന്നിവരും പരിശോധനക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.